അറങ്ങോട്ടുകര: ഇനിയുമിത്തിരി ബാക്കിയുണ്ടീ
നാടിതിൻ ദീവൻ
അതുകെടാതെയുണർത്താനായ്
തെരുവിലൊന്നാകാം
കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയം ഉറപ്പുവരുത്താൻ സാംസ്‌കാരിക പ്രവർത്തകർ തെരുവിലേക്ക്. ഈ കെട്ടകാലത്തു സാംസ്‌കാരിക പ്രവർത്തകർക്കും കലാകാരൻമാർക്കും വിദ്യാർഥികൾക്കും സ്ത്രീകൾക്കും അഭിമാനത്തോടു കൂടി തലയുയർത്തി ജീവിക്കാൻ ഇടതുപക്ഷ വിജയം അനിവാര്യമെന്ന് ഉറപ്പിച്ചു പ്രഖ്യാപിക്കുകയാണ് ഇവർ. പാലക്കാട്, തൃത്താല മണ്ഡലങ്ങളിൽ വരും ദിവസങ്ങളിൽ കലാജാഥ പര്യടനം നടത്തും.
ആറങ്ങോട്ടുകരയിൽ നടന്നുവന്ന പരിശീലനം പൂർത്തിയാക്കി അവർ തെരുവിൽ ജനങ്ങളെ കാണാനെത്തുകയാണ്. ആടിയും പാടിയും അവർ തെരുവു കീഴടക്കും. പരിശീലന ക്യാമ്പിനു പുറമേ തെരുവിലും വീട്ടുമുറ്റങ്ങളിലുമായിരുന്നു പരിശീലനം. ജനങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ചു കലാപരിപാടികൾ തയാറാക്കാനായിരുന്നു ഇത്തരത്തിൽ വ്യത്യസ്തമായ പരിശീലനം. പ്രമുഖ സംവിധായകൻ എംജി ശശിയുടെ നേതൃത്വത്തിലായിരുന്നു പരിശീലനം.
ഗാനരചയിതാവ് ഹരിനാരായണൻ, സംഗീത നാടക അക്കാദമി മുൻ സെക്രട്ടറി പി ഗംഗാധരൻ, എം ജി ശശി എന്നിവരുടെ രചനകളാണ് ജാഥയിൽ ആവിഷ്‌കരിക്കുന്നത്. സാംസ്‌കാരിക പ്രവർത്തകയും നർത്തകിയുമായ ശൈലജയാണ് സംഗീതശിൽപം ചിട്ടപ്പെടുത്തിയത്. കെ പി രാജൻ, ടി എൻ രാജൻ, നയന, വൃന്ദ, വിദ്യ, ശ്രുതി, രവി, സുധീഷ് തുടങ്ങിയവരാണ് പാട്ടുകൾ പാടിയിരിക്കുന്നത്. സംസ്ഥാന കലോത്സവത്തിൽ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട മജീദ്, നജമഹ്ജബിൻ, വൃന്ദ, വൈഷ്ണവ്, ശ്രീനാഥ്, നയന, രവി ശരത്, അർജുൻ, സുധീഷ്, ശ്രാവൺ തുടങ്ങിയവരാണ് കലാജാഥാംഗങ്ങൾ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here