മുക്ത്‌സാർ/പഞ്ചാബ്: പട്ടാപ്പകൽ യുവതിയെ ജോലിസ്ഥലത്തെത്തി ഓഫീസിൽ നിന്ന് തട്ടിക്കൊണ്ടു പോയി ബലാൽസംഗം ചെയ്തു. പഞ്ചാബിലെ മുക്ത്‌സാർ ഗ്രാമത്തിൽ നിന്നുളള 24 കാരിയായ യുവതിയാണ് പീഡനത്തിനിരയായത്. കഴിഞ്ഞ മാസം 25 നായിരുന്നു സംഭവം. തട്ടിക്കൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങൾ തൊട്ടടുത്ത സിസിടിവി കാമറയിൽ പതിഞ്ഞത് ഇന്നലെയാണ് പുറത്തുവന്നത്. എൻഡിടിവിയാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്. തട്ടിക്കൊണ്ടു പോകുന്നതിനിടെ കരഞ്ഞു നിലവിളിച്ചിട്ടും ഒരാൾ പോലും പെൺകുട്ടിയുടെ രക്ഷയ്‌ക്കെത്തിയില്ല.
യുവതിയെ അവൾ ജോലി ചെയ്തിരുന്ന കംപ്യൂട്ടർ സെന്ററിൽ നിന്ന് വലിച്ചിറക്കുന്നതു മുതലുള്ള ദൃശ്യങ്ങളാണ് സിസിടിവിയിൽ ഉള്ളത്. തെരുവിലൂടെ യുവതിയെ വലിച്ചിഴക്കുമ്പോൾ സഹായത്തിനായി പെൺകുട്ടി അലറി വിളിക്കുന്നുണ്ട്. എന്നാൽ, ആരും തിരിഞ്ഞ നോക്കിയില്ല. കേട്ടവർ പോലും വാഹനം അതിവേഗത്തിൽ ഓടിച്ചുപോയി. വലിച്ചിഴച്ച് കൊണ്ടു പോയി ഒരു ഫാംഹൗസിൽ വച്ചാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. തൊട്ടടുത്ത ദിവസം യുവതിയെ മോചിപ്പിക്കുകയും ചെയ്തു.
കുറേ കഴിയുമ്പോൾ പെൺകുട്ടിയുടെ സഹപ്രവർത്തകർ പുറത്തേക്ക് ഓടിയെത്തുന്നതു കാണാം. പെൺകുട്ടിയുടെ അതേ ഗ്രാമത്തിൽ നിന്നു തന്നെയുള്ളയാളാണ് തട്ടിക്കൊണ്ടു പോയതെന്ന് പൊലീസ് അറിയിച്ചു. ഇയാളെ യുവതിക്കും അറിയാമെന്നും പൊലീസ് പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here