ന്യൂയോർക്ക്: കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച പാരിസ് ഉടമ്പടി ഒടുവിൽ ഭൗമദിനത്തിൽ തന്നെ യാഥാർത്ഥ്യമായി. ഇന്ത്യയടക്കം 175 രാഷ്ട്രങ്ങളാണ് കരാറിൽ ഒപ്പുവച്ചത്. ആഗോള താപനത്തിനു കാരണമായ കാർബൺ ബഹിർഗമനത്തിന്റെ 55 ശതമാനത്തിനെങ്കിലും കാരണക്കാരായ 55 രാഷ്ട്രങ്ങൾ കരാറിൽ ഒപ്പിടുക എന്ന കടമ്പ ഇതോടെ പൂർത്തിയായി. ഇനി ഒരുമാസം കഴിയുന്നതോടെ പാരിസ് ഉടമ്പടി നിയമമാകും. അതായത് മെയ് 21 നാണ് ഉടമ്പടി നിയമമായി പ്രാബല്യത്തിൽ വരുന്നത്. കഴിഞ്ഞ ഡിസംബറിൽ 190 രാജ്യങ്ങൾ അംഗീകരിച്ച കരാറാണ് ഭൗമദിനത്തിൽ യാഥാർഥ്യമായത്.
ഭൗമദിനത്തോട് അനുബന്ധിച്ച് ന്യൂയോർക്കിൽ നടന്ന സമ്മേളനത്തിലാണ് രാഷ്ട്രങ്ങൾ കരാറിൽ ഒപ്പുവച്ചത്. ഇന്ത്യയെ പ്രതിനിധീകരിച്ച് പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറാണ് സമ്മേളനത്തിൽ പങ്കെടുത്തത്. യുഎൻ സെക്രട്ടറി ജനറൽ ബാൻ കി മൂൺ ആണ് സമ്മേളനം വിളിച്ചു ചേർത്തിരുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ദുരന്തങ്ങൾ നേരിടാൻ ബഹുമുഖ നടപടികൾ എടുക്കാൻ ആഹ്വാനം ചെയ്യുന്നതാണ് പാരിസ് ഉടമ്പടി. ഒറ്റദിവസം ഇത്രയും അധികം രാഷ്ട്രങ്ങൾ ഒരു ഉടമ്പടി ഒപ്പുവയ്ക്കുന്നതും ഇതാദ്യമാണ്. മുമ്പ് 1982-ൽ 119 രാഷ്ട്രങ്ങൾ ലോ ഓഫ് ദ സീ കൺവെൻഷനിൽ ഒപ്പുവച്ചതായിരുന്നു ഇതിനു മുമ്പത്തെ റെക്കോർഡ്.
ആഗോള താപനിലയുടെ വർധന രണ്ടു ഡിഗ്രി സെൽഷ്യസിൽ കഴിയുമെങ്കിൽ 1.5 ഡിഗ്രി സെൽഷ്യസിൽ താഴെയാക്കി നിർത്തുക, ഏറ്റവും കൂടുതൽ കാർബൺ പുറത്തുവിടുന്ന കൽക്കരി, പെട്രോൾ, ഡീസൽ, ഗ്യാസ് തുടങ്ങിയ ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിക്കുന്നതു ക്രമേണ നിർത്തുക, കാലാവസ്ഥ വ്യതിയാനത്തിന്റെ അനന്തരഫലങ്ങൾ നേരിടുന്നതിനു കൂടുതൽ പണം ചെലവാക്കാൻ പ്രോൽസാഹിപ്പിക്കുക, അഞ്ചു വർഷം കൂടുമ്പോൾ രാജ്യങ്ങൾ അവയുടെ പ്രവൃത്തി വിലയിരുത്തി ലക്ഷ്യം നേടിയോ എന്നു റിപ്പോർട്ട് ചെയ്യുക, 2050നും 2100നും ഇടയിൽ ഭൂമിയെ കാർബൺ ന്യൂട്രലാക്കുക തുടങ്ങിയവയാണ് കരാറിലെ പ്രധാന നിർദേശങ്ങൾ. 2015 ഡിസംബറിലാണ് പാരിസ് ഉടമ്പടി മുന്നോട്ടു വച്ചത്.

Get real time update about this post categories directly on your device, subscribe now.