ദേശങ്ങൾ അതു നിർമിക്കുന്നവരുടേതാകുന്നു; ദേശീയതയെക്കുറിച്ച് സംസാരിക്കുമ്പോൾ കണ്ടിരിക്കണം ഈ സിനിമ; കോൺ ഐലൻഡ്

friday-review

വർത്തമാനകാല ലോകജീവിതം സംഘർഷഭരിതമാണ്. ഒരു വശത്തു ഭക്ഷണത്തിനും നിലനിൽപ്പിനും വേണ്ടി കഠിനാധ്വാനത്തിൽ ഏർപ്പെടുന്നു. മറ്റൊരു കൂട്ടം മനുഷ്യർ ഒരു തുണ്ടു ഭൂമിക്കു വേണ്ടി യുദ്ധങ്ങളും കലാപങ്ങളും സംഘടിപ്പിക്കുന്നു. അതിർത്തി രേഖകൾക്ക് അകത്തും പുറത്തും ഒരുപോലെ സംഘർഷഭൂമികൾ രൂപം കൊളളുന്നു. ദേശം, ദേശീയത, രാഷ്ട്രം എന്നീ സങ്കല്പനങ്ങൾ സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിനുളളിലും നിരന്തര ചർച്ചാവിഷയമാണ്.

2014-ൽ പുറത്തിറങ്ങിയ ജോർജ് ഓവഷ്വലിയുടെ കോൺ ഐലൻഡ് എന്ന സിനിമ ദേശീയതയെ സംബന്ധിച്ച നമ്മുടെ മനോവിചാരങ്ങളോടു കലാപരമായി സംവദിക്കുന്നു. അതിമനോഹരമായ ദൃശ്യങ്ങളും താരതമ്യേന കുറഞ്ഞ സംഭാഷണങ്ങളും ഈ സിനിമയുടെ പ്രത്യേകതയാണ്. സിനിമയിലെ കഥാപാത്രങ്ങൾക്കു പേരില്ല എന്നതു മറ്റൊരു പ്രത്യേകതയാണ്. വസന്തത്താൽ ആരംഭിച്ചു വസന്തത്തിൽ അവസാനിക്കുന്നു സിനിമയുടെ കഥാഖ്യാനം. മഴയും മലയും പുഴയും കാടും കാറ്റും ഒക്കെ ചേർന്ന പ്രകൃതി ഈ സിനിമയുടെ കേന്ദ്രമായി മാറുന്നു.

സിനിമയുടെ സ്ഥലകാല രാഷ്ട്രീയ പരിസരം അറിഞ്ഞിരിക്കുന്നതു കാഴ്ചയ്ക്കു കൂടുതൽ സംവേദനത്വം തരും. ജോർജിയയെയും റിപ്പബ്ലിക് ഓഫ് അബ്കാസിയെയും തമ്മിൽ വേർതിരിക്കുന്നത് എം ഗ്യൂറി നദിയാണ്. കോക്കാസസ് പർവതനിരകളിൽനിന്നും വസന്തകാലത്തു നീരൊഴുക്കിൽ വരുന്ന ഫലഭൂയിഷ്ഠമായ മണ്ണ് ഈ നദിയിൽ ധാരാളം തുരുത്തുകൾക്കു രൂപം കൊടുക്കുന്നു. വർഷകാലത്തിലെ കനത്തമഴയിൽ ഈ തുരുത്തുകൾ നാമാവശേഷമാകും. ഇത്തരത്തിൽ രൂപംകൊണ്ട ഒരു തുരുത്താണു സിനിമയുടെ സ്ഥല പരിസരം. 1992-93 കാലത്തു നടന്ന യുദ്ധം നടന്നതു മുതൽ ഇരു രാഷ്ട്രങ്ങൾക്കിടയിലെ സംഘർഷങ്ങൾക്ക് അയവ് വന്നിട്ടില്ല. അത്തരം സംഘർഷങ്ങളുടെ അസ്വസ്ഥതകളും ഭീകരതയും ഈ തുരുത്തുകളിലെ ജീവിതത്തിനു മേലും കരി നിഴൽ വീഴ്ത്തുന്നു.

വസന്തത്തിൽ ഒരു വൃദ്ധകർഷകനും അദ്ദേഹത്തിന്റെ കൗമാരക്കാരിയായ കൊച്ചുമകളും കൂടി എം ഗ്യൂറി നദിയിലെ തുരുത്തുകളിലൊന്നിലേക്കു കടന്നു വരുന്നു. താമസിക്കാൻ തടികൊണ്ട് ഒരു വീടുണ്ടാക്കുന്നു. നിലം ഉഴുതു ഒരുക്കി അവർ അവിടെ ചോളം നടന്നു. നദിയിൽനിന്നു മീൻ പിടിച്ച് അവർ വിശപ്പടക്കുന്നു. തുരുത്തിലെ ജീവിതത്തിനിടയിൽ ആ കൗമാരക്കാരി ഋതുമതിയാവുന്നു. പട്ടാളക്കാരുടെ തുറിച്ചു നോട്ടങ്ങളും കൗമാരത്തിന്റെ സംഘർഷങ്ങളും പെൺകുട്ടിയെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്.  സൈനികരുടെ ഇടയ്ക്കിടയ്ക്കുളള പട്രോളിംഗ് സംഘർഷം വർധിപ്പിക്കുന്നു.
അപ്രതീക്ഷിതമായി ഇവർക്കിടയിലേക്കു വെടിയേറ്റു മൃതപ്രായനായ ഒരു അബ്ഖാസിയൻ പട്ടാളക്കാരൻ കടന്നു വരുന്നു. അതിഥിയുടെ കടന്നുവരവ് ജീവിതത്തിൽ ചില ക്രമഭംഗങ്ങൾ സൃഷ്ടിക്കുന്നു. ജോർജിയൻ പട്ടാളത്തിന്റെ കണ്ണിൽപെടാതെ വൃദ്ധൻ അയാളെ പരിചരിക്കുന്നു.

നല്ല ഭക്ഷണവും പരിപാലനവും വഴി ആ പട്ടാളക്കാരൻ ദിവസങ്ങൾ കൊണ്ട് സൗഖ്യം പ്രാപിക്കുന്നു. പട്ടാളക്കാരന്റെ സാന്നിധ്യം പെൺകുട്ടിയിൽ പുതിയ ഭാവമാറ്റങ്ങൾ സൃഷ്ടിക്കുന്നുണ്ട്. പ്രണയമെന്നോ സൗഹൃദമെന്നോ സഹോദര്യമെന്നോ കൃത്യമായി നിർവചിക്കാൻ കഴിയാത്തവിധം കാവ്യാത്മകമായിട്ടാണ് ഇവിടെ ദൃശ്യാഖ്യാനം ചെയ്തിരിക്കുന്നത്. വൃദ്ധ കർഷകന്റെയും കൊച്ചുമകളുടെയും ഹൃദ്യമായ ജീവിതം പട്ടാളക്കാരനെ ആകർഷിക്കുന്നു.

ചോളം വിളവെടുപ്പിനു പാകമായിരിക്കുമ്പോഴുളള പ്രതികൂലമായ കാലാവസ്ഥ അവരുടെ ജീവിതത്തെ ദുരിതപൂർണമാക്കുന്നു. കനത്ത മഴയും കുത്തി ഒഴുകുന്ന വെളളവും തുരുത്തിനെ ഒഴുക്കി കൊണ്ടുപോകാൻ തുടങ്ങുന്നു. അവസാന ചോളവും കയറ്റി പെൺകുട്ടിയും വഞ്ചിയിൽ കയറുന്നു. വഞ്ചി മുന്നോട്ടു പോവുകയും വഞ്ചിയിൽ കയറാൻ കഴിയാതെ വൃദ്ധൻ ആ തുരുത്തിൽ വച്ച് മരണപ്പെടുകയും ചെയ്യുന്നു. മറ്റൊരു വസന്തത്തിൽ വേറൊരു കർഷകൻ വഞ്ചിയിൽ ആ തുരുത്തിൽ എത്തുന്നതോടെയാണ് സിനിമ അവസാനിക്കുന്നത്.

മനുഷ്യന്റെ അധ്വാനത്തിന്റെ മഹാത്മ്യത്തെ സിനിമ സൗന്ദര്യപരമായി ചിത്രീകരിക്കുന്നു. കഠിനാധ്വാനിയായ കർഷകൻ നിശ്ചയദാർഢ്യവും വിശ്രമമില്ലാത്ത ജീവിതവും കാഴ്ചക്കാരെ പ്രചോദിതരാക്കുന്നു. ദേശീയത എന്ന സങ്കൽപത്തെ ചിത്രം പ്രശ്‌നവത്കരിക്കുന്നുണ്ട്. കഥയുടെ തുടക്കത്തിൽ ഈ തുരുത്ത് ആരുടേതാണ് എന്ന പെൺകുട്ടിയുടെ ചോദ്യത്തിന് ആരു നിർമ്മിക്കുന്നുവോ അവരുടേത് എന്നാണു വൃദ്ധൻ മറുപടി കൊടുക്കുന്നത്. പട്ടാളവും കോടതിയും ഭരണകൂടവും കൊണ്ടു നിർമിക്കപ്പെടുന്ന ദേശീയത ഒരു വശത്തും നിലനിൽപിനുവേണ്ടി അധ്വാനിച്ചും പ്രകൃതിക്കിണങ്ങിയും ജീവിച്ചു കൊണ്ട് അതിർത്തി രേഖകളും കാവൽ പട്ടാളങ്ങളുമില്ലാത്ത പ്രതി ദേശീയതയെക്കുറിച്ചുളള സ്വപ്നങ്ങൾ മറുവശത്തും സിനിമ പങ്കുവയ്ക്കുന്നു സിനിമയിലെ മറ്റൊരു പ്രത്യേകത ലിംഗപദവിയെക്കുറിച്ചുളള കാഴ്ചപ്പാടാണ്.

ആഭ്യന്തരവും അല്ലാത്തതുമായ എല്ലാത്തരം സംഘർഷങ്ങളും പെണ്ണിന്റെ ജീവിതത്തെ കൂടുതൽ സംഘർഷഭരിതമാക്കുന്നുവെന്നു സിനിമ പറഞ്ഞുവയ്ക്കുന്നു. പുരുഷാധികാര സമൂഹത്തിൽ പെണ്ണിന് അനുഭവിക്കേണ്ടിവരുന്ന ദുരിതങ്ങളെ അതിന്റെ തീവ്രതയിൽ അവതരിപ്പിക്കുന്നു.
എങ്കിലും സിനിമ അത്രയ്ക്ക് സ്ത്രീപക്ഷം ആണെന്നു പറയാൻ കഴിയില്ല. വർണ്ണ വർഗ്ഗ വംശ സ്വത്വങ്ങളെ നിരാകരിച്ചും പുത്തൻ ദേശ രാഷ്ട സങ്കല്പങ്ങൾ ഉയർത്തിയും പ്രകൃതിയുടെ ഭാഗമായി മാത്രം മനുഷ്യനെ ഉയർത്തിയും ഒരു പുത്തൻ മൈത്തിക ഭൂപടം ഭാവന ചെയ്തും കോൺ ഐലൻഡ് കാഴ്ചക്കാരുടെ മനോവിചാരങ്ങളിലേക്കു തുഴഞ്ഞു കയറുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News