എയര്‍ ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയ പൈലറ്റിനെ സ്‌പൈസ്‌ജെറ്റ് പുറത്താക്കി; ലൈസന്‍സ് റദ്ദാക്കിയാല്‍ മറ്റൊരു വിമാനക്കമ്പനിയിലും ജോലി ചെയ്യാന്‍ സാധിക്കില്ല

മുംബെെ: വിമാനത്തിന്റെ കോക്പിറ്റില്‍വച്ച് എയര്‍ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയ പൈലറ്റിനെ സ്‌പൈസ്‌ജെറ്റ് പിരിച്ചുവിട്ടു. ഫെബ്രവരി 28ന് കൊല്‍ക്കത്തയില്‍ നിന്നും ബാങ്കോക്കിലേക്ക് പോയ ബോയിങ് 737 വിമാനത്തിലെ പൈലറ്റ് അപമര്യാദയായി പെരുമാറിയെന്ന എയര്‍ഹോസ്റ്റസിന്റെ പരാതിയിലാണ് നടപടി.

പൈലറ്റ് തന്നെ കോക്പിറ്റിലേക്ക് വിളിപ്പിക്കുകയായിരുന്നുവെന്നും തുടര്‍ന്ന് സഹപൈലറ്റിനോട് കോക്പിറ്റില്‍ നിന്നും പുറത്തുപോകാന്‍ ആവശ്യപ്പെടുകയും ചെയ്തതായി എയര്‍ഹോസ്റ്റസ് പറയുന്നു. പിന്നീട് കോക്പിറ്റില്‍ എയര്‍ഹോസ്റ്റസിനെ നിര്‍ബന്ധിച്ചു പിടിച്ചിരുത്തി. വിമാനത്തിന്റെ തിരികെയുള്ള യാത്രയിലും ഇതുതന്നെ തുടര്‍ന്നു. ഉന്നതാധികാരികളുടെ അനുവാദമില്ലാതെ എയര്‍ഹോസ്റ്റസിനെ കോക്പിറ്റില്‍ കയറ്റിയതിലൂടെ ഗൗരവമായ വീഴ്ചയാണ് പൈലറ്റ് ചെയ്തത്.

വിമാനത്തിലെ മുഖ്യ എയര്‍ഹോസ്റ്റസിനോട് സഭ്യമല്ലാത്ത ഭാഷയില്‍ സംസാരിച്ചു എന്ന പരാതിയും പൈലറ്റിനെതിരെയുണ്ട്. ലൈസന്‍സ് റദ്ദാക്കുകയാണെങ്കില്‍ പിന്നീട് മറ്റൊരു വിമാനക്കമ്പനിയിലും ജോലി ചെയ്യാന്‍ പൈലറ്റിന് സാധിക്കില്ല.

പൈലറ്റിന്റെ പ്രവര്‍ത്തി സുരക്ഷ ലംഘനമാണെന്നും കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ ലൈസന്‍സ് റദ്ദാക്കാന്‍ സാധ്യതയുള്ളതായി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ മേധാവി എം. സതിയാവതി പറഞ്ഞു. പൈലറ്റ് നടത്തിയ നിയമലംഘനത്തിനുമേല്‍ സ്‌പൈസ്‌ജെറ്റ് വിമാനകമ്പനിയും ഡിജിസിഎയും അന്വഷണം നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here