പുരുഷൻ അവന്റെ ആനന്ദങ്ങൾ കൊണ്ടു സ്ത്രീയെ പുതപ്പിച്ചു കിടത്തുകതന്നെ ചെയ്തുകൊണ്ടിരിക്കും; പൊളിറ്റിക്കലി കറക്ട് ലീല

ണ്ട്, വെള്ളിയാഴ്ച പള്ളിയിൽ നിന്നിറങ്ങി, ചോറുവാരിത്തിന്നു ആദ്യം കാണുന്ന ബസ്സിൽ മുക്കത്തേക്കൊരു പാച്ചിലായിരുന്നു. അഭിലാഷിലോ പിസി യിലോ മാറ്റിനി കാണാൻ. അന്നേരം മുകളിലെ കമ്പിയിൽ പിടിച്ച കൈകൾക്കെല്ലാം ഒരേ മണമായിരുന്നു.

ബീഫിന്റെ മണം.

എന്നെപ്പോലെ മാറ്റിനിക്കു മണ്ടുന്ന മാപ്പിളക്കുണ്ടൻമാരാകും ബസ് നിറയെ.
വെള്ളിയാഴ്ച ഉച്ചയ്ക്കു ബീഫ് ഇല്ലാതെ എന്ത് മാപ്പിളത്തനിമ!

അന്നും ഇന്നും എനിയ്ക്കു ബീഫിനോടും ബിരിയാണിയോടും അത്ര കമ്പമില്ല. ഇന്നാണെങ്കിൽ കൊളസ്ട്രോൾ കണ്ടമാനം ഉള്ളതിനാൽ ബീഫ് തൊടാനും വയ്യ.
പക്ഷേ, ഇന്ന് ഞാൻ ബീഫ് കഴിച്ചു.

വെറും ബീഫല്ല. കോഴിക്കോട്ടെ പ്രസിദ്ധമായ റഹ്മത്ത് ഹോട്ടലിലെ ബീഫ് ബിരിയാണി. രഞ്ജിത്ത് – ഉണ്ണി ആർ കൂട്ടുകെട്ടിന്റെ ലീല കണ്ടപ്പോഴുണ്ടായ ഒരു പൊളിറ്റിക്കൽ തീരുമാനമായിരുന്നു അത്.

ലീലയെയും കൊണ്ടു വയനാട്ടിലേക്കു പോകുമ്പോൾ സഞ്ചിയിൽ ബീഫാണെന്ന് പറയുന്ന ദാസപ്പാപ്പിയോട് (ഇന്ദ്രൻസ്) കുട്ടിയപ്പൻ പറയുന്നുണ്ട്, ബീഫ് എന്നൊക്കെ പതുക്കെ പറയാൻ. ബീഫ് എന്ന് ഉറക്കെ പറയാൻ പോലും പേടിക്കേണ്ട കാലത്താണു നമ്മൾ ജീവി്ക്കുന്നതെന്ന പൊളിറ്റിക്കലി കറക്ടായ ഒരോർമപ്പെടുത്തലാണ് അത്.

സർവീസിൽനിന്നു വിരമിച്ച ലൈംഗികത്തൊഴിലാളികളെ ആദരിക്കുന്ന ചടങ്ങിനു പാരവയ്ക്കുന്ന പഞ്ചായത്ത് പ്രസിഡന്റിനെയും പൊളിറ്റിക്കലി കറക്ട് ചെയ്യാൻ ശ്രമിക്കുന്നുണ്ട് കുട്ടിയപ്പൻ.

പക്ഷേ, കുട്ടിയപ്പനെ പൊളിറ്റിക്കലി കറക്ട് ആക്കുന്നതു വിരമിച്ച ഒരു ലൈംഗിക തൊഴിലാളിയാണ്. വിരമിച്ചവരെ ആദരിക്കുന്നതിനു പകരം ഈ തൊഴിലിലേക്ക് ഇറങ്ങുന്നവരെ രക്ഷപ്പെടുത്താൻ കഴിയുമോ എന്നാണ് അവരുടെ ചോദ്യം
മലയാളിയുടെ ലൈംഗിക, സദാചാര, ജാതി ബോധങ്ങളെ ലീല ചോദ്യം ചെയ്യുന്നുണ്ട്. സവർണപക്ഷപാത, വരേണ്യ മേധാവിത്ത ആരോപണങ്ങൾക്കു പലകുറി വിധേയനായിട്ടുള്ള രഞ്ജിത്ത് പൊളിറ്റിക്കലി കുറേക്കൂടി കറക്ടായി സിനിമ എന്ന മാധ്യമത്തെ ഉപയോഗപ്പെടുത്താൻ ശ്രമിക്കുകയാണു ലീലയിൽ.

രഞ്ജിത്ത്

രണ്ട് നായർ കഥാപാത്രങ്ങളെ (വിജയരാഘവൻ, ജഗദീഷ്) ജാതി പറഞ്ഞുകൊണ്ടുതന്നെ, മലയാള സിനിമ ഇന്നോളം കണ്ടിട്ടില്ലാത്ത ഒരു പരിപ്രേക്ഷ്യത്തിലാണ് അവതരിപ്പിക്കുന്നത്. സ്വന്തം മകളെ ബലാത്സംഗം ചെയ്തു ഗർഭിണിയാക്കുകയും പിന്നീട് കുട്ടിയപ്പന്റെ ഇംഗിതത്തിനു കൂട്ടിക്കൊടുക്കുകയും ചെയ്യുന്ന നായരെ(ജഗദീഷ്)ച്ചൂണ്ടി മാന്യനും കരയോഗക്കാരനുമായ നായർ (വിജയരാഘവൻ) പറയുന്നത് അയാൾ ഒറിജിനൽ നായരായിരിക്കില്ല, ഒറിജിനലാണെങ്കിൽ ഇങ്ങിനെ ചെയ്യാൻ പറ്റില്ലെന്നാണ്.

ജഗദീഷ് തികച്ചും വ്യത്യസ്തമായ ഒരു വേഷത്തിലെത്തുന്നു എന്നാണ് ചിത്രത്തിന്റെ ഒരു പ്രധാന ഹൈലൈറ്റ്. ചെറുതെങ്കിലും ഒരു നടനെന്ന നിലയിൽ ജഗദീഷിന്റെ മികച്ച പ്രകടനമായി ഈ ‘അധഃസ്ഥിത’ നായർ.

പി ടി ചാക്കോയുടെ പ്രതിമയ്ക്കു മുന്നിലൂടെ കടന്നു പോകുന്ന കുട്ടിയപ്പന്റെ ആത്മഗതത്തിലൂടെ, കോട്ടയത്തെ നസ്രാണി രാഷ്ട്രീയത്തിന്റെ ഇന്നത്തെ അപചയത്തിലേക്കും തിരക്കഥാകൃത്ത് വിരൽ ചൂണ്ടുന്നുണ്ട്. കെട്ടുപ്രായം കഴിഞ്ഞിട്ടും പെണ്ണുകെട്ടാതെ ലൈംഗികത തന്റേതായ രീതിയിൽ ആഘോഷമാക്കി നടക്കുന്ന കോട്ടയം അച്ചായനാണു കുട്ടിയപ്പൻ. പെണ്ണിനെ അനുഭവിക്കുന്നതിൽ അയാൾക്ക് വിചിത്ര രീതികളുണ്ട്. അങ്ങിനെയിരിക്കെ, ഉണ്ടായ ഒരു വെളിപാടാണ് ആനയുടെ തുമ്പിക്കൈയിൽ ചാരി നിർത്തി ഒരു പെണ്ണിനെ അനുഭവിക്കുക എന്ന മോഹം. അതിന് ആനയേയും കിട്ടണം പെൺകുട്ടിയേയും കിട്ടണം. രണ്ടും തേടിയുള്ള കുട്ടിയപ്പന്റെ യാത്രയാണു ലീല. പുരുഷന്റെ ഏതു വിചിത്ര മോഹങ്ങൾക്കും കീഴടങ്ങേണ്ടവളാണു സ്ത്രീയെന്ന മനുവിന്റെ കൽപന ഇന്നും സരിതമാരുടെ കേരളം ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നുണ്ടല്ലോ?

ഉണ്ണി ആർ

പ്രബുദ്ധ മലയാളിയുടെ ഈ കാപട്യത്തിനു ലീല അടിവരയിടുന്നു. വിരമിച്ച ലൈംഗിത തൊഴിലാളികളെ ആദരിക്കുന്ന ചടങ്ങിൽ ഒരു സ്ത്രീ പറയുന്നുണ്ട് -പണ്ട് തുണിയുരിയാൻ വിളിച്ചു, ഇപ്പോൾ തുണി ഇടാൻ വിളിച്ചു. രണ്ടിനായാലും വരിക എന്നല്ലാതെ നമ്മൾ എന്തു ചെയ്യുമെന്ന്. ഇനി തുണി പുതപ്പിക്കാൻ വരാമെന്നാണ് ആ സ്ത്രീയോട് കുട്ടിയപ്പൻ പ്രതികരിക്കുന്നത്. പുരുഷൻ അവന്റെ ആനന്ദങ്ങൾ കൊണ്ട് സ്ത്രീയെ പുതപ്പിച്ചു കിടത്തുകതന്നെ ചെയ്തുകൊണ്ടിരിക്കും.
സ്വന്തം ആനന്ദത്തിനപ്പുറം സ്ത്രീക്കു വില കൽപിക്കാത്ത പുരുഷന്റെ അധികാര തൃഷ്ണകളെയാണു ലീല എന്ന ചലച്ചിത്രം ചവിട്ടിയരയ്ക്കുന്നത്.
കഥയിൽനിന്നു സിനിമയിലെത്തുമ്പോൾ കുട്ടിയപ്പൻ കുറേക്കൂടി വലുതാകുന്നു. ബിജു മേനോൻ കുട്ടിയപ്പനെ ഉജ്വലമാക്കി. മുന്നറിയിപ്പിൽ ചെയ്ത പോലെ അപ്രതീക്ഷിത ക്ലൈമാക്സ് കൊണ്ട് പ്രേക്ഷകരെ ഞെട്ടിക്കുകയാണു ലീലയിലും ഉണ്ണി ആർ എന്ന തിരക്കഥാകൃത്ത്. നല്ല സാഹിത്യത്തിൽനിന്നു നല്ല സിനിമയുണ്ടാക്കാനുള്ള രഞ്ജിതിന്റെ ശ്രമം ഒരിക്കൽ കൂടി വിജയം നേടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News