യുആർഎല്ലുകൾ ചുരുക്കുമ്പോൾ സൂക്ഷിച്ചോളൂ; നിങ്ങളെ ഒരു ഭീകര പണി കാത്തിരിപ്പുണ്ട്

നീളമുള്ള പേരുള്ള ഒരാൾക്ക് വേഗത്തിൽ വിളിക്കാൻ പറ്റുന്ന ചുരുക്കപ്പേരോ അല്ലെങ്കിൽ ചെല്ലപ്പേരോ ഉണ്ടാകും. ഇതുപോലെയാണ് യുആർഎല്ലുകളുടെ കാര്യവും. യൂണിഫോം റിസോഴ്‌സ് ലൊക്കേറ്റർ അഥവാ യുആർഎൽ. ഇന്റർനെറ്റ് വിലാസങ്ങളെ പൊതുവായി പറയപ്പെടുന്നതാണ് യുആർഎൽ എന്ന്. നീളമുള്ള യുആർഎൽ വിലാസങ്ങൾ ചുരുക്കിയെടുക്കുന്നതിനായി ഉപയോഗിക്കുന്നതാണ് യുആർഎൽ ഷോർട്‌നർ. യുആർഎൽ ഷോർട്‌നറുകൾ ഉപയോഗിച്ച് നീണ്ട യുആർഎൽ, ചെറുതാക്കി ഉപയോഗിക്കാൻ സാധിക്കുന്നു. ചെറുതാക്കിയ യുആർഎൽ യഥാർഥ പേജിലേക്ക് തന്നെയാണ് നമ്മെ നയിക്കുക. എന്നാൽ, ഇനി ഒരു കാര്യം അറിഞ്ഞോളൂ. ഉപകാരം മാത്രമല്ല ഉപദ്രവം കൂടി ചെയ്യുന്നുണ്ട് ഈ കുഞ്ഞൻ യുആർഎല്ലുകൾ.

വലിയ ലിങ്കുകൾ കാഴ്ചയ്ക്കും അരോചകമാണ്. അതുകൊണ്ടു തന്നെ ഷോർടൻ ചെയ്യുമ്പോൾ ലളിതമായ യുആർഎൽ ലഭിക്കുമ്പോൾ തന്നെ ഇത് ഉപദ്രവവും ചെയ്യുന്നുണ്ട്. എന്താണെന്നല്ലേ. ചുരുക്കിയ യുആർഎൽ വഴി ഹാക്കർമാർക്ക് എളുപ്പത്തിൽ കംപ്യൂട്ടറിലേക്ക് നുഴഞ്ഞുകയറി വിവരങ്ങൾ ചോർത്താം. നിങ്ങളുടെ ക്ലൗഡ് സ്റ്റോറേജുകളിൽ മാൽവെയറുകൾ പരത്താം. ഇങ്ങനെ യുആർഎൽ ഷോർട്‌നറുകൾ നൽകുന്ന പണി ചില്ലറയൊന്നുമല്ല. ഇത്തരത്തിൽ ഷെയർ ചെയ്ത ഗൂഗിൾ ഡ്രൈവ്, വൺ ഡ്രൈവ് എന്നിവയിലെ ഉള്ളടക്കങ്ങൾ വളരെ എളുപ്പത്തിൽ ഹാക്കിംഗ് രീതിയിലൂടെ ചോർത്തിയെടുക്കാനും അവ നശിപ്പിക്കാനോ മാറ്റങ്ങൾ വരുത്താനോ ഷോർടൺ യുആർഎൽ വഴി സാധിക്കുക്കുമെന്ന് പഠനങ്ങളിൽ വ്യക്തമായി.

യുആർഎല്ലുകൾ ചുരുക്കുന്നതിനായി ഇന്നു വ്യാപകമായി ഉപയോഗിച്ചു വരുന്ന സേവനമാണ് Tinyurl പോലുള്ളവ. ഓൺലൈൻ പോർട്ടലുകളാണ് പ്രധാനമായും യുആർഎൽ ഷോർട്‌നർ സേവനങ്ങൾ പ്രധാനമായും ഉപയോഗിക്കുന്നത്. വാർത്താലിങ്കുകൾ ഒരേസമയം വിവിധ ഫേസ്ബുക്ക് ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്യുന്നതിനാണ് ഇത് ഉപയോഗിക്കുന്നത്. ഒരേ ലിങ്ക് തന്നെ ഒന്നിലധികം സ്ഥലങ്ങളിൽ ഉപയോഗിക്കുമ്പോൾ സ്പാം എന്ന രീതിയിൽ പരിഗണിക്കപ്പെടാനുള്ള സാധ്യത ഒഴിവാക്കാനാണ് ഈ പൊടിക്കൈ പ്രയോഗിക്കുന്നത്.

goo.gl, bit.ly എന്നിവ ചില പ്രമുഖ യുആർഎൽ ചുരുക്കൽ സേവനദാതാക്കളാണ്. ഇതിൽ goo.gl ഗൂഗിൾ നൽകുന്ന യുആർഎൽ ഷോർട്ട്‌നിംഗ് സേവനമാണ്. നിങ്ങളുടെ ക്ലൗഡ് സ്റ്റോറേജ് ഉള്ളടക്കങ്ങൾ ഷോർട്ട് യുആർഎൽ സേവനം ഉപയോഗിച്ച് ഷെയർ ചെയ്യാതിരിക്കുക എന്നതാണ് വ്യക്തിപരമായ വിവരങ്ങൾ നഷ്ടപ്പെടാതിരിക്കാനുള്ള മാർഗം. അതോടൊപ്പം ഇനി മുതൽ നിങ്ങൾക്ക് ഏതെങ്കിലും ഒരു ഷോർട്ട് യുആർഎൽ ലഭിക്കുമ്പോൾ ചിന്തിക്കുക; അതൊരു ഹാക്കർ നിങ്ങളിലേക്ക് നീട്ടുന്ന ചൂണ്ടയാകാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel