‘ആര്‍ത്തവത്തെ ഭയക്കുന്ന ദൈവം ആനപ്പിണ്ടത്തെ ഭയക്കാത്തതാണ് ആനകള്‍ക്ക് വിനയായത് ‘; ഫേസ്ബുക്ക് പോസ്റ്റിട്ട റിമക്കെതിരെ സംഘപരിവാറിന്റെ അസഭ്യവര്‍ഷം

പൂരങ്ങളിലെ ആന എഴുന്നെള്ളിപ്പിനെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട നടി റിമ കല്ലിങ്ങലിനെതിരെ സംഘപരിവാര്‍ അനുകൂലപ്രവര്‍ത്തകരുടെ അസഭ്യവര്‍ഷം. ‘ആര്‍ത്തവത്തെ ഭയക്കുന്ന ദൈവം ആനപ്പിണ്ടത്തെ ഭയക്കാത്തതാണ് ആനകള്‍ക്ക് വിനയായത് ‘ യക്ഷന്‍ ക്വാട്ട്‌സ് എന്ന പേജിലെ ഈ പോസ്റ്റാണ് റിമ തന്റെ ടൈംലൈനില്‍ പോസ്റ്റ് ചെയ്തത്.

ആന എഴുന്നള്ളിപ്പിനെ വിമര്‍ശിക്കുന്ന വരികളെ ആര്‍ത്തവവുമായി ബന്ധപ്പെടുത്തി ക്ഷേത്ര സംസ്‌കാരത്തെ അവഹേളിക്കുന്നു എന്ന് ആരോപിച്ചാണ് ബിജെപി- ആര്‍എസ്എസ് അനുകൂലികള്‍ രംഗത്തെത്തിയത്. അശ്ലീലച്ചുവയുള്ള പ്രതികരണങ്ങളും പ്രസിദ്ധീകരണ യോഗ്യമല്ലാത്തതുമായ
കമന്റുകളാണ് റിമക്കെതിരെ പോസ്റ്റില്‍ നിറഞ്ഞിരിക്കുന്നത്. ഏപ്രില്‍ 19നാണ് റിമ ഇത് ടൈംലൈനില്‍ പോസ്റ്റ് ചെയ്തത്. ദിവസങ്ങള്‍ക്ക് ശേഷവും താരത്തിനെതിരെ തെറിയഭിഷേകമാണ് നേരിടേണ്ടി വരുന്നത്. 2300ല്‍ അധികം കമന്റുകളാണ് പോസ്റ്റിന് കീഴില്‍ വന്നിരിക്കുന്നത്.

ഒരു ഓണ്‍ലൈന്‍ മാധ്യമവും ഈ പോസ്റ്റിനെ തെറ്റായി വ്യാഖ്യാനിച്ച് റിമക്കെതിരെ വാര്‍ത്ത കൊടുത്തിരുന്നു. അതിന് പിന്നാലെയാണ് അസഭ്യവര്‍ഷം കൂടിയത്.

പരവൂര്‍ വെടിക്കെട്ടു ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വെടിക്കെട്ടു നിരോധനവും ആനകളെ പീഡിപ്പിക്കുന്നതും സംബന്ധിച്ച് ഏറെ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് റിമയുടെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ആര്‍ത്തവകാലത്തു സ്ത്രീകള്‍ക്കു ആരാധനാലയങ്ങളില്‍ പ്രവേശനം നിഷേധിക്കുന്നതും ഘോഷയാത്രകളിലും മറ്റും ആനകള്‍ അനുഭവിക്കുന്ന പീഡനവും വലിയ ചര്‍ച്ചയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here