അഭിപ്രായങ്ങളില്‍ ശ്രദ്ധിക്കണമെന്ന് ഉപദശിച്ച തനിക്ക് തന്നെ അബദ്ധം പറ്റിയെന്ന് വിഎസ്; പത്രലേഖകരുടേത് തെമ്മാടിത്തരം എന്ന പ്രയോഗം നിരുപാധികം പിന്‍വലിക്കുന്നു

തിരുവനന്തപുരം: താന്‍ പറഞ്ഞത് വ്യത്യസ്തമായി അച്ചടിച്ച് വന്നതില്‍ ആരെയും കുറ്റപ്പെടുത്തുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. അഭിപ്രായങ്ങളില്‍ ശ്രദ്ധിക്കണമെന്ന് ഉപദശിച്ച തനിക്ക് തന്നെ അബദ്ധം പറ്റിയെന്നും പത്രലേഖകരുടേത് തെമ്മാടിത്തരം എന്ന പ്രയോഗം നിരുപാധികം പിന്‍വലിക്കുന്നുവെന്നും വിഎസ് പറഞ്ഞു.

ഒരു സ്വയം വിമര്‍ശനം

ഈ മാസം 18 ന് രണ്ട് പത്രലേഖകരോട് അഞ്ച് മിനുട്ട് സംസാരിച്ചു എന്നാണ് എന്‍റെ ഓര്‍മ്മ. അതിലൊരാള്‍ കേരളത്തിലെ ജനങ്ങള്‍ താങ്കള്‍ മുഖ്യമന്ത്രിയാകണം എന്നാണ് ആഗ്രഹിക്കുന്നത് എന്ന്‍ ചോദിച്ചു. അങ്ങനെ ആഗ്രഹിക്കുന്നുണ്ടാവാം പക്ഷേ പാര്‍ട്ടിയാണ് അത് തീരുമാനിക്കുന്നത് എന്നു ഞാന്‍ പറഞ്ഞു. വേറൊരു ചോദ്യം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിപട്ടികയെക്കുറിച്ച് ആക്ഷേപമുണ്ടല്ലോ എന്നായിരുന്നു. ആക്ഷേപമുണ്ടാകാം എന്നാണ് ഞാന്‍ മറുപടി നല്‍കിയത്. പക്ഷേ അച്ചടിച്ചു വന്നത് കേരളത്തിലെ ജനങ്ങള്‍ ഞാന്‍ മുഖ്യമന്ത്രിയാകണം എന്നാഗ്രഹിക്കുന്നു എന്ന്‍ ഞാന്‍ പറഞ്ഞു എന്നാണ് ഞാന്‍ അറിഞ്ഞത്. സ്ഥാനാര്‍ഥിപട്ടികയില്‍ എനിക്ക് ആക്ഷേപം ഉണ്ടെന്നും അച്ചടിച്ചു വന്നു. ചോദ്യങ്ങളും ഉത്തരങ്ങളും അച്ചടിച്ചുവന്നതും വ്യത്യസ്തമായ രീതിയില്‍ വായിച്ചെടുക്കാം എന്ന തരത്തിലായി.

ഇതില്‍ ഞാന്‍ ആരെയും കുറ്റപ്പെടുത്തുന്നില്ല. കുറ്റപ്പെടുത്തുന്നുണ്ടെങ്കില്‍ അത് എന്നെയാണ്. വാര്‍ത്തകള്‍ക്കായി പരക്കം പായുന്ന പത്രലേഖഖരുടെ മുന്നില്‍ വളരെ സൂക്ഷിച്ചുവേണം ഇടതുപക്ഷജനാധിപത്യമുന്നണി നേതാക്കള്‍ അഭിപ്രായപ്രകടനങ്ങള്‍ നടത്തേണ്ടതെന്ന് ഞാന്‍ ഒരു പോസ്റ്റില്‍ എന്നോട് തന്നെ ഉപദേശരൂപേണ പറഞ്ഞിരുന്നു. ഫലത്തില്‍ എനിക്കുതന്നെ അബദ്ധം പറ്റി. ഞാന്‍ പോസ്റ്റില്‍ കാന്‍റര്‍ബറി ആര്‍ച്ച് ബിഷപ്പിനെക്കുറിച്ച് പറഞ്ഞിരുന്നു. പത്രലേഖകരുടെ കെണിയില്‍ അകപ്പെട്ടുപോയ ആ പാവപ്പെട്ട ആര്‍ച്ച്ബിഷപ്പിന്‍റെ സ്ഥിതിയിലാണ് ഞാനുമിപ്പോള്‍. ഇത്തരം അബദ്ധം ഇനി ആവര്‍ത്തിക്കില്ല.

ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്ത പത്രലേഖകര്‍ കാണിച്ചത് തെമ്മാടിത്തരം ആണ് എന്ന് ഞാന്‍ ഇന്ന് പത്രലേഖകരോട് പറഞ്ഞു. ആ പദപ്രയോഗം പാടില്ലായിരുന്നു. ഞാന്‍ ആ പദപ്രയോഗം നിരുപാധികം പിന്‍വലിക്കുന്നു- വിഎസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News