മഞ്ജുവാര്യരുടെ കനിവിൽ ജീവിതത്തിലേക്കു തിരിച്ചു നടന്ന അമ്പിളി ഫാത്തിമ ഗുരുതരാവസ്ഥയിൽ; ഹൃദയവും ശ്വാസകോശവും മാറ്റിവച്ച യുവതിക്ക് കടുത്ത അണുബാധ

കോട്ടയം: ഹൃദയവും ശ്വാസകോശവും മാറ്റിവച്ചതിലൂടെ വാർത്തകളിൽ നിറഞ്ഞ അമ്പിളി ഫാത്തിമയുടെ നില അതീവ ഗുരുതരമായി. ചെന്നൈയിലെ ശസ്ത്രക്രിയക്കു ശേഷം കോട്ടയത്തെ വീട്ടിൽ കടുത്ത നിരീക്ഷണത്തിൽ കഴിയുന്നതിനിടെയാണു കഴിഞ്ഞദിവസം കലശലായ പനിയും ശ്വാസതടസവുമുണ്ടായത്. അണുബാധ കടുത്തതിനെത്തുടർന്ന് അമ്പിളി ഫാത്തിമയെ കോട്ടയം അടിച്ചിറയിലെ കാരിത്താസ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

രക്തത്തിലും ആന്തരാവയവങ്ങളിലും ഗുരുതരമായ അണുബാധയാണ് അമ്പിളി ഫാത്തിമയെ ബാധിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ച അമ്പിളി ഫാത്തിമയുടെ നില ഗുരുതരമായതിനെത്തുടർന്ന് ട്രാൻസ്പ്ലാന്റ് വിഭാഗത്തിലെ അത്യാഹിത വിഭാഗത്തിലേക്കു മാറ്റുകയായിരുന്നു. പത്തുമാസം മുമ്പു ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു ഹൃദയവും ശ്വാസകോശവും മാറ്റിവയ്ക്കൽ ശസ്ത്രക്രിയ. പത്തുമാസം ചെന്നൈയിലെ ചികിത്സയ്ക്കുശേഷം കഴിഞ്ഞമാസമാണ് അമ്പിളി ഫാത്തിമയെ കോട്ടയത്തെ വീട്ടിലേക്കു കൊണ്ടുവന്നത്.

ശസ്ത്രക്രിയയ്ക്കു ശേഷം ചെന്നൈയിൽ കഴിയുമ്പോഴും കടുത്ത അണുബാധയുണ്ടായിരുന്നു. തുടർന്ന് അപ്പോളോയിൽതന്നെ ശസ്ത്രക്രിയക്കു വിധേയമാക്കിയിരുന്നു. വീണ്ടും അണുബാധയുണ്ടായെങ്കിലും വീര്യമേറിയ മരുന്നുകളിലൂടെ നിയന്ത്രിക്കുകയായിരുന്നു. അതിനുശേഷമാണ് കോട്ടയത്തെ വീട്ടിലേക്കു വന്നത്. കർശനമായ നിരീക്ഷണത്തിലായിരുന്നു അമ്പിളി കോട്ടയത്തെ വീട്ടിൽ കഴിഞ്ഞിരുന്നത്. കാരിത്താസ് ഹൃദ്രോഗവിഭാഗം മേധാവി ഡോ: ജോൺ ജോസഫ്, ഡോ:രജേഷ് രാമൻകുട്ടി എന്നിവരുടെ നേതൃത്വത്തിലുള്ള വിദ്ഗ്ധസംഘമാണ് പരിശേധനനടത്തുന്നത്. ചെന്നൈയിൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാരുടെ അഭിപ്രായം തേടിയശേഷമാണു കാരിത്താസിലെ ചികിത്സ നടക്കുന്നതെന്ന് അമ്പിളി ഫാത്തിമയുടെ പിതാവ് ബഷീർ ഹസൻ പറഞ്ഞു.

കോട്ടയം സിഎംഎസ് കോളജിൽ എം കോമിനു പഠിക്കുമ്പോഴാണ് അമ്പിളി ഫാത്തിമയുടെ ആരോഗ്യപ്രശ്‌നങ്ങൾ ശ്രദ്ധയിൽ പെട്ടത്. എംജി സർവകലാശാലയുടെയും നടി മഞ്ജു വാര്യരുടെയും സഹായത്തോടെയായിരുന്നു ചികിത്സ. അമ്പിളിയെക്കാണാൻ മഞ്ജു ചെന്നെയിലുമെത്തിയിരുന്നു. സിവിൽ സർവീസ് പരീക്ഷയെഴുതാൻ തയാറെടുത്തുവരികയായിരുന്നു. അതിനിടയിലാണ് ആരോഗ്യനില വീണ്ടും താളംതെറ്റിയതും ആശുപത്രിയിൽ പ്രവേശിപ്പിച്ചതും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here