ബംഗാളിൽ നാലാംഘട്ട വോട്ടെടുപ്പ് നാളെ; രണ്ട് ജില്ലകളിലായി 49 മണ്ഡലങ്ങൾ വിധിയെഴുതും; ശാരദ ചിട്ടി തട്ടിപ്പ് പ്രതിയും മത്സരരംഗത്ത്

കൊൽക്കത്ത: പശ്ചിമബംഗാൾ നിയമസഭയിലേക്കുള്ള നാലാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും. രണ്ട് ജില്ലകളിലായി 49 നിയോജക മണ്ഡലങ്ങളിലേക്കാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. ഇവിടങ്ങളിൽ പരസ്യപ്രചാരണം ഇന്നലെ വൈകുന്നേരം അവസാനിച്ചു. ശാരദ ചിട്ടി തട്ടിപ്പ് കേസിൽ ജയിലിൽ കഴിയുന്ന തൃണമൂൽ കോൺഗ്രസ് നേതാവ് മദൻ മിത്രയും മത്സരരംഗത്തുണ്ട് എന്നുള്ളതാണ് ഈ ഘട്ടത്തെ പ്രസക്തമാക്കുന്നത്.

ഹൗറ ജില്ലയിലെ 16 മണ്ഡലങ്ങളിലും നോർത്ത് 24 പർഗാനയിലെ 33 മണ്ഡലങ്ങളിലുമാണ് നാലാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. 40 വനിതകൾ ഉൾപ്പടെ 345 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. ഒരു കോടി എട്ട് ലക്ഷം വോട്ടർമാർ സമ്മതിദാനവകാശം വിനിയോഗിക്കും. ഒരു ഡസനിലധികം പ്രമുഖ സ്ഥാനാർത്ഥികൾ ജനവിധി തേടുന്നു എന്നതാണ് നാലാംഘട്ടത്തിന്റെ പ്രത്യേകത. മുൻ മന്ത്രിമാരായ അസിംദാസ് ഗുപ്ത, നേപൽദേവ് ഭട്ടാചാര്യ, തൻമോയ് ഭട്ടാചാര്യ തുടങ്ങിയവരാണ് സിപിഐഎമ്മിന്റെ പ്രമുഖ സ്ഥനാർത്ഥികൾ. തൃണമൂൽ കോൺഗ്രസിനു വേണ്ടി സംസ്ഥാന മന്ത്രിമാരായ അമിത് മിത്ര, പൂർണേന്ദു ബസു, അരൂപ് റോയ്, ഉപേന്ദ്ര ബിസ്വാസ്, ജ്യോതിപ്രിയോ മാലിക് എന്നിവരും ഈ ഘട്ടത്തിൽ ജനവിധി തേടുന്നു.

ശാരദാ ചിട്ടി തട്ടിപ്പ് കേസിൽ ജയിലിൽ കഴിയുന്ന തൃണമൂൽ നേതാവും മുൻമന്ത്രിയുമായ മദൻ മിത്രയും മത്സരരംഗത്തുണ്ട്. ബിസിസിഐ മുൻ അധ്യക്ഷൻ ജഗ്മോഹൻ ഡാൽമിയയുടെ മകളും തൃണമൂൽ ടിക്കറ്റിൽ ജനവിധി തേടുന്നു. കഴിഞ്ഞ മൂന്നു ഘട്ട വോട്ടെടുപ്പിലും വ്യാപക അക്രമസംഭവങ്ങളാണ് പശ്ചിമബംഗാളിൽ അരങ്ങേറിയത്. മൂന്നാംഘട്ട വോട്ടെടുപ്പ് ദിവസവും തൊട്ടടുത്ത ദിവസവും തൃണമൂൽ ആക്രമണത്തിൽ മൂന്ന് സിപിഐഎം പ്രവർത്തകർ കൊല്ലപ്പെട്ടിരുന്നു. അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കൂടുതൽ സുരക്ഷാ നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News