സംഘപരിവാര്‍ സംഘടനകളുടെ മണ്ടത്തരത്തിന് അതിരില്ല; ഡോക്ടറായാല്‍ കനയ്യയ്ക്ക് മുന്നില്‍ രോഗികള്‍ എങ്ങനെ ചികിത്സ തേടിയെത്തുമെന്ന് വീര്‍സേന നേതാവ്

മുംബൈ: ഡോക്ടറേതാ ഡോക്ടറേറ്റ് ഏത് എന്ന് തിരിച്ചറിയാത്തവരെ കുറ്റം പറയരുത്. കാരണം മണ്ടത്തരം ഒരു കുറ്റമല്ല. മണ്ടത്തരത്തിന് മരുന്നുമല്ല. അത് പരിഹരിക്കാന്‍ അറിവ് നേടുക മാത്രമാണ് പോംവഴി. സംഘപരിവാര്‍ സംഘടനയായ വീര്‍ സേനയുടെ നേതാവ് നിരഞ്ജന്‍ പാലാണ് ഇത്തവണ മണ്ടത്തരവുമായി രംഗത്തെത്തിയത്.

ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിര്‍ നാളെ മുംബൈയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. ഇത് തടയുമെന്ന് പ്രഖ്യാപിക്കാനാണ് വീര്‍ സേന നേതാവ് വാര്‍ത്താ സമ്മേളനം നടത്തിയത്. ഇതിനിടയിലാണ് ഡോക്ടറേറ്റും ഡോക്ടറും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാത്ത നേതാവ് മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ മണ്ടത്തരം വിളിച്ചുപറഞ്ഞത്.

കനയ്യ കുമാര്‍ ജെഎന്‍യുവില്‍ പിഎച്ഡി ചെയ്യുകയാണ് എന്ന് ഞങ്ങള്‍ക്കറിയാം. രാജ്യത്തെ ഛിന്നഭിന്നമാക്കാനാണ് അയാളുടെ ശ്രമം. കനയ്യ ഡോക്ടറായാല്‍ അയാളെ പോലെ ഒരാളുടെ അടുത്ത് എങ്ങനെ ചികിത്സ തേടിയെത്തും. – ഇതായിരുന്നു മാധ്യമപ്രവര്‍ത്തകരോടുള്ള നിരഞ്ജന്‍ പാലിന്റെ ചോദ്യം.

നിരഞ്ജന്‍ പാലിനെ തിരുത്താന്‍ മാധ്യമപ്രവര്‍ത്തകര്‍ ശ്രമിച്ചു. കനയ്യ കുമാര്‍ മെഡിസിനില്‍ അല്ല ഗവേഷണം നടത്തുന്നതെന്നും സാഹിത്യത്തിലാണ് ഗവേഷണം എന്നും മാധ്യമപ്രവര്‍ത്തകര്‍ അറിയിച്ചു. എന്നാലും അയാള്‍ ഡോക്ടറാകുമ്പോള്‍ എങ്ങനെ രോഗികള്‍ ചികിത്സ തേടിയെത്തും എന്നായിരുന്നു നേതാവിന്റെ മറുചോദ്യം. ഹിന്ദു സംഘടനാ നേതാവിന്റെ മണ്ടത്തരം ദേശീയ മാധ്യമങ്ങള്‍ അടക്കം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കനയ്യ കുമാര്‍ മുംബൈയില്‍ വരുന്നതിനെതിരെ ഹിന്ദു സംഘടനകളായ സ്വരാജ്യ ഹിന്ദു സേന, ഹിന്ദു ഗോവംശ രക്ഷാ സമിതി തുടങ്ങിയ ഹിന്ദു സംഘടനകളും ഭീഷണിയുമായി രംഗത്തെത്തിയിട്ടുണ്ട്. ദേശവിരുദ്ധ ശക്തികളെ എതിര്‍ക്കുമെന്നും കനയ്യ കുമാര്‍ വരുന്ന രൂപത്തില്‍ തിരിച്ച് പോവില്ല എന്നുമാണ് ഭീഷണി.

സംഘപരിവാര്‍ സംഘടനകളെ പരിഹസിച്ച് എംബി രാജേഷ് എംപി രംഗത്തെത്തി. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശയാണിത്. ദേശസ്‌നേഹം മൂത്ത ഈ വീരന്മാരെക്കൊണ്ട് തോറ്റു. ആര്‍ക്കാണിവരെ പറഞ്ഞ് മനസിലാക്കാനാവുക. ദേശസ്‌നേഹികള്‍ ഇങ്ങനെ ചിരിക്കാനുള്ള വകകള്‍ ഇനിയും നല്‍കുമെന്ന് പ്രതീക്ഷിക്കാമെന്നും എംബി രാജേഷ് എംപി പരിഹസിക്കുന്നു.

എംബി രാജേഷ് എംപിയുടെ ഫേസ്ബുക് പോസ്റ്റ് വായിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News