കെഎസ്ആർടിസിയെ സോഷ്യൽമീഡിയ തോൽപിച്ചു; കോടികൾ മുടക്കി വാങ്ങിയിട്ട സ്‌കാനിയ ഇനി തിരുവനന്തപുരത്തുനിന്നും; മൈസൂർ, കോയമ്പത്തൂർ, മംഗലുരു സർവീസുകൾ

തിരുവനന്തപുരം: കോടികൾ മുടക്കി വാങ്ങി ഗാരേജിൽ നിർത്തിയിട്ടിരുന്ന സ്‌കാനിയ ബസുകൾ പുറത്തിറക്കുന്നതിൽ പോരാട്ടത്തിൽ നടത്തിയ സോഷ്യൽമീഡിയക്കു ജയം. ആലപ്പുഴയിൽനിന്നു ബംഗളുരുവിലേക്കു സർവീസ് തുടങ്ങിയതിനു പിന്നാലെ തിരുവനന്തപുരത്തുനിന്നു മൈസൂരിലേക്കും കോയമ്പത്തൂരിലേക്കും മംഗലുരുവിലേക്കും സ്‌കാനിയ സർവീസ് ആരംഭിക്കുന്നു.

കോടികൾ മുടക്കിയാണു കെഎസ്ആർടിസി സ്‌കാനിയ ബസുകൾ വാങ്ങിയത്. ബസുകൾ കിട്ടിയെങ്കിലും പെർമിറ്റെടുക്കാനോ സർവീസ് ആരംഭിക്കാനോ കെഎസ്ആർടിസി നടപടികളെടുത്തിരുന്നില്ല. മാധ്യമപ്രവർത്തകനായിരുന്ന വി എസ് ശ്യാംലാലാണ് സോഷ്യൽമീഡിയയിലൂടെ പ്രശ്‌നം കേരളത്തിൽ ചർച്ചയാക്കിയത്. തുടർന്നു സോഷ്യൽമീഡിയ പ്രശ്‌നം ഏറ്റെടുക്കുകയായിരുന്നു. തുടർന്ന്, നിവൃത്തികെട്ട് ഗാരേജിൽ മഴയും വെയിലുമേറ്റു നിർത്തിയിട്ടിരുന്ന സ്‌കാനിയ ബസുകൾ നിരത്തിലിറക്കാനുള്ള നടപടികളുമായി കോർപറേഷൻ മുന്നോട്ടു പോയി.

മംഗലുരു, കോയമ്പത്തൂർ, മൈസൂർ റൂട്ടുകളിലുണ്ടായിരുന്ന സൂപ്പർഫാസ്റ്റ് ബസ് പിൻവലിച്ചാണ് സ്‌കാനിയ ഓടുക. അതേ സമയക്രമമായിരിക്കും ബസ് പാലിക്കുക. ഇന്നു വൈകിട്ട് നാലിന് തിരുവനന്തപുരത്തുനിന്നുള്ള ആദ്യത്തെ സ്‌കാനിയ സർവീസ് ആരംഭിക്കും. പുതിയ സർവീസുകൾക്കായി അഞ്ചു സ്‌കാനിയകളാണ് നിരത്തിലിറങ്ങുന്നത്. ഇതോടെ കെഎസ്ആർടിസി പുറത്തിറക്കിയ സ്‌കാനിയ ബസുകളുടെ എണ്ണം ഏഴായി. ഇതിലേറെ ബസുകൾ ഇനിയും പെർമിറ്റ് കാത്ത് ഗാരേജിൽ കിടക്കുന്നുണ്ട്.

വൈകിട്ട് നാലിനാണ് മംഗലാപുരത്തേക്കുള്ള സ്‌കാനിയ തിരുവനന്തപുരത്തുനിന്നു പുറപ്പടുക. പുലർച്ചെ രാവിലെ 4.50ന് മംഗലാപുരത്തെത്തും. വൈകിട്ട് 5.30ന് മംഗലാപുരത്തുനിന്നു പുറപ്പെടുന്ന സ്‌കാനിയ പിറ്റേന്ന് രാവിലെ 6.30 ന് തിരുവനന്തപുരത്തെത്തും. എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് വഴിയുള്ള ബസിന് തിരുവനന്തപുരത്തുനിന്ന് മംഗലാപുരത്തേക്ക് 861 രൂപയാണ് നിരക്ക്. വൈകുന്നേരം ആറിനാണ് കോയമ്പത്തൂർ സർവീസ്. കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് വഴി രാത്രി 11.55ന് കോയമ്പത്തൂരിലെത്തും. പുലർച്ചെ അഞ്ചിനു കോയമ്പത്തൂരിൽനിന്നു പുറപ്പെടുന്ന ബസ് ഉച്ചയ്ക്ക് 12.55 ന് തിരുവനന്തപുരത്തെത്തും. 571 രൂപയാണ് നിരക്ക്.

രാത്രി എട്ടിനാണ് മൈസൂർ സർവീസ്. കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, സുൽത്താൻ ബത്തേരി വഴി രാവിലെ 8.30ന് മൈസൂരിലെത്തും. മടക്കയാത്ര വൈകിട്ട് 6.45നു പുറപ്പെട്ട് പിറ്റേന്നു രാവിലെ 7.45 നു തിരുവനന്തപുരത്തെത്തും. 881 രൂപയാണ് നിരക്ക്. മൈസൂർ, മംഗലാപുരം സർവീസുകൾക്കായി രണ്ടു ബസുകളും കോയമ്പത്തൂരിലേക്ക് ഒരു ബസുമാണ് ഉപയോഗിക്കുന്നത്. ഓൺലൈനിൽ സീറ്റുകൾ റിസർവ് ചെയ്യാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News