ഷേക്‌സ്പിയറുടെ ചരമവാർഷികദിനം

ലോകത്തിലെ ഏറ്റവും മഹാനായ എഴുത്തുകാരനും നാടകകൃത്തുമായി കണക്കാക്കപ്പെടുന്ന ഇംഗ്ലീഷ് കവി വില്യം ഷേക്‌സ്പിയറുടെ ചരമവാർഷിക ദിനമാണ് ഇന്ന്. ഷേക്‌സ്പിയറുടെ കൃത്യമായ ജനനത്തിയ്യതി അറിയില്ലെങ്കിലും ഏപ്രിൽ മാസത്തിൽ തന്നെയാണ് അദ്ദേഹത്തിന്റെ ജനനവും. ഇംഗ്ലണ്ടിന്റെ രാഷ്ട്രകവിയെന്നും ‘ബാർഡ്’ എന്നും അദ്ദേഹം അറിയപ്പെട്ടു. 38 നാടകങ്ങളും 154 ഗീതകങ്ങളും ചില കാവ്യങ്ങളുമാണ് ഷേക്‌സ്പിയറുടേതായി ലഭിച്ചിട്ടുള്ളത്. ജീവിച്ചിരുന്നപ്പോൾ ലഭിക്കാത്ത പ്രസിദ്ധി മരണശേഷമാണ് ഷേക്‌സ്പിയറെ തേടിയെത്തിയത്.

സാഹിത്യലോകത്ത്, പ്രത്യേകിച്ച് ഇംഗ്ലീഷ് സാഹിത്യ ലോകത്ത് ഇദ്ദേഹത്തോളം ഉദ്ദരിക്കപ്പെട്ട കവി മറ്റൊരാളുണ്ടാവില്ല. ദുരന്ത നാടകങ്ങളിലും ശുഭാന്ത നാടകങ്ങളിലും ഷേക്‌സ്പിയർ സ്പർശം ഒരുപോലെ മികച്ചതായി. ലോകത്തിലെ പ്രധാന ഭാഷകളിലേക്കെല്ലാം ഷേക്‌സ്പിയർ കൃതികൾ വിവർത്തനം ചെയ്യപ്പെട്ടു. മാത്രമല്ല ഇന്നും ഷേക്‌സ്പിയർ നാടകങ്ങൾ അവതരിപ്പിക്കപ്പെടുന്നു. അതുപോലെ തന്നെ അദ്ദേഹത്തിന്റെ പല ഉദ്ധരിണികളും ആംഗലേയ ഭാഷയുൾപ്പടെ പല ഭാഷകളിലും ദൈനംദിന ഉപയോഗത്തിൽ കടന്നു കൂടിയിട്ടുണ്ട്.

കിംഗ് ലിയർ, ഹാംലെറ്റ്, മാക്‌ബെത്ത് തുടങ്ങിയ അദ്ദേഹത്തിന്റെ നാടകങ്ങൾ ഇംഗ്ലീഷ് ഭാഷയിലെ എക്കാലത്തെയും മികച്ച ദുരന്തനാടകങ്ങളായി കണക്കാക്കപ്പെടുന്നു. അവസാനകാലത്ത് റൊമാൻസസ് എന്നുകൂടി പേരുള്ള ഹാസ്യാത്മകമായ ദുരന്തനാടകങ്ങൾ എഴുതുകയും മറ്റു നാടകകൃത്തുകളുമായി സഹകരിച്ച് എഴുതുകയും ചെയ്തു. ജീവിതകാലത്തു തന്നെ അദ്ദേഹത്തിന്റെ പല കൃതികളും പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. 1623-ൽ ഷേക്‌സ്പിയറുടെ രണ്ട് മുൻകാല നാടകസഹപ്രവർത്തകർ അദ്ദേഹത്തിന്റെ കൃതികളുടെ ഒരു സമാഹാരം പ്രസിദ്ധീകരിച്ചു. ഇതിൽ രണ്ടെണ്ണമൊഴികെയുള്ള എല്ലാ നാടകങ്ങളും അദ്ദേഹത്തിന്റേതായിത്തന്നെയാണ് ഇന്നും കണക്കാക്കുന്നത്.

ഷേക്പിയറുടെ ജീവിതകാലത്തുതന്നെ അദ്ദേഹം വളരെ ബഹുമാനിക്കപ്പെട്ടിരുന്ന ഒരു കവിയും നാടകകൃത്തുമായിരുന്നെങ്കിലും പത്തൊൻപതാം നൂറ്റാണ്ടിലാണ് അദ്ദേഹത്തിന്റെ പ്രശസ്തി ഇന്നത്തെ നിലയിലേക്ക് ഉയർന്നത്. റൊമാന്റിക്കുകൾ ഇദ്ദേഹത്തെ ഒരു അത്ഭുതപ്രതിഭയായിക്കണക്കാക്കിയിരുന്നു. വിക്‌റ്റോറിയൻസ് ആകട്ടെ ഷേക്പിയറെ താരാരാധനയോടെ നോക്കിക്കണ്ടു. പരിഹാസപൂർവം ബർണാഡ് ഷാ അതിനെ ‘ബാർഡൊലേറ്ററി’ എന്ന് വിളിക്കുകയുണ്ടായി. 1564 ഏപ്രിലിൽ ഏതോ ദിവസത്തിൽ ജനിച്ച അദ്ദേഹത്തിന്റെ മാമോദീസാത്തിയ്യതിയായി കണക്കാക്കുന്നത് ഏപ്രിൽ 26 ആണ്. 1616 ഏപ്രിൽ 23നു 52-ാം വയസ്സിൽ അദ്ദേഹം അന്തരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News