ഇന്ത്യയിൽ ഏറ്റവും അധികം ചൂട് ഒഡിഷയിൽ; 48 ഡിഗ്രി ചൂടിൽ ചുട്ടുപൊള്ളി ടിറ്റ്‌ലാഗഡ്

ഭുവനേശ്വർ: ഇന്ത്യയിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും കൂടിയ ചൂട് ഒഡിഷയിലെ ടിറ്റ്‌ലാഗഡിൽ. 47.5 ഡിഗ്രി സെൽഷ്യസ് ചൂടാണ് ഇന്ന് ടിറ്റ്‌ലാഗഡിൽ രേഖപ്പെടുത്തിയത്. ഇന്നലെ 47 ഡിഗ്രി ചൂടായിരുന്നു ടിറ്റ്‌ലാഗഡിലേത്. ഒഡിഷയിലെ ബൊലാംഗിർ ജില്ലയിലെ ഒരു സ്ഥലമാണ് ടിറ്റ്‌ലാഗഡ്. ഒഡിഷയിലെ തന്നെ മൂന്നു സ്ഥലങ്ങൾ കൂടി 46 ഡിഗ്രിക്കു മുകളിൽ ചൂട് രേഖപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടർ ശരത് സാഹുവാണ് ഇക്കാര്യം അറിയിച്ചത്.

ടിറ്റ്‌ലാഗഡിനു പുറമേ സോണിപൂരിൽ 46.3 ഡിഗ്രിയും സുന്ദർഗഡിലും ബൊലാംഗിറിലും 46 ഡിഗ്രി വീതവും ചൂടു രേഖപ്പെടുത്തി. ഒഡിഷയിലെ തന്നെ മറ്റിടങ്ങളിലും ചൂട് കടുക്കുകയാണ്. 9 പട്ടണങ്ങളിൽ 44 ഡിഗ്രിക്കു മുകളിലും 15 പട്ടണങ്ങളിൽ 40 ഡിഗ്രിക്കു മുകളിലും ചൂട് രേഖപ്പെടുത്തി. മറ്റിടങ്ങളിൽ ചൂട് ഇങ്ങനെ. അംഗൂൾ (45 ഡിഗ്രി), സംബൽപൂർ (45.2 ഡിഗ്രി), ഹിരാകുഡ് (45.5 ഡിഗ്രി), ഭവാനിപട്‌ന (44.5), ഝർസുഗുഡ (44.8 ഡിഗ്രി). തലസ്ഥാനമായ ഭുവനേശ്വറിൽ 40.5 ഡിഗ്രി സെൽഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്.

ഒഡിഷയിലെ ഉൾപ്രദേശങ്ങളിലും ചില തീരപ്രദേശങ്ങളിലും ചൂടുകാറ്റ് വീശാൻ സാധ്യതയുണ്ടെന്നു കാലാവാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ഒഡിഷയിൽ ആകമാനം ഒരു വരണ്ട കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. അടുത്ത ദിവസങ്ങളിൽ തന്നെ ചൂടുകാറ്റ് വീശും. സംസ്ഥാനത്ത് ഇതുവരെ സൂര്യാഘാതം നിമിത്തം 2 മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News