ദില്ലി: ഏറെ പ്രതീക്ഷയോടെ പുറത്തിറക്കിയ സ്‌പെഷൽ എഡിഷൻ പരാജയമായതോടെ മറ്റ് ഐഫോൺ മോഡലുകൾക്ക് ആപ്പിൾ വില കൂട്ടി. സ്‌പെഷൽ എഡിഷൻ വഴി പ്രതീക്ഷിച്ച വരുമാനം കിട്ടാതെ വന്നതോടെ ഇന്ത്യയിൽ പ്രിങ്കരമായ മോഡലുകൾക്കു വില കൂട്ടി രാജ്യത്തുനിന്നുള്ള നഷ്ടം കുറയ്ക്കാനാണ് ആപ്പിളിന്റെ പദ്ധതി. ഇരുപത്തൊമ്പതു ശതമാനം വരെയാണ് വില വർധന,
ജനുവരി-മാർച്ച് കാലത്ത് ചില മോഡലുകൾക്ക് നൽകിയിരുന്ന ഡിസ്‌കൗണ്ട് ഒഴിവാക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. വലിപ്പം കൂടിയ 6,6എസ് മോഡലുകൾക്കു തന്നെയാണ് ഇന്ത്യയിൽ പ്രിയം. ഇവയുടെ വില വർധിപ്പിച്ചില്ലെങ്കിൽ സ്‌പെഷൽ എഡിഷന്റെ വിൽപന വർധിക്കില്ലെന്ന വിലയിരുത്തലും വില വർധനയ്ക്കു പിന്നിലുണ്ട്. സ്‌പെഷൽ എഡിഷന് വില കൂടുതലാണെന്ന ചിന്തയും ഇന്ത്യയിലുള്ളതായി കമ്പനി വിലയിരുത്തുന്നു.
ഐഫോൺ 6 ന് 31000 രൂപ വിലയുള്ളപ്പോൾ സ്‌പെഷൽ എഡിഷനെത്തിയത് 39000 രൂപയ്ക്കാണ്. വർധിപ്പിച്ചതോടെ ഐഫോൺ 6ന് 40000 രൂപയാകും വില. 40500 രൂപയുണ്ടായിരുന്ന 6എസിന് 48000 രൂപയുമാകും. അടുത്തിടെ വില കുറച്ച് 5എസിന് 22000 രൂപയായും വർധിക്കും. രണ്ടുമാസം മുമ്പാണ് 5എസിന്റെ വില 18000 രൂപയായി കുറച്ചത്. ഇന്ത്യയിലെ പ്രധാന വിതരണക്കാരുമായി കമ്പനി അധികൃതർ നടത്തിയ യോഗത്തിലാണ് വില വർധിപ്പിക്കാൻ ധാരണയായത്.
അതേസമയം, ഐഫോണിന് വില വർധിപ്പിച്ചത് സാംസംഗ് മോഡലുകൾക്കു ഗുണം ചെയ്യുമെന്ന വിലയിരുത്തലാണ് വിപണിക്കുള്ളത്. മാർച്ചിൽ പുറത്തിറക്കിയ ഗാലക്‌സി എസ്7, എസ് 7 എഡ്ജ് ഫോണുകൾക്ക് കുറഞ്ഞകാലം കൊണ്ടു മറ്റു മോഡലുകൾക്കൊന്നും ഉണ്ടാകാത്ത വിൽപനയുണ്ടായിരുന്നു. ഇന്ത്യയിൽ ചെറിയ സ്‌ക്രീനുള്ള ഫോൺ ഉപയോഗിക്കാൻ ആളുകൾക്കു താൽപര്യമില്ലെന്നതാണ് ഐഫോൺ സ്‌പെഷൽ എഡിഷന്റെ വിൽപന കുറച്ചതെന്നും കമ്പനി വിലയിരുത്തുന്നുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here