തൃശൂർ പൂരത്തിന്റെ ചിത്രങ്ങൾ ഡ്രോണുപയോഗിച്ച് പകർത്തിയ ഫൊട്ടോഗ്രാഫർ അറസ്റ്റിൽ; ഡ്രോൺ കണ്ടാൽ ആനകൾ വിരണ്ട് അപകടമുണ്ടാകുമായിരുന്നെന്നു പൊലീസ്

തൃശൂർ: ഡ്രോൺ ഉപയോഗിച്ച് തൃശൂർ പൂരത്തിന്റെ ചിത്രം പകർത്തിയ ഫ്രീലാൻസ് ഫൊട്ടോഗ്രാഫറെ പൊലീസ് അറസ്റ്റ് ചെയ്തു. അരിമ്പൂർ സ്വദേശി ധീരജ് പള്ളിയിലാണ് അറസ്റ്റിലായത്. ജില്ലാ കളക്ടറുടെ ഉത്തരവും പൊലീസിന്റെ സുരക്ഷാ മുന്നറിയിപ്പും അവഗണിച്ചു പൂരത്തിന്റെ ചിത്രങ്ങൾ ഡ്രോൺ ഉപയോഗിച്ചു പകർത്തിയെന്നതാണു കേസ്. അറസ്റ്റിലായ ധീരജിനെ പിന്നീട് ജാമ്യത്തിൽ വിട്ടു.

സുരക്ഷാ ക്രമീകരണങ്ങൾ തട്ടിപ്പായിരുന്നെന്നും താൻ ജാമറുകളെയും സിഗ്നലുകളയും നിർവീര്യമാക്കി ചിത്രങ്ങളെടുത്തും എന്ന് അവകാശപ്പെട്ടാണ് ധീരജ് ചിത്രങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റ്‌ചെയ്തത്. ശക്തൻ ബസ് സ്റ്റാൻഡിന്റെ പരിസരത്തുനിന്നാണ് ധീരജ് ഡ്രോൺ നിയന്ത്രിച്ചത്. ഡ്രോൺ പൊലീസ് പിടിച്ചെടുത്തു. പൂരത്തിനെത്തുന്ന ആനകൾ ഡ്രോൺ കാരണം പ്രകോപിതരാകാൻ സാധ്യതയുണ്ടായിരുന്നതിനാലാണ് നിരോധിനം ഏർപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു.

പൂരത്തിനിടയിലേക്കു ഹെലികാം വീണിരുന്നെങ്കിൽ വൻ അപകടം ഉണ്ടാകുമായിരുന്നെന്നാണ് പൊലീസ് നിരത്തുന്ന മറ്റൊരു കാരണം. ചിത്രങ്ങൾ പകർത്താൻ ഉപയോഗിച്ച ഐപാഡ് കണ്ടെത്തിയിട്ടില്ല. മറ്റേതെങ്കിലും കാര്യത്തിന് ഡ്രോണും ഐപാഡും ഉപയോഗിച്ചിട്ടുണ്ടോ എന്നു പരിശോധിക്കുകയാണെന്നും പൊലീസ് പറഞ്ഞു. തൃശൂർ പൂരത്തിന് ബലൂണിൽ കാമറ ഘടിപ്പിച്ച് ചിത്രങ്ങൾ പകർത്തിയതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here