ക്രിക്കറ്റ് ദൈവം സച്ചിൻ ടെണ്ടുൽക്കർക്ക് ഇന്ന് 42-ാം പിറന്നാൾ. ഇന്ത്യൻ ക്രിക്കറ്റിനെ ലോകത്തിന്റെ മുമ്പിൽ തലയുയർത്തി നിൽക്കാൻ പ്രാപ്തമാക്കിയ സച്ചിൻ ടെണ്ടുൽക്കറുടെ ജൻമദിനമാണ് ഇന്ന്. ഏകദിനത്തിലും ടെസ്റ്റിലുമായി 100 സെഞ്ച്വറികൾ, അതിലധികം അർധ സെഞ്ച്വറികൾ, ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റുകളിലുമായി 50,000-ൽ അധികം റൺസ്, കൂടാതെ രാജ്യത്തെ പരമോന്നത ബഹുമതികൾ എല്ലാം സച്ചിൻ സ്വന്തം പേരിലാക്കി. കളിക്കളത്തിലെയും പുറത്തെയും മാന്യമായ പെരുമാറ്റം കൊണ്ടും സച്ചിൻ എതിരാളികളുടെ പോലും മനസു കീഴടക്കി. 1973 ഏപ്രിൽ 24ന് മുംബൈയിലെ ദാദറിൽ മറാഠി നോവലിസ്റ്റ് രമേഷ് ടെണ്ടുൽക്കറുടെയും രജനിയുടെയും മകനായാണ് സച്ചിന്റെ ജനനം.
ചെറുപ്പം മുതൽ ക്രിക്കറ്ററാകാൻ ആഗ്രഹിച്ച സച്ചിന്റെ ഏറ്റവും വലിയ വഴികാട്ടി അദ്ദേഹത്തിന്റെ അച്ഛൻ തന്നെയായിരുന്നു. അച്ഛനും ചേട്ടനും ചേർന്നാണ് സച്ചിനെ ക്രിക്കറ്റിലേക്ക് കൈപിടിച്ചു നടത്തുന്നത്. ശാരദാശ്രമം സ്‌കൂളിൽ പഠിക്കുമ്പോൾ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോർ എന്ന റെക്കോർഡ് സ്വന്തമാക്കി അന്നുതന്നെ ക്രിക്കറ്റിലെ തന്റെ വരവ് സച്ചിൻ അറിയിച്ചിരുന്നു. ലോകകപ്പിൽ 2,000 റൺസ് തികയ്ക്കുന്ന ആദ്യത്തെ താരം, ഏറ്റവും കൂടുതൽ റൺസ്, കൂടുതൽ സെഞ്ച്വറികൾ തുടങ്ങി, ലോകക്രിക്കറ്റിലെ ആദ്യത്തെ ഇരട്ട ശതകവും സച്ചിന്റെ പേരിൽ തന്നെ. ഇന്ത്യയിലെ ഏറ്റവും വലിയ കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്‌കാരം നേടിയ ആദ്യ ക്രിക്കറ്ററും സച്ചിനാണ്.
ആംബിഡെക്സ്റ്ററാണ് സച്ചിൻ. വലംകയ്യൻ ബാറ്റ്‌സ്മാനും ബോളറും ആയിരിക്കുമ്പോഴും സച്ചിൻ എഴുതുന്നത് ഇടംകൈ കൊണ്ടാണ്. ഫീൽഡിന്റെ എല്ലാ ഭാഗത്തേക്കും പന്ത് എത്തിക്കാൻ സച്ചിന് സാധിക്കും. ഫീൽഡിൽ അനാവശ്യ ചലനങ്ങൾ ഒഴിവാക്കി സംതുലിതമായി ബാറ്റു ചെയ്യാനുള്ളതാണ് സച്ചിന്റെ കഴിവ്. ബാക്ക് ഫൂട്ട് പഞ്ച് ആണ് സച്ചിന്റെ മുഖമുദ്ര. സ്‌ക്വയറിനു മുകളിലൂടെ ബൗണ്ടറിയടിക്കാൻ സച്ചിനു പ്രത്യേക കഴിവുണ്ടായിരുന്നു. ക്രിക്കറ്റ് ഇതിഹാസം ബ്രാഡ്മാൻ സച്ചിന്റെ ബാറ്റിംഗിനെ തന്റേതിനോടു ഉപമിച്ചിട്ടുണ്ട്. ലോകത്തെ എല്ലാ പിച്ചുകളിലും എല്ലാതരം പിച്ചുകളിലും സച്ചിൻ തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്.
15 വയസ്സു മാത്രമുള്ളപ്പോഴായിരുന്നു ബോംബെക്കായി സച്ചിന്റെ അരങ്ങേറ്റം. അരങ്ങേറ്റ മത്സരത്തിൽ തന്നെ 100 റൺസ് നേടി പുറത്താകാതെ നിന്ന സച്ചിൻ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. രഞ്ജി ട്രോഫി, ദുലീപ് ട്രോഫി, ഇറാനി ട്രോഫി എന്നീ ടൂർണമെന്റുകളിലും അരങ്ങേറ്റ മത്സരത്തിൽ സെഞ്ച്വറി നേടിയ ഒരേയൊരു കളിക്കാരനാണ് സച്ചിൻ. 19 വയസ്സുള്ളപ്പോൾ 19 വയസുള്ളപ്പോൾ യോർക്ക്‌ഷെയറിനുവേണ്ടി കളിക്കുന്ന ആദ്യ വിദേശ കളിക്കാരനായി സച്ചിൻ. യോർക്‌ഷെയറിനായി അദ്ദേഹം 16 ഫസ്റ്റ് ക്ലാസ്സ് മത്സരങ്ങൾ കളിക്കുകയും 1070 റൺസ് നേടുകയും ചെയ്തു.
1989-ൽ 16-ാം വയസിൽ സച്ചിൻ തന്റെ ആദ്യ അന്താരാഷ്ട്ര മത്സരം കളിച്ചു. ടെസ്റ്റിലായിരുന്നു അരങ്ങേറ്റം. പാകിസ്താനെതിരെ കറാച്ചിയിൽ ആയിരുന്നു മത്സരം. അന്താരാഷ്ട്ര ക്രിക്കറ്റിൽ നൂറു സെഞ്ച്വറികൾ തികച്ച ആദ്യത്തെ കളിക്കാരനാണ് സച്ചിൻ. 2012 മാർച്ച് 16നു ധാക്കയിലെ മിർപൂരിൽ ബംഗ്ലാദേശിനെതിരെ നടന്ന ഏഷ്യാകപ്പ് ഗ്രൂപ്പ് ഏകദിന മത്സരത്തിലാണ് സച്ചിൻ തന്റെ നൂറാം ശതകം തികച്ചത്. 463 ഏകദിനങ്ങളിൽ നിന്നായി 18,426 റൺസാണ് സച്ചിന്റെ സമ്പാദ്യം. 200 ടെസ്റ്റ് മത്സരങ്ങൾ കളിച്ച സച്ചിൻ 15,921 റൺസ് സ്വന്തമാക്കി. പുറത്താകാതെ നേടിയ 200 റൺസ് ആണ് ഏകദിനത്തിലെ ഉയർന്ന സ്‌കോർ. ടെസ്റ്റിൽ സച്ചിന്റെ ഉയർന്ന സ്‌കോർ ബംഗ്ലാദേശിനെതിരെ 2004ൽ നേടിയ 248 റൺസ് ആണ്.
ഇന്ത്യയിലെ രണ്ടാമത്തെ വലിയ സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ, പത്മശ്രീ, ഖേൽരത്‌ന, ഭാരത് രത്‌ന എന്നീ പുരസ്‌കാരങ്ങളും സച്ചിൻ നേടിയിട്ടുണ്ട്.
Get real time update about this post categories directly on your device, subscribe now.
Discussion about this post