നിഷ്പക്ഷതയല്ല, നിലപാടാണ് പ്രധാനം; മാധ്യമപ്രവര്‍ത്തകര്‍ക്ക് രാഷ്ട്രീയമുണ്ട്; ഇടതുപക്ഷം, രാഷ്ട്രീയം, സ്ഥാനാര്‍ത്ഥിത്വം; വീണ ജോര്‍ജ്ജ് പറയുന്നു

കോളേജ് വിദ്യാഭ്യാസ കാലം മുതല്‍ ഞാന്‍ ഇടതുപക്ഷ ആശയക്കാരിയാണ്. എസ്എഫ്‌ഐ പ്രവര്‍ത്തകയായിരുന്നു. തിരുവനന്തപുരം വിമന്‍സ് കോളേജിലെ ഏഴുവര്‍ഷത്തെ പഠനം കഴിഞ്ഞ് പ്രൊഫഷണല്‍ ജീവിതത്തില്‍ പ്രവേശിച്ചതിനുശേഷം പുരോഗമന പ്രസ്ഥാനവുമായി സഹകരിക്കുന്നു. ആറന്മുള നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി വീണാ ജോര്‍ജ് നിലപാടുകള്‍ പങ്കുവയ്ക്കുന്നു.

രാഷ്ട്രീയ – സാംസ്‌കാരിക പ്രവര്‍ത്തകരടക്കം സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരോട് നിരന്തരം ചോദ്യങ്ങളുന്നയിക്കുകയും അതില്‍നിന്ന് വാര്‍ത്തകള്‍ കണ്ടെത്തുകയും അത് പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയും ചെയ്ത നീണ്ട പതിനേഴ് വര്‍ഷം. ഇപ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കും രാഷ്ട്രീയ എതിരാളികളുടെ ആരോപണങ്ങള്‍ക്കും കൃത്യമായി മറുപടി പറയുന്ന സ്ഥാനാര്‍ഥിയായുള്ള മാറ്റം. മലയാളത്തിലെ വാര്‍ത്താ ചാനലുകളില്‍ ശക്തമായ സ്ത്രീ സാന്നിധ്യമായ വീണാ ജോര്‍ജ് ഈ നിയമസഭാതെരഞ്ഞെടുപ്പില്‍ ആറന്മുളയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാണ്. സമകാലിക കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സ്ഥാനാര്‍ഥിത്വമാണ് വീണയുടേത്.

മലയാളത്തിലെ ന്യൂസ് ആങ്കറിങ്ങില്‍ സ്വന്തമായ രീതിശാസ്ത്രം വികസിപ്പിച്ചെടുത്തിട്ടുണ്ട് വീണാ ജോര്‍ജ്. അവതാരകരും ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരുമായ പുരുഷന്മാര്‍ക്ക് ഇടയില്‍ നിന്നുകൊണ്ടാണ് വീണ മലയാളത്തിലെ ദൃശ്യമാധ്യമ രംഗത്ത് മിതത്വമുള്ളതെങ്കിലും അതിശക്തമായ ഒരു ശൈലി വികസിപ്പിച്ചെടുത്തത്. അതിവൈകാരികതയോ ബഹളമോ ഇല്ലാതെ വാര്‍ത്തകളെ പ്രശ്‌നാധിഷ്ഠിതമായി സമീപിച്ചു. ദൃശ്യമാധ്യമങ്ങളിലെ അവതാരകര്‍ ഒരു വിഷയത്തിലെ ചര്‍ച്ചയ്‌ക്കൊടുവില്‍ വിധികല്‍പ്പിക്കുന്ന ന്യായാധിപരാണെന്ന ധാരണയാണ് തികഞ്ഞ പക്വതയോടെയും സമചിത്തതയോടെയുമുളള അവതരണത്തിലൂടെ വീണ തകര്‍ത്തുകളഞ്ഞത്. ചാനല്‍ ചര്‍ച്ചകള്‍ വാചാടോപത്തിന്റെ അരങ്ങല്ല, സര്‍ഗാത്മകമായ രാഷ്ട്രീയ ഇടപെടലുകളാണെന്ന് പലവട്ടം തെളിയിച്ചിട്ടുണ്ട് അവര്‍.

കിട്ടിയ വാര്‍ത്തയുടെയോ വസ്തുതയുടെയോ രണ്ടാമതൊരു പരിശോധനയ്ക്കുള്ള സാധ്യത ദുസ്സാധ്യമായ ദൃശ്യമാധ്യമങ്ങളിലെ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ ഗതിവേഗവുമായി ഏറ്റുമുട്ടി വിവിധ ചാനലുകളുടെ തലപ്പത്ത് ചെറുപ്രായത്തില്‍ത്ത ന്നെ എത്താന്‍ കഴിയുക. എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എന്ന സുപ്രധാന തസ്തികയില്‍ പ്രവര്‍ത്തിച്ചുകൊണ്ട് ചാനലുകളുടെ നയരൂപീകരണത്തില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ കഴിഞ്ഞ സ്ത്രീകള്‍ കേരളത്തില്‍ തുലോം കുറവ്. ദൃശ്യമാധ്യമങ്ങളില്‍ കഴിവുതെളിയിച്ചവരുടെ ഒന്നാം നിരയില്‍ തന്നെയുണ്ട് തുടക്കം മുതല്‍ വീണാ ജോര്‍ജ്. സ്ത്രീകളുടെയും അരികുകളിലേക്ക് തള്ളിമാറ്റപ്പെട്ട എല്ലാ വിഭാഗത്തിന്റെയും പ്രശ്‌നങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ വീണാ ജോര്‍ജിന് കഴിഞ്ഞു. തിരുവനന്തപുരം വിമന്‍സ് കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തനം നടത്തിയതിന്റെ അനുഭവം പത്രപ്രവര്‍ത്തനത്തില്‍ മുതല്‍ക്കൂട്ടായി.

വീണയുടെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച ചര്‍ച്ചകളുടെ സ്വഭാവം പലപ്പോഴും വ്യക്തിപരമായ ആക്രമണങ്ങളിലേക്ക് വഴിമാറുന്നതിനും സമീപദിവസങ്ങള്‍ സാക്ഷിയായി. രാഷ്ട്രീയ എതിരാളികളുടെ ആക്രമണങ്ങളേക്കാള്‍ രൂക്ഷമായിരുന്നു പഴയ സഹജീവികള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തിയ ഇടപെടലുകള്‍. മലങ്കര ഓര്‍ത്ത്‌ഡോക്‌സ് സഭയുടെ നോമിനിയായാണ് ചുറ്റിക അരിവാള്‍ ചിഹ്നത്തില്‍ മത്സരിക്കുന്ന വീണാ ജോര്‍ജ് എന്ന ആരോപണം. എസ്എഫ്‌ഐ പ്രവര്‍ത്തകയെന്ന നിലയില്‍ ആര്‍ജിച്ച രാഷ്ട്രീയ അനുഭവം ഇത്തരം ആരോപണങ്ങളെ കൂസാതെ മുന്നേറാന്‍ അവര്‍ക്ക് തുണയാകുന്നു. നീചമായ മറ്റൊരാക്രമണത്തെക്കൂടി ഇന്ന് നേരിടുകയാണ് വീണാ ജോര്‍ജ്. മാസങ്ങള്‍ക്കു മുമ്പ് കൊച്ചിയില്‍ ചില യുവാക്കള്‍ ഇരുചക്രവാഹനത്തില്‍ പിന്തുടര്‍ന്ന് വന്ന് വീണയെയും മക്കളെയും ഉപദ്രവിക്കാന്‍ ശ്രമിച്ചതിനെതിരെ നല്‍കിയ പരാതിയുടെ പേരിലുള്ളതാണ് പുതിയ കടന്നാക്രമണം. ഉപദ്രവിച്ചവര്‍ക്കെതിരെ നല്‍കിയ പരാതിയും സാക്ഷിമൊഴികളും അടിസ്ഥാനമാക്കി പിടിക്കപ്പെട്ട യുവാവിന്റെ കദനകഥകള്‍ നിരത്തി വീണയെ അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരില്‍ മുന്നിലുള്ളത് മാധ്യമപ്രവര്‍ത്തകര്‍ തന്നെ.

ഇതുവരെ ഉയരാത്ത ഒരു കഥ സജീവമാകുന്നത് അവര്‍ സിപിഐ എം സ്ഥാനാര്‍ഥിയാകുന്നതോടെ. അതിക്രമത്തിന് ഇരയായ ഒരു സ്ത്രീയെന്ന നിലയിലുള്ള പരിഗണന പോലും നല്‍കാതെയാണ് അധിക്ഷേപങ്ങള്‍. വീണ ഉള്‍പ്പെടുന്ന മതവിഭാഗത്തെ പരാമര്‍ശിച്ചുകൊണ്ടാണ് ആരോപണങ്ങള്‍. ഇന്നലെ വരെ തൊഴില്‍പരമായ സൌഹൃദം പുലര്‍ത്തിയ പലരും ആരോപണങ്ങളുടെ തോക്കിന്‍കുഴല്‍ തിരിച്ചുവച്ചിരിക്കുന്നത് വീണ സിപിഐ എം സ്ഥാനാര്‍ഥിയാകുന്നതോടെയാണ്. എതിരാളികള്‍ പോലും ഉയര്‍ത്താത്ത ആരോപണങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ ഉയര്‍ത്തുന്നതിന്റെ പിന്നിലുള്ള താല്‍പ്പര്യങ്ങള്‍ എന്താണെന്നൊന്നും വീണ അന്വേഷിക്കുന്നില്ല. തെരഞ്ഞെടുപ്പില്‍ വിജയം മാത്രമാണ് ലക്ഷ്യം. വര്‍ഗീയതയ്ക്കും അഴിമതിക്കും എതിരെ ആറന്മുളക്കാര്‍ വോട്ടുചെയ്യുമെന്നും ആ ജനവധി ഒരു നവകേരള സൃഷ്ടിക്കുള്ള മുതല്‍ക്കൂട്ടാവുമെന്ന ആത്മവിശ്വാസത്തോടെയാണ് ഈ മാധ്യമപ്രവര്‍ത്തക തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുന്നേറുന്നത്. ആദ്യഘട്ടം പ്രചാരണം പൂര്‍ത്തിയാകുമ്പോള്‍ ആറന്മുള എല്‍ഡിഎഫിന് പിടിച്ചെടുക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം തനിക്കുണ്ടെന്ന് പ്രചാരണത്തിരിക്കിനിടെ നല്‍കിയ അഭിമുഖത്തില്‍ വീണാ ജോര്‍ജ് പറഞ്ഞു.

? കോളേജ് അധ്യാപികയായും മാധ്യമപ്രവര്‍ത്തകയായും തിളങ്ങിയ ശേഷം പുതിയൊരു റോള്‍. വീണാ ജോര്‍ജിനെ കേരളം അറിയുന്നത് മികച്ച വനിതാ ജേര്‍ണലിസ്റ്റുകളില്‍ ഒരാളായാണ്. ഇങ്ങനെയൊരു തെരഞ്ഞെടുക്കല്‍ എങ്ങനെ രൂപപ്പെട്ടു.

= ഇതൊരു തെരഞ്ഞെടുക്കലല്ല. കോളേജ് വിദ്യാഭ്യാസ കാലം മുതല്‍ ഞാന്‍ ഇടതുപക്ഷ ആശയക്കാരിയാണ്. എസ്എഫ്‌ഐ പ്രവര്‍ത്തകയാണ്. തിരുവനന്തപുരം വിമന്‍സ് കോളേജിലെ ഏഴുവര്‍ഷത്തെ പഠനം കഴിഞ്ഞ് പ്രൊഫഷണല്‍ ജീവിതത്തില്‍ പ്രവേശിച്ചതിനുശേഷം പുരോഗമന പ്രസ്ഥാനവുമായി സഹകരിക്കുന്നു. കേരളത്തില്‍ അങ്ങോളമിങ്ങോളം എല്ലാ ജില്ലകളിലും ഇടതുപക്ഷ വേദികളില്‍ പ്രസംഗിക്കുകയും ആശയവിനിമയം നടത്തുകയും ചെയ്യുന്നുണ്ട്. ഇന്ത്യാവിഷനില്‍ വരുമ്പോള്‍ സീനിയര്‍ ന്യൂസ് എഡിറ്ററായിരുന്നു. പിന്നെ ഡെപ്യൂട്ടി ന്യൂസ് എഡിറ്ററായി. ആ ഘട്ടം മുതല്‍ ഇടതുപക്ഷവുമായി വളരെയേറെ സഹകരിക്കുന്നുണ്ട്. ആ നിലയ്ക്ക് ഇതൊരു തെരഞ്ഞെടുക്കലല്ല. ഇടതുപക്ഷമെന്നത് ശരിപക്ഷമാണെന്നതാണ് എന്റെ നിലപാട്. ഓരോ മാധ്യപ്രവര്‍ത്തകയ്ക്കും മാധ്യമപ്രവര്‍ത്തകനും രാഷ്ട്രീയമുണ്ട്. നിഷ്പക്ഷത എന്നത് കാപട്യമാണ്. ചരിത്രത്തിനുപോലും നിഷ്പക്ഷതയില്ല. എല്ലാത്തിനും പക്ഷമുണ്ട്. ചരിത്രം വ്യാഖ്യാനിക്കുമ്പോഴും ഒരു വാര്‍ത്ത കൈകാര്യം ചെയ്യുമ്പോഴുമൊക്കെ.

ജനങ്ങള്‍ ഒരു സംഭവത്തെ കാണുന്നത് മാധ്യമപ്രവര്‍ത്തകന്‍/ മാധ്യമപ്രവര്‍ത്തക എന്ന കണ്ണാടിയിലൂടെയാണ്. ഈ കണ്ണാടിയില്ലാതെ സംഭവത്തെ കാണാന്‍ കഴിയില്ല. ഈ കണ്ണാടിയില്‍ നൂറുശുതമാനം നിഷ്പക്ഷത എന്നൊന്നില്ല. എന്നാലും ചെയ്യുന്ന ജോലിയോട് എന്നും നൂറുശതമാനം സത്യസന്ധത പുലര്‍ത്തിയിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ ഏറ്റെടുത്ത ദൌത്യമെന്ന് ഞാന്‍ കരുതുന്നു. മാധ്യമവര്‍ത്തനം ഒരു രാഷ്ട്രീയ പ്രവര്‍ത്തനമായി കാണുന്നയാളാണ് ഞാന്‍. പല അഴിമതികളും വെളിപ്പെടുത്താന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് സാധിക്കുന്നു. പല രേഖകളും പബ്‌ളിക് ഡോക്യുമെന്റ് ആക്കാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്. പക്ഷേ, മാധ്യമപ്രവര്‍ത്തകരുടെ കര്‍ത്തവ്യം അവിടെ അവസാനിക്കുകയാണ്. നമുക്ക് ചെയ്യാനാവുന്നതിന്റെ പരിധി അവിടം വരെ മാത്രമേ ഉള്ളൂ. അതിനപ്പുറത്തേക്ക് നീതി നടപ്പാക്കാന്‍ കഴിയുന്നുണ്ടോ എന്ന് ഉറപ്പാക്കേണ്ടത് ഇവിടത്തെ ഭരണാധികാരികളാണ്. ഇതുവരെ ചെയ്തതിന്റെ അടുത്ത പടിയായുള്ള പ്രവര്‍ത്തനം നടത്തുന്നു എന്ന് മാത്രമാണ് ഞാന്‍ ഇതിനെ കാണുന്നത്.

? രണ്ടു ദശകത്തോളം മാധ്യമപ്രവര്‍ത്തനം നടത്തിയ രണ്ടുപേര്‍ ഈ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളായി രംഗത്തുവരുന്നു, വീണയും നികേഷും. കേരളത്തിലെ ഇടതുപക്ഷ അനുഭാവികളെ സംബന്ധിച്ചിടത്തോളം മാധ്യമരംഗത്തിന് ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ പ്രമുഖര്‍ സിപിഐ എം സ്ഥാനാര്‍ഥികളായി രംഗത്തുവരുന്നത് തികച്ചും ആവേശകരമാണ്. ഇടതുപക്ഷം ശക്തിപ്പെടേണ്ടത് അനിവാര്യമാണെന്ന താങ്കളുടെ തിരിച്ചറിവും ബോധ്യവും കൂടി ഇതിനുപിന്നിലുണ്ട്. ഈ അന്തരീക്ഷത്തില്‍ രാജ്യം പൊതുവിലും കേരളം പ്രത്യേകിച്ചും അഭിമുഖീകരിക്കുന്ന സവിശേഷ സാഹചര്യത്തെ എങ്ങനെയാണ് വിലയിരുത്തുന്നത്.

= തികച്ചും ശരിയാണ്. വളരെ സങ്കീര്‍ണമായ സാഹചര്യമാണ് രാജ്യത്തുള്ളത്. ദേശീയ തലത്തില്‍ വര്‍ഗീയതക്കെതിരെ പൊതുജനം ഉണരേണ്ട അനിവാര്യമായ സാഹചര്യം കൂടിയാണ്. ഇവിടെയാണ് ഇടതുപക്ഷത്തിന്റെ പ്രസക്തി വര്‍ധിക്കുന്നത്. കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഇടതുപക്ഷം ശക്തിപ്പെടേണ്ടതിന്റെ അനിവാര്യത ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടുകഴിഞ്ഞു.

കേരളത്തിലെ കാര്യങ്ങള്‍ പ്രത്യേകമായി പറഞ്ഞാല്‍ മുന്‍കാലത്തെ യുഡിഎഫ് സര്‍ക്കാരുകളെയെല്ലാം തോല്‍പ്പിക്കുന്ന അഴിമതിയാണ് ഈ ഭരണത്തില്‍ നടക്കുന്നത്. സാധാരണക്കാരനെ കബളിപ്പിച്ചും അവരെ പിഴിഞ്ഞുമാണ് യുഡിഎഫിന്റെ അഴിമതിയും ധൂര്‍ത്തും. ജനങ്ങളുടെ അവകാശങ്ങള്‍ നീചമായി ലംഘിക്കുകയാണ്. അതോടൊപ്പം കുത്തകകള്‍ക്കും മാഫിയകള്‍ക്കും എല്ലാ പിന്തുണയും നല്‍കുന്ന സര്‍ക്കാരാണിത്. ഇത് തിരിച്ചറിഞ്ഞ് കേരളത്തിലെ ജനങ്ങള്‍ വിധിയെഴുതുമെന്ന് ഉറപ്പാണ്.

തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ മാധ്യമപ്രവര്‍ത്തക എന്ന നിലയ്ക്കുണ്ടായ ദുഃഖകരമായ അനുഭവം കൂടി പറയാതിരിക്കാന്‍ വയ്യ. ഏറ്റവും കൂടുതല്‍ ആക്രമണം എനിക്കും എംവി നികേഷ്‌കുമാറിനും നേരിടേണ്ടിവരുന്നത് മാധ്യമലോകത്തുനിന്ന് തന്നെയാണ്. ഞങ്ങള്‍ എന്തിനെയാണോ എതിര്‍ത്തത് അതിന്റെ ഭാഗമാണ് ഞങ്ങളെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമിക്കുന്നത്. അത് ദുഃഖകരമാണ്. ഒരു കാര്യം സത്യമാണ്. എല്‍ഡിഎഫ് അധികാരത്തില്‍ വരേണ്ടത് കേരളത്തിന്റെ ആവശ്യമാണ്. ഇത് ജാതി മതഭേദമെന്യെ കേരളത്തിന്റെ പൊതുസമൂഹം മനസ്സിലാക്കുകയും വമ്പിച്ച ഭൂരിപക്ഷത്തോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ അധികാരത്തിലെത്തിക്കുകയും ചെയ്യുമെന്ന് ഉറപ്പാണ്. അത് സംശയരഹിതമായ കാര്യമാണ്.

? വിവിധ മതവിഭാഗങ്ങള്‍ രമ്യതയോടെ ജീവിക്കുന്ന നാടാണ് ആറന്മുള. വിപുലമായ മതകണ്‍വെന്‍ഷനുകള്‍ക്ക് ആതിഥ്യമരുളുന്ന നാട്. പാര്‍ഥസാരഥി ക്ഷേത്രമടക്കമുള്ള ദേവാലയങ്ങളുടെ നാട്. ദേശീയ രാഷ്ട്രീയത്തില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന വര്‍ഗീയധ്രുവീകരണ ശ്രമങ്ങള്‍ ആറന്മുളയിലും ചലനങ്ങള്‍ സൃഷ്ടിക്കുമെന്ന് ഭയപ്പെടുന്നുണ്ടോ.

= വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ കേരളത്തിലെ ചില മണ്ഡലങ്ങള്‍ പ്രത്യേകിച്ച് കേന്ദ്രീകരിച്ച് ജനങ്ങളെ ധ്രുവീകരിച്ചുകൊണ്ട് വോട്ടുനേടാന്‍ ശ്രമിക്കുന്നുണ്ട്. ഭൂരിപക്ഷം മണ്ഡലങ്ങളിലും അതിന് സാധിച്ചിട്ടില്ല. പക്ഷേ, അവര്‍ തെരഞ്ഞെടുത്ത മണ്ഡലങ്ങളില്‍ കടന്നുകയറാനുള്ള ശ്രമം നടത്തുന്നുണ്ട്. ആറന്മുള അത്തരത്തിലൊരു മണ്ഡലമാണ്. പക്ഷേ ഈ ശ്രമത്തില്‍ അവര്‍ വിജയിക്കില്ല. നവോത്ഥാന മുന്നേറ്റത്തിന്റെ പാരമ്പര്യം നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. വര്‍ഗീയ ഫാസിസ്റ്റുകളുടെ നീക്കങ്ങള്‍ കേരളം തിരിച്ചറിയും. വര്‍ഗീയവല്‍ക്കരണ – ധ്രുവീകരണ ശ്രമങ്ങളെ കേരളം പരാജയപ്പെടുത്തും. നവോത്ഥാനമൂല്യങ്ങള്‍ കേരളം ഉയര്‍ത്തിപ്പിടിക്കും.

ആറന്മുള മതസാഹോദര്യം പുലരുന്ന പ്രദേശമാണ്. ചെറുകോല്‍പ്പുഴ, മാരാമണ്‍ കണ്‍വെന്‍ഷനുകള്‍ക്ക് ആതിഥ്യമരുളുന്ന നാട്. ശബരിമലയും ഇവിടെയാണ്. കൂടാതെ അസംഖ്യം ക്ഷേത്രങ്ങളും. ഇവിടത്തെ സാഹോദര്യം തകര്‍ക്കാനുള്ള ഒരു ശ്രമവും വിലപ്പോവില്ല.

? തെരഞ്ഞെടുപ്പുകളുടെ ചരിത്രം പരിശോധിച്ചാല്‍ എല്‍ഡിഎഫിന്റെ സുരക്ഷിത മണ്ഡലമൊന്നുമല്ല ആറന്മുള എന്നുകാണാം. തൊട്ടുമുമ്പത്തെ നിയമസഭ – ലോക്‌സഭ തെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷം പരാജയപ്പെട്ടു. തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിലും ഫലം പ്രോത്സാഹജനകമായിരുന്നില്ല. സാഹചര്യങ്ങള്‍ പ്രതികൂലമായിട്ടും വിജയിക്കുമെന്ന ആത്മവിശ്വാസം എന്തുകൊണ്ടാണ്.

= ഈ ആറന്മുള ഉള്‍പ്പെട്ട പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തില്‍ ജയിച്ചത് യുഡിഎഫ് ആണ്. തദ്ദേശസ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് വിശകലനം ചെയ്താലും യുഡിഎഫിന് അനുകൂലമായാണ് ആറന്മുള വിധിയെഴുതിയതെന്ന് കാണാം. പക്ഷേ, ഈ സാഹചര്യങ്ങളൊക്കെ പണ്ടും നിലനിന്നപ്പോഴാണ് കവി കടമ്മനിട്ട രാമകൃഷ്ണന്‍ ഈ ആറന്മുളയില്‍നിന്ന് ഗംഭീരമായി ജയിച്ചത്. സഖാവ് കെസി രാജഗോപാല്‍ ഇവിടെ നിന്ന് ജയിച്ചിട്ടുണ്ട്. പ്രതികൂല സാഹചര്യങ്ങളെ അനുകൂലമായി മാറ്റിയെടുത്ത ചരിത്രം ആറന്മുളയ്ക്കുണ്ട്. ആ ചരിത്രം ഇത്തവണയും ആവര്‍ത്തിക്കും. എല്‍ഡിഎഫിന് ജയിക്കാനുള്ള എല്ലാ സാഹചര്യങ്ങളും ഇവിടെയുണ്ട്. അവയെ വോട്ടാക്കി മാറ്റാന്‍ എല്‍ഡിഎഫിന് കഴിയും.

? വീണ സ്ഥാനാര്‍ഥിയായപ്പോള്‍ ആവര്‍ത്തിച്ച് ഉയര്‍ന്ന ഒരാരോപണമാണ് സഭയുടെ നോമിനിയാണെന്നത്. സഭ ആരെയും സ്ഥാനാര്‍ഥിയാക്കിയിട്ടില്ലെന്ന് സഭാനേതാക്കള്‍തന്നെ വ്യക്തമാക്കിയിട്ടും മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മകളില്‍നിന്നുള്‍പ്പെടെ ഈ ആരോപണം തുടരുകയാണ്. താങ്കളുടെ കഴിവുകളെയും രാഷ്ട്രീയ ബോധ്യത്തെയും ഇകഴ്ത്തിക്കാട്ടുന്ന ഇത്തരം ആരോപണങ്ങളെ എങ്ങനെയാണ് നേരിടുക.

= ഞാന്‍ ഏറ്റവുമധികം ആക്രമണം നേരിടുന്നത് മാധ്യമപ്രവര്‍ത്തകരില്‍നിന്നുതന്നെയാണ്. അതെന്തുകൊണ്ടാണെന്ന് എനിക്ക് ഇപ്പോഴുമറിയില്ല. ഞാന്‍ പതിനാറു വര്‍ഷക്കാലം മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലാണ് ജീവിച്ചത്. മാധ്യമലോകത്ത് പ്രവര്‍ത്തിക്കുമ്പോള്‍ എന്റെ മതമോ സമുദായമോ സഭയോ ഏതെന്ന് സഹപ്രവര്‍ത്തകര്‍ക്ക്‌പോലും അറിയില്ലായിരുന്നു. മറ്റു പലരും എന്നോട് ചോദിച്ചിട്ടുണ്ട് വീണ ഹിന്ദുവും ഭര്‍ത്താവ് ക്രിസ്ത്യാനിയുമാണല്ലേ എന്ന്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ എന്നോട് അധ്യാപകര്‍ ചോദിക്കാറുണ്ട് അമ്മ ഹിന്ദുവും അച്ഛന്‍ ക്രിസ്ത്യാനിയുമാണല്ലേ എന്ന്. എന്തുകൊണ്ടാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ഇങ്ങനെയൊരു ചോദ്യം. സ്ഥാനാര്‍ഥിയാകുന്നതിന്റെ മുന്‍ഗണനകളിലേക്ക് മതത്തെയും സമുദായത്തെയും കൊണ്ടുവരികയാണവര്‍. ഇത്തരം ചോദ്യങ്ങള്‍ക്കുള്ള എന്റെ മറുപടി ലളിതമാണ്. ആറന്മുളക്കാരായ എല്ലാവരുടെയും പ്രതിനിധിയാണ് ഞാന്‍. ഒരു മതത്തിന്റെയോ സമുദായത്തിന്റെയോ സഭയുടെയോ പ്രതിനിധിയല്ല ഞാന്‍. എല്ലാ ജനവിഭാഗങ്ങളെയും പ്രതിനിധാനം ചെയ്യുന്ന സാധാരണ വ്യക്തി. എന്തുകൊണ്ടാണ് ഇങ്ങനെ ഒരാരോപണം ഉണ്ടാകുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ. എന്റെ ഭര്‍ത്താവ് ഒരു സഭയുടെ തെരഞ്ഞെടുക്കപ്പെട്ട സമിതിയുടെ പ്രസിഡന്റാണ്. അതിന്റെ ബലത്തിലാണ് ഞാന്‍ സ്ഥാനാര്‍ഥിയായതെന്ന് ആരോപിക്കുമ്പോള്‍ ഇതില്‍ ഒരു സ്ത്രീവിരുദ്ധതയുടെ ഘടകമുണ്ടെന്ന് കാണാം.

ഒരു സ്ത്രീക്ക് ലഭിക്കുന്ന എന്തെങ്കിലും പരിഗണന അവളുടെ കുടുംബത്തിലെ അംഗങ്ങളുടെ പ്രവര്‍ത്തനം കൊണ്ടുണ്ടായ സ്വാധീനമാണെന്ന് പറയുന്നത് എത്രമാത്രം സ്ത്രീവിരുദ്ധമാണ്. എന്നുവച്ചാല്‍ ഒരു സ്ത്രീക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല, അവള്‍ ഒറ്റയ്ക്ക് പരിഗണന ലഭിക്കേണ്ടവളല്ല, അവളുടെ രാഷ്ട്രീയം സ്വന്തം കുടുംബത്തിലെ രാഷ്ട്രീയ നിലപാടുകള്‍ക്ക് കീഴ്‌പ്പെട്ടുനില്‍ക്കുന്നതാവണം, അവള്‍ക്ക് സ്വന്തവും സ്വതന്ത്രവുമായ രാഷ്ട്രീയ നിലപാടുകള്‍ ഉണ്ടാകാന്‍ പാടില്ല എന്നൊക്കെയാണിവര്‍ പറയാതെ പറയുന്നത്. ഈ ആരോപണങ്ങള്‍ക്കു പിന്നിലെ സ്ത്രീവിരുദ്ധതയുടെ ആഴം ചെറുതായി കാണാനാവില്ല. ഇതിനെ ഞാന്‍ ചെറുക്കുന്നത് വളരെ ശക്തമായിത്തന്നെയാണ്. മാധ്യമപ്രവര്‍ത്തകയെന്ന നിലയ്ക്ക് ഞാന്‍ ഇത്രനാളും നിലകൊണ്ടതും ഉറക്കെ സംസാരിച്ചതും സാധാരക്കാര്‍ക്കുവേണ്ടിയാണ്. കേരളത്തിന്റെ പൊതുസമൂഹത്തിനുവേണ്ടിയാണ്. ഒരു സമുദായത്തിനോ സഭയ്‌ക്കോ വേണ്ടിയല്ല.

? ചെറുപ്പം മുതല്‍ കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നല്ലോ. അതെല്ലാം മാധ്യമപ്രവര്‍ത്തകയെന്ന നിലയ്ക്കും സാമൂഹിക പ്രവര്‍ത്തകയെന്ന നിലയ്ക്കുമുള്ള പ്രവര്‍ത്തനങ്ങളെ എത്രമാത്രം സഹായിച്ചിട്ടുണ്ട്.

= ഞാന്‍ ക്‌ളാസിക്കല്‍ നര്‍ത്തകിയാണ്. ഭരതനാട്യവും മോഹിനിയാട്ടവും പത്തുവര്‍ഷം പഠിച്ചു. പല വേദികളിലും അഭിനയിച്ചിട്ടുണ്ട്. കോളേജില്‍ എത്തിയപ്പോള്‍ നിരന്തരമായ നാടകങ്ങളും മൈമും സ്‌കിറ്റും ഒക്കെ ചെയ്തിട്ടുണ്ട്. കോളേജിലെത്തിയപ്പോള്‍ വ്യക്തിഗതമായ ഇനങ്ങളില്‍നിന്ന് മാറി ഇത്തരം ഗ്രൂപ്പ് ഇനങ്ങളിലേക്ക് മാറി. യൂണിയന്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നാടകങ്ങളുമായി കറങ്ങിയിട്ടുണ്ട്. നാടകങ്ങളും സ്‌കിറ്റുമൊക്കെ എഴുതിയിട്ടുണ്ട്. തെരുവുനാടകങ്ങളിലും സജീവമായിരുന്നു.

? സൈ്വരമായ അധ്യാപക ജീവിതത്തില്‍നിന്നാണ് തിരക്കുപിടിച്ച മാധ്യമപ്രവര്‍ത്തനത്തിലേക്ക് വഴിമാറിയത്. സംതൃപ്തമായിരുന്നോ തൊഴിലനുഭവം.

= സ്ത്രീകള്‍ക്ക് സൗകര്യമുള്ള തൊഴിലാണ് അധ്യാപനം. ഉദാത്തമായ ഒരു തൊഴിലായാണ് ഇപ്പോഴും അതിനെ കാണുന്നത്. മാധ്യമപ്രവര്‍ത്തനത്തില്‍ ഓരോ നിമിഷം നമുക്ക് പുതുതാണ്. പുതിയ വാര്‍ത്ത, പുതിയ മനുഷ്യര്‍, പുതിയ ഇടപെടലുകള്‍. ഇതൊക്കെ വല്ലാതെ ആകര്‍ഷിച്ചിട്ടുണ്ട്. ഡെസ്‌കിലാകുമ്പോള്‍ എല്ലാം മറന്നാണ് പ്രവര്‍ത്തിക്കുക. ഓരോ ദിവസവും ചെയ്ത സ്റ്റോറികളും ചര്‍ച്ചകളും ആത്മാര്‍ഥമായും ആസ്വദിച്ചുമാണ് ചെയ്തത്. അതെല്ലാം എന്റെ മനഃസാക്ഷിയിലും ശരിബോധ്യത്തിലും ഊന്നിയാണ് ചെയ്തിട്ടുള്ളത്. ശരിയല്ലെന്ന് തോന്നിയ ഒരു വാര്‍ത്തയും ചെയ്തിട്ടില്ല. അവസരങ്ങള്‍ക്കുവേണ്ടി ഒരു ശുപാര്‍ശയ്ക്കും മെനക്കെട്ടിട്ടുമില്ല. അനധികൃതമായി ഒരവസരവും വാങ്ങിയിട്ടില്ല.

? ന്യൂസ് ഡെസ്‌കുകളിലെ സ്ത്രീവിരുദ്ധതയെ എങ്ങനെയാണ് നേരിട്ടത്. പ്രത്യേകിച്ചും ടോയ്‌ലെറ്റ് സൌകര്യം, പിക്അപ്പ് ആന്റ് ഡ്രോപ്പ് സൌകര്യം, രാത്രി ഷിഫ്റ്റ് ക്രമീകരണം, താമസം എന്നിവ തൊട്ട് വാര്‍ത്തകളിലെ സൂക്ഷ്മമായ സ്ത്രീവിരുദ്ധത പരാമര്‍ശങ്ങള്‍ വരെയുള്ള വെല്ലുവിളികള്‍ ചാനലിലെ നയരൂപീകരണ കര്‍ത്താക്കളില്‍ ഒരാളെന്ന നിലയ്ക്ക് എങ്ങനെയാണ് കൈകാര്യംചെയ്തത്.

= പണ്ട് സ്ത്രീകള്‍ പത്രങ്ങളില്‍ ഒട്ടുമില്ലായിരുന്നല്ലോ. ലീലാ മേനോനെപ്പോലെ അപൂര്‍വം വനിതകള്‍ മാത്രമായിരുന്നു. അവരൊക്കെ ഷിഫ്റ്റ് കഴിഞ്ഞ ശേഷം പുലരും വരെ ഡെസ്‌കില്‍ ഇരുന്ന് രാവിലെ ഫസ്റ്റ് ബസിന് കാത്തിരുന്ന് വീട്ടിലേക്ക് മടങ്ങുന്ന സാഹചര്യങ്ങളുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ മാറ്റം വന്നിട്ടുണ്ട്. എന്നാല്‍ ഈ മേഖല സ്ത്രീക്ക് അനുകൂലമല്ല. സ്ത്രീകള്‍ക്ക് ഗൌരവമേറിയ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാനാവില്ലെന്ന മുന്‍വിധി ശക്തമായി തന്നെ ന്യൂസ് റൂമുകളില്‍ നിലനില്‍ക്കുന്നു. ഇപ്പോള്‍ പല മാധ്യമസ്ഥാപനങ്ങളില്‍ റെസ്റ്റ് റൂം പോലുള്ള സൗകര്യങ്ങള്‍ ഉണ്ടെങ്കിലും നയരൂപീകരണത്തില്‍ എത്ര സ്ത്രീകള്‍ക്ക് പങ്കാളിത്തമുണ്ട്. എഡിറ്റോറിയല്‍ ബോര്‍ഡില്‍ സ്ത്രീകള്‍ക്ക് പങ്കാളിത്തം എത്രയോ കുറവാണ്.

ദളിതരുടെയും സ്ത്രീകളുടെയും പങ്കാളിത്തം മാധ്യമങ്ങളില്‍ ഉണ്ടായാല്‍ മാത്രമേ ഈ വിഭാഗങ്ങളുടെ ഭാഗത്തുനിന്നുള്ള വായന സാധ്യമാകൂ. യഥാര്‍ഥ പ്രശ്‌നങ്ങള്‍ വാര്‍ത്തകളില്‍ യഥാര്‍ഥ അര്‍ഥത്തില്‍ വരാത്തതിന് കാരണം ഇതുകൂടിയാണെന്ന അഭിപ്രായമാണ് എനിക്ക്. മലയാളം ചാനലുകള്‍ മൊത്തം എടുത്താന്‍ അവയില്‍ നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ പങ്കാളിത്തമുള്ള സ്ത്രീകളുടെ എണ്ണം ഒന്നോ രണ്ടോ മാത്രമാണ്. ഇന്ത്യാവിഷനിലെ ഒരനുഭവം പറയാം. റേപ്പിന് ബലാത്സംഗം എന്ന വാക്ക് നിര്‍ബന്ധമായും ഉപയോഗിക്കണമെന്ന് ശഠിച്ചത് ഞാനാണ്. മാനഭംഗം എന്ന വാക്കല്ല അതിന് തത്തുല്യമായത്. കാരണം റേപ്പില്‍ സ്ത്രീയുടെ അഭിമാനത്തിന് ക്ഷതമേല്‍ക്കുന്നില്ല എന്നതുകൊണ്ടുതന്നെ മാനഭംഗം എന്ന വാക്ക് അനുചിതമാണെന്ന് ഞാനടക്കമുള്ളവര്‍ വാദിച്ചു. അങ്ങനെയാണ് ആ തീരുമാനം നടപ്പായത്.

? ആറന്മുള വിമാനത്താവളം പ്രശ്‌നം ആറന്മുളയില്‍ ഒരു തെരഞ്ഞെടുപ്പ് വിഷയമാണ്. ബിജെപി ആണ് അതില്‍ മുതലെടുപ്പ് നടത്തുക. കോണ്‍ഗ്രസ് ഇതില്‍ പ്രതിരോധത്തിലുമാണ്. ഇടതുപക്ഷം എങ്ങനെയാണ് ഈ വിഷയത്തെ സമീപിക്കുന്നത്.

= വികസനവിരുദ്ധരാണ് ഇടതുപക്ഷം എന്ന് ധാരണ അടിച്ചേല്‍പ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ട്. ഇതു സംബന്ധിച്ച നിലപാട് സഖാവ് പിണറായി വിജയന്‍ പത്തനംതിട്ടയില്‍ വന്നപ്പോള്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്. വിമാനത്താവളത്തിന് ഇടതുപക്ഷമോ സിപിഐഎമ്മോ എതിരല്ല. വിദേശ മലയാളികള്‍ ധാരാളമുള്ള സ്ഥലമാണിത്. വിമാനത്താവളം വേണം. പക്ഷേ, അത് ജനങ്ങളെ കുടിയൊഴിപ്പിച്ചുകൊണ്ടോ പരിസ്ഥിതിക്കും ആരാധനാലയങ്ങള്‍ക്കും ആഘാതമുണ്ടാക്കിക്കൊണ്ടോ ആകരുത് എന്നാണ് സുവ്യക്തമായ നിലപാട്. പത്തനംതിട്ടയില്‍ വിമാനത്താവളം വേണമെന്നു തന്നെയാണ് ഞങ്ങളുടെ ആവശ്യം. വികസന വിരുദ്ധത എല്‍ഡിഎഫിന് മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം വിലപ്പോകില്ല.

(വീണ ജോര്‍ജ്ജുമായി ദേശാഭിമാനി ചീഫ് സബ്ബ് എഡിറ്റര്‍ എന്‍എസ് സജിത് നടത്തിയ അഭിമുഖം. ദേശാഭിമാനി വാരികയില്‍ പ്രസിദ്ധീകരിച്ചത്)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here