പ്രകാശ് കാരാട്ടിനു ലഡ്ഡു കൊടുക്കുന്ന രാജ്‌നാഥ് സിംഗ്; ഇത് സംഘികളുടെ ഫോട്ടോഷോപ്പല്ല, തൃണമൂലിന്റേത്; തൃണമൂലിനെതിരെ കാരാട്ട് പരാതി നൽകി

ദില്ലി: ഇത്തവണ ഫോട്ടോഷോപ്പുമായി എത്തിയത് സംഘികളായിരുന്നില്ല. തൃണമൂൽ കോൺഗ്രസ് ആയിരുന്നു. സിപിഐഎമ്മും ബിജെപിയും അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന നട്ടാൽ മുളയ്ക്കാത്ത നുണ സ്ഥാപിച്ചെടുക്കാനാണ് എഡിറ്റ് ചെയ്ത ഫോട്ടോയുമായി തൃണമൂൽ കോൺഗ്രസ് രംഗത്തെത്തിയത്. പ്രകാശ് കാരാട്ടിനു രാജ്‌നാഥ് സിംഗ് ലഡ്ഡു കൊടുക്കുന്നതായിരുന്നു ചിത്രം. എന്നാൽ, ഇത് ഫോട്ടോഷോപ്പ് ചെയ്ത ചിത്രം ആണെന്നു സ്ഥിരീകരിച്ച് ബിജെപി ട്വീറ്റ് ചെയ്തതോടെ ക്ഷമാപണവുമായി തൃണമൂൽ രംഗത്തെത്തുകയായിരുന്നു. വ്യാജചിത്രം പ്രചരിപ്പിച്ച തൃണമൂൽ കോൺഗ്രസിനെതിരെ നടപടി ആവശ്യപ്പെട്ട് പ്രകാശ് കാരാട്ട് ദില്ലി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

രണ്ടു വീഡിയോകളും ആറ് ഫോട്ടോകളും ഒരു വാർത്താ സമ്മേളനത്തിൽ തൃണമൂൽ ഉയർത്തിക്കാട്ടിയിരുന്നു. ഇതിൽ ഒരു ഫോട്ടോയായിരുന്നു സിപിഐഎമ്മും ബിജെപിയും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടെന്നു ആരോപിക്കുന്ന മേൽപറഞ്ഞ ചിത്രം. ഉച്ചയ്ക്ക് രണ്ടു മണിയോടെ വാർത്താസമ്മേളനത്തിൽ തൃണമൂൽ വക്താവ് ഡെറിക് ഒബ്രിയനാണ് ചിത്രം പ്രചരിപ്പിച്ചത്. പിന്നീട് ഇതേ ചിത്രം തൃണമൂലിന്റെ ഫേസ്ബുക്ക് പേജിലും പ്രചരിപ്പിച്ചു. എന്നാൽ, അധികം വൈകാതെ മോദിക്ക് രാജ്‌നാഥ് സിംഗ് ലഡ്ഡു കൊടുക്കുന്ന ചിത്രമാണ് യഥാർത്ഥമെന്നു പറഞ്ഞ് ബിജെപി ട്വിറ്ററിൽ പോസ്റ്റ് ചെയ്തതോടെ തൃണമൂലിന്റെ കള്ളി പൊളിഞ്ഞു.

കള്ളി പൊളിഞ്ഞതോടെ പോസ്റ്റ് പിൻവലിച്ച് തൃണമൂൽ രക്ഷപ്പെടുകയായിരുന്നു. 5 മണിക്ക് പോസ്റ്റ് ചെയ്ത ചിത്രം രണ്ടു മണിക്കൂർ തികയുന്നതിനു മുമ്പേ പിൻവലിച്ച് തൃണമൂൽ രക്ഷപ്പെട്ടു. ഫോട്ടോ മോർഫ് ചെയ്തതാണെന്നു മനസ്സിലായതു കൊണ്ടാണ് പിൻവലിച്ചതെന്ന് പാർട്ടിയുടെ വിശദീകരണവും. ഇന്റർനെറ്റിൽ നിന്ന് കിട്ടിയ ചിത്രം മോർഫ് ചെയ്തതാണെന്ന് എങ്ങനെ മനസ്സിലാക്കുമെന്നായിരുന്നു തൃണമൂലിന്റെ ചോദ്യം. ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഐഎം-ബിജെപി-കോൺഗ്രസ് അവിശുദ്ധകൂട്ടുകെട്ട് എന്നാണ് തൃണമൂൽ കോൺഗ്രസ് ആരോപിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News