വരുന്ന ഏപ്രിൽ 29ന് പുതിയ സ്വപ്നങ്ങളുമായി രണ്ടു ലക്ഷത്തോളം വിദ്യാർത്ഥികൾ എൻട്രൻസ് പരീക്ഷ കഴിഞ്ഞ് ഇറങ്ങുകയാണ്. പ്രധാനമായും ഇവർ ലക്ഷ്യം വയ്ക്കുന്നത് എഞ്ചിനിയ റിംഗ്- മെഡിക്കൽ രംഗമാണ്. ഒരു വിദ്യാർത്ഥിയെ സംബന്ധിച്ചിടത്തോളം വളരെ നിർണ്ണായകമായ ഒന്നാണ് പ്ലസ് ടു പരീക്ഷാനന്തരം നടക്കുന്ന ഈ എൻട്രൻസ് പരീക്ഷ. ആദ്യത്തവണ പ്രതീക്ഷിക്കുന്ന കോഴ്‌സിനുള്ള റാങ്ക് നേടാനായില്ലെങ്കിൽ വരുന്ന ഒരു വർഷം പരീശീലനത്തിനായി മാറ്റി വച്ച് എൻട്രൻസ് ആവർത്തിക്കുന്ന കുട്ടികളുടെ എണ്ണവും വർഷാവർഷം ഏറി വരുന്നു. കുട്ടികളും മാതാപിതാക്കളും പ്രവേശന പരീക്ഷകൾക്ക് ഇത്രയേറെ പ്രാധാന്യം നൽകുന്നതിന്റെ കാരണമായി പറയപ്പെടുന്നത്, സർക്കാരിന്റെ കുറഞ്ഞ ഫീസ് നിരക്കിൽ പ്രൊഫഷണൽ കോഴ്‌സുകൾ പഠിയ്ക്കാൻ എൻട്രൻസിൽ ഉന്നത വിജയം അനിവാര്യമാണെന്നാണ്.

2015 ലെ പ്രവേശനപരീക്ഷ എഴുതിയത് ഒരു ലക്ഷത്തി തൊണ്ണൂറായിരം വിദ്യാർത്ഥികളാണ്. ഇതിൽ ഒരു ലക്ഷത്തിനാൽപ്പതിനായിരത്തിനടുത്ത് വിദ്യാർത്ഥികൾ വിവിധ പ്രൊഫഷണൽ കോഴ്‌സുകൾക്ക് യോഗ്യത നേടി. എന്നാൽ കേരളത്തിലെ സീറ്റുകളുടെ പരിമിതി നിമിത്തം അറുപത്തിരണ്ടായിരം കുട്ടികൾ മാത്രമാണ് സർക്കാർ സീറ്റുകളിൽ അഡ്മിഷൻ നേടിയത്.. ബാക്കി എഴുപത്തിയെട്ടായിരത്തോളം കുട്ടികൾ പ്രൈവറ്റ് മാനേജ്‌മെന്റ് കോളേജുകളുടെ ചഞക ,സീറ്റുകളിൽ മറ്റും കോടികളും ലക്ഷങ്ങളും നൽകി സീറ്റ് വാങ്ങി ഇരട്ടിയോളം വരുന്ന ഫീസ് നൽകി പഠിക്കാൻ നിർബന്ധിതരായി മറ്റൊരർഥത്തിൽ പ്രബുദ്ധ കേരളത്തിലെ യുവതലമുറ വിദ്യാഭ്യാസ ചൂഷണത്തിനിരയായിത്തീരുന്നു. കോഴ്‌സുകളെയും വിവിധ പഠന മാർഗങ്ങളെയും കുറിച്ചുള്ള മാതാപിതാക്കളുടെ അജ്ഞത. അവരെ കൊണ്ടു ചെന്നെത്തിക്കുന്നത് വിദ്യാഭ്യാസ ലോണുകൾ ഉൾപ്പെടെയുള്ള ആ ജീവനാന്ത കടക്കെണിയിലേക്കാണ്.

സാക്ഷരതയിലും ബുദ്ധിവൈഭവത്തിലും കേരളം ഒന്നാം സ്ഥാനത്താണെങ്കിലും നമ്മുടെ വിദ്യാഭ്യാസ നിലവാരവും സൗകര്യങ്ങളും പരിമിതമാണ്. കേരളത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന പല യൂണിവേഴ്‌സിറ്റികളുടെയും സ്ഥാനം ലോക നിലവാര പട്ടികയിൽ പതിനായിരത്തിനു മുകളിലാണ്. ഇന്ത്യൻ വിദ്യാഭ്യാസത്തെ ഒന്നായി വിലയിരുത്തുമ്പോൾ മറ്റു സംസ് സ്ഥാനങ്ങളായ കർണാടക, ആന്ധ്ര, തമിഴ്‌നാട് തുടങ്ങിയവ കേരളത്തെ അപേക്ഷിച്ച് അല്പം കൂടി മെച്ചപ്പെട്ടതാണെന്ന് പറയാം. ഈ സംസ്ഥാനങ്ങളിൽ അംഗീകാരമില്ലാത്ത നിരവധി ഇൻസ്റ്റിറ്റ്യൂട്ടുകൾ പ്രവർത്തിക്കുന്നുണ്ടെന്നുള്ളത് മറ്റൊരു വശം.. ഒരു കോഴ്‌സിന് അഡ്മിഷൻ നേടുന്നതിന് മുൻപ് ഏറെ കാര്യങ്ങൾ അന്വേഷിച്ചറിയേണ്ടതുണ്ട്. കോളേജിന്റെ അംഗീകാരമാണ് ഏറെ പ്രധാനം. വിദേശത്ത് ജോലി സാധ്യതയുള്ള കോഴ്‌സുകൾ അല്ല. വിദേശത്തും സ്വദേശത്തും ഒരുപോലെ ജോലി സ്ഥിരത നൽകുന്ന കോഴ്‌സുകളാണ് കുട്ടികൾ തിരഞ്ഞെടുക്കേണ്ടത്.

ഇന്ത്യയിൽ വൈദ്യശാസ്ത്ര പഠനത്തിന്റെ അവസാന വാക്കാണ് ഓൾ ഇന്ത്യ മെഡിക്കൽ സയൻസസ് അഥവാ എയിംസ്. നമ്മുടെ അഭിമാനമായ എയിംസിന്റെ ലോക നിലവാരപ്പട്ടികയിലെ സ്ഥാനം 1064-ാമതാണ്. എന്നാൽ നാം നിലവിരമില്ല എന്നു പറഞ്ഞു തള്ളിക്കളയുന്ന ചൈനീസ് യൂണിവേഴ്‌സിറ്റികളുടെ സ്ഥാനം അഞ്ഞൂറിനുള്ളിലാണ്. ചൈന ഉൾപ്പെടന്ന വിദേശ രാജ്യങ്ങൾ കുറഞ്ഞ ചിലവിൽ നിലവാരവും അംഗീകാരവുമുള്ള കോഴ്‌സുകൾ നമ്മുടെ വിദ്യാർഥികൾക്ക് നൽകാൻ തയ്യാറായിട്ടും നമ്മൾ അത്തരം സൗകര്യങ്ങളെ ഉപയോഗപ്പെടുത്തുന്നില്ല. വിദേശ കോഴ്‌സുകൾക്ക് ഇന്ത്യയിൽ അംഗീകാരമില്ല. മറ്റു രാജ്യങ്ങളിൽ കോഴ്സ് പൂർത്തിയാക്കി വരുന്ന വിദ്യാർത്ഥികൾ പ്രവേശനപരീക്ഷകൾ ഇവിടെ എഴുതണം തുടങ്ങിയ കാരണങ്ങൾ പറഞ്ഞാണ് വിദേശ പഠനത്തെ നിരുത്സാഹപ്പെടുത്തുന്നത്.

ഇന്ത്യയിലെ എല്ലാ അംഗീകൃത പൊഫഷണൽ കോഴ്‌സുകളെയും നിയന്ത്രിക്കുന്നതിന് അതത് കൗൺസിലുകളുണ്ട്. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ അഥവാ എംസിഐയുടെ കീഴിലാണ് വൈദ്യശാസ്ത്ര പഠനം വരുന്നത്. പ്രസ്തുത കൗൺസിലിന്റെ വെബ്‌സൈറ്റിൽ അംഗീകൃത യൂണിവേഴ്‌സിറ്റികളെക്കുറിച്ച് വ്യക്തമായി വിവരിക്കുന്നുണ്ട്. ഇന്ത്യയിലെ ഒട്ടുമിക്ക പ്രൊഫഷണൽ കോഴ്‌സുകൾക്കും യോഗ്യതാ നിർണ്ണയ പരീക്ഷകൾ നിലവിലുണ്ട്. സെറ്റ്, നെറ്റ്, ടെറ്റ് എന്നിവ ഉദാഹരണങ്ങളാണ്. അതു പോലെ മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ യോഗ്യത നിർണ്ണയ പരീക്ഷ മാത്രമാണ് എംസിഐ നടത്തുന്ന സ്‌ക്രീനിംഗ് ടെസ്റ്റ്. 2017 മുതൽ ഇന്ത്യയിലെ എല്ലാ മെഡിക്കൽ കോളേജുകളിലും പഠനം പൂർത്തിയാക്കിയിറങ്ങുന്ന വിദ്യാർത്ഥികളും മേൽപറഞ്ഞ സ്‌ക്രീനിംഗ് ടെസ്റ്റ് എഴുതേണ്ടതാണ്. ഇത്തരം വിവരങ്ങൾ മാതാപിതാക്കൾക്ക് അറിയാതെ പോകുന്നതു തികച്ചും സ്വാഭാവികം മാത്രമാണ്.

ഇത്തരം സാഹചര്യങ്ങളിൽ ഒരു നല്ല വിദ്യാഭ്യാസ ഉപദേഷ്ടാവിന്റെ സേവനം വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും അനിവാര്യമാണ്. കുട്ടികളുടെ അഭിരുചിക്കും മാതാപിതാക്കളുടെ സാമ്പത്തിക നിലവാരത്തിനും അനുസരിച്ചുള്ള കോഴ്‌സുകളെക്കുറിച്ചും അവ നടത്തുന്ന കോളേജുകളെക്കുറിച്ചും സാധ്യതകളെക്കുറിച്ചും വ്യക്തമായ ധാരണ നേടിയ ശേഷം മാത്രം കോഴ്‌സുകൾ തിരഞ്ഞെടുക്കുക. വിദ്യാഭ്യാസമെന്നത് അറിവിനും വിവേകത്തിനും എന്നതിനുമപ്പുറം ജീവിതമാർഗ്ഗവുമാണ്.