ദമ്മാം: മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാർ അടക്കമുള്ള അഞ്ഞൂറോളം തൊഴിലാളികൾ സൗദിയിൽ അഞ്ചുമാസമായി ശമ്പളമില്ലാതെ ദുരിതത്തിൽ. റിയാദ് ആസ്ഥാനമായി പ്രവർത്തിയ്ക്കുന്ന പ്രമുഖ കോൺട്രാക്ടിങ്ങ് കമ്പനിയിലെ ദമാമിലുളള ജോലിക്കർ ദുരിതത്തിലായതിനെത്തുടർന്നു നിയമനടപടിക്കൊരുങ്ങുകയാണ്. ദമ്മാമിലെ ഒരു വലിയ പ്രൊജക്ടിലേക്കു കൊണ്ടുവന്ന ഇവർക്കു നല്ല താമസ സൗകര്യങ്ങളോ, ജീവിതസാഹചര്യങ്ങളോ കമ്പനി നല്കിയിട്ടുമില്ല.
സാമ്പത്തിക പ്രതിസന്ധിയുടെ പേരു പറഞ്ഞാണ് കമ്പനി ശമ്പളവും ആനുകൂല്യങ്ങളും അഞ്ചുമാസമായി തടഞ്ഞുവച്ചിരിക്കുന്നത്. കാലാവധി പൂർത്തിയായ തൊഴിലാളികളെ അവധിക്ക് വിടുക പോലും ചെയ്യാറില്ലായിരുന്നു. പല പ്രാവശ്യവും കമ്പനി അധികൃതരോട് പരാതിപ്പെട്ടിട്ടും നിഷേധാത്മമായ നിലപാടായിരുന്നു അവർ സ്വീകരിച്ചത്. തുടർന്നാണ് ഇന്ത്യക്കാരായ 76 പേർ അൽ കോബാർ ,റാക്കയിലുളള ഇന്ത്യൻ എംബസ്സി വി.എഫ്.എസ് ഹെൽപ്ഡെസ്‌കിൽ എത്തി പരാതി അറിയിച്ചത്.
ലേബർ ക്യാമ്പ് സന്ദർശിച്ച ഇന്ത്യൻ എംബസ്സി വോളന്റിയർമാർ തൊഴിലാളികളുടെ ദയനീയമായ അവസ്ഥ നേരിട്ടു മനസ്സിലാക്കി. ഈ തൊഴിലാളികളെ കൊണ്ട് ലേബർ കോടതിയിൽ കേസ് കൊടുക്കാൻ നിർദ്ദേശിച്ച ഇന്ത്യൻ എംബസ്സി, അതിനുള്ള ചുമതല ഇന്ത്യൻ എംബസ്സി വോളന്റീറും, ജീവ കാരുണ്യ പ്രവർത്തകനുമായ ഷാജി മതിലകത്തെ ഏൽപ്പിച്ചു. ഈ കമ്പനി റിയാദ് ആസ്ഥാനമായി പ്രവർത്തിയ്ക്കുന്നതിനാൽ എല്ലാ തൊഴിലാളികളുടെയും ഇഖാമ (സൗദി താമസാനുമതി രേഖ)റിയാദിലായിരുന്നു റജിസ്റ്റർ ചെയ്തിരുന്നത്. അതിനാൽ കേസ് കൊടുക്കാൻ റിയാദ് ലേബർ കോടതിയിൽ പോകേണ്ടി വരും എന്നൊരു നിയമപ്രശ്നം ഉണ്ടായി. തുടർന്ന് ഷാജി മതിലകം നടത്തിയ ഇടപെടലുകളെ തുടർന്ന് കേസ് ദമാം ലേബർ കോടതിയിലേയ്ക്ക് മാറ്റാൻ സൗദി അധികാരികളുടെ അനുമതി ലഭിച്ചു. ഇതിനിടെ പരാതി നൽകാൻ തയാറായവരിൽ 35 പേരെ കമ്പനി റിയാദിലേക്കു സ്ഥലം മാറ്റി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here