പ്രണയവും രതിയും നിറഞ്ഞ ‘മധുര സ്വപ്‌നങ്ങള്‍’; സണ്ണിയുടെ ചെറുകഥകളുമായി ജഗ്ഗര്‍നോട്ട് ബുക്‌സ്

ബോളിവുഡ് താരം സണ്ണി ലിയോണിന്റെ ചെറുകഥ സമാഹാരം പുറത്തിറങ്ങി. ‘മധുര സ്വപ്‌നങ്ങള്‍’ (സ്വീറ്റ് ഡ്രീംസ്) എന്ന് പേരിട്ടിരിക്കുന്ന സമാഹാരത്തില്‍ 12 ചെറുകഥകളാണുള്ളത്. മൊബൈല്‍ പുസ്തക പ്രസാധകരായ ജഗ്ഗര്‍നോട്ട് ബുക്‌സ് ആണ് സണ്ണി ആദ്യമായെഴുതിയ ചെറുകഥകളുടെ സമാഹാരം പുറത്തിറക്കിയത്.

ജഗര്‍നോട്ടിന്റെ ആപ്പില്‍ ഇന്നലെ എത്തിയ ഇബുക്കിന് 49.50 രൂപയാണ് വില. മെയ് 2 വരെ ദിവസവും രാത്രി 10 മണിക്ക് ഓരോ കഥകള്‍ വീതമാണ് പണമടക്കുന്നവര്‍ക്ക് ലഭിക്കുക. ‘7 ഇ’ എന്നാണ് ആദ്യ ദിനം പുറത്തെത്തിയ കഥയുടെ പേര്.

‘ചെറുപ്പത്തില്‍ ഡയറി എഴുതുന്ന ശീലമുണ്ടായിരുന്നു. എന്നാല്‍ ഇങ്ങനെ എന്തെങ്കിലും എഴുതുന്നത് ആദ്യമായാണ്. ഒരിക്കല്‍ അമ്മ ഡയറി എടുത്ത് വായിച്ചു. പിന്നീട് അതും നിര്‍ത്തി’ – സണ്ണി പറയുന്നു.
ജഗ്ഗര്‍നോട്ടിനെക്കുറിച്ച്

പെന്‍ഗ്വിന്‍ ഇന്ത്യയുടെ മുന്‍ പ്രസാധക ചികി സര്‍ക്കാര്‍, ഓണ്‍ലൈന്‍ ഫുഡ് പോര്‍ട്ടലായ സോമാന്റോയുടെ മുന്‍ വൈസ് പ്രസിഡന്റായ ദുര്‍ഗ്ഗ രഘുനാഥ് എന്നിവരാണ് ‘ജഗ്ഗര്‍നോട്ടി’ന്റെ സ്ഥാപകര്‍. ഇന്ത്യയില്‍ നിന്നുള്ള ആദ്യ സ്മാര്‍ട്ട്‌ഫോണ്‍ പബ്ലിഷിംഗ് സംരംഭമാണ് ജഗ്ഗര്‍നോട്ട്. കഴിഞ്ഞ സപ്തംബറിലാണ് ഇവര്‍ പ്രവര്‍ത്തനം ആരംഭിച്ചത്.

വായനക്കാര്‍ക്ക് മൊബൈല്‍ ഫോണുകളില്‍ പുസ്തകങ്ങള്‍ ലഭ്യമാക്കുന്നതിന് വേണ്ടി തയ്യാറാക്കിയ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഇപ്പോള്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ലഭ്യമാണ്. ഐഓഎസ് ആപ്ലിക്കേഷന്‍ ഉടന്‍ പുറത്തിറങ്ങും.

സണ്ണി ലിയോണിന് പുറമെ മുന്‍ മക്കിന്‍സി തലവന്‍ രജത് ഗുപ്ത, ബുക്കര്‍ പുരസ്‌കാര ജേതാവ് അരുന്ധതി റോയ്, ചരിത്രകാരന്‍ വില്യം ഡാല്‍റിംബിള്‍, നടി ശര്‍മ്മിള ടാഗോര്‍, മാധ്യമപ്രവര്‍ത്തകന്‍ രജ്ദീപ് സര്‍ദേശായ് എന്നിവരുടെ പുസ്തകങ്ങളും ജഗ്ഗര്‍നോട്ടില്‍ വായിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here