‘ഞങ്ങളുടെ ശമ്പളമെവിടെ…’ ഡോ. എം കെ മുനീറിനെതിരേ ഇന്ത്യാവിഷൻ ജീവനക്കാരൻ മത്സരരംഗത്ത്; പട്ടിണിയിലാക്കിയ മുതലാളിക്കെതിരേ മത്സരിക്കുന്ന എ കെ സാജന് പിന്തുണ പ്രവാഹം

കോഴിക്കോട്: മന്ത്രി ഡോ. എം കെ മൂനീറിനെതിരേ ഇന്ത്യാവിഷൻ ജീവനക്കാരൻ മത്സരരംഗത്ത്. ഇന്ത്യാവിഷനിൽ ഡ്രൈവറായിരുന്ന എ കെ സാജനാണ് ചാനൽ ചെയർമാൻകൂടിയായിരുന്ന ഡോ. എം കെ മുനീറിനെതിരേ കോഴിക്കോട് സൗത്തിൽ മത്സരിക്കുന്നത്. കോഴിക്കോട് പുതിയങ്ങാടി സ്വദേശിയാണ് സാജൻ. നാളെ നാമനിർദേശപത്രിക സമർപ്പിക്കും.

2003-ൽ ഇന്ത്യാവിഷൻ തുടങ്ങിയ കാലം മുതൽ സാജൻ ചാനലിലുണ്ട്. ആറു വർഷം മുമ്പാണ് സ്ഥിരനിയമനം നൽകിയത്. നിരവധി മാസത്തെ ശമ്പളം നൽകാതെയാണ് ചാനൽ അടച്ചുപൂട്ടിയതെന്നും ജേണലിസ്റ്റുകളും സാങ്കേതിക വിദഗ്ധരുമടക്കം നൂറു കണക്കിനു ജീവനക്കാരെ പട്ടിണിയിലാക്കിയുമാണ് കോഴിക്കോട് സൗത്തിലെ സ്ഥാനാർഥിയായ മുനീർ ചാനൽ അടച്ചുപൂട്ടിയതെന്നു ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് മത്സരത്തിലൂടെ സാജന്റെ ലക്ഷ്യം.

പി കെ കുഞ്ഞാലിക്കുട്ടിക്കെതിരായ റജീനയുടെ വെളിപ്പെടുത്തലുകൾ ഇന്ത്യാവിഷൻ ചാനൽ പുറത്തുവിട്ടപ്പോൾ ലീഗ് പ്രവർത്തകരുടെ ആക്രമണത്തിനിരയായിരുന്നു സാജൻ. പിന്നീടും പലവട്ടം പലയിടങ്ങളിൽ വാർത്താ ശേഖരണത്തിനിടെ സാജനു മർദനമേറ്റിരുന്നു. 2015 ഫെബ്രുവരിയിൽ ശമ്പളവും മറ്റു ചെലവുകളും നൽകാതെ ചാനൽ പൂട്ടുമ്പോൾ കോഴിക്കോടായിരുന്നു സാജനുണ്ടായിരുന്നത്.

ജേണലിസ്റ്റുകൾ മറ്റു പല സ്ഥാപനങ്ങളിലും തൊഴിൽ നേടിയെങ്കിലും സാജൻ അടക്കമുള്ള നിരവധി ജേണലിസ്റ്റ് ഇതര ജീവനക്കാർ ഇപ്പോഴും തൊഴിൽ രഹിതരമാണ്. ചാനൽ പൂട്ടും മുമ്പത്തെ മാസങ്ങളുടെ ശമ്പളം. ബ്യൂറോ ചെലവുകൾക്കുള്ള തുക, ടാക്‌സി വാടക, ഓഫീസ് വാടക എന്നിവയൊന്നും ഇപ്പോഴും നൽകിത്തീർത്തിട്ടില്ല. ലക്ഷങ്ങൾ വരെ കിട്ടാനുള്ള ജീവനക്കാരുണ്ട്. പല തവണ ഇക്കാര്യം മുനീറിനെ നേരിട്ടു കണ്ട് ഇന്ത്യാവിഷനിലെ ജീവനക്കാർ അറിയിച്ചിരുന്നു. യാതൊരു പ്രതികരണവും മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല. തുടർന്നാണ് ഇന്ത്യാവിഷൻ ജീവനക്കാർ ഒറ്റക്കെട്ടായി മുനീറിനെതിരേ പരസ്യമായി രംഗത്തുവന്നത്. ജീവനക്കാരുടെ പ്രതിനിധിയായാണ് സാജൻ മത്സരിക്കുന്നത്.

കോഴിക്കോടുള്ള മാധ്യമപ്രവർത്തകരുടെ പിന്തുണയും സാജനുണ്ട്. മാധ്യമപ്രവർത്തകരും പ്രചാരണത്തിനെത്തു. ഇന്ത്യാവിഷനിലെ ജീവനക്കാരായിരുന്നവരും മുനീറിനെതിരേ പ്രചാരണത്തിന് കോഴിക്കോട് സൗത്തിലെത്തും. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മാതൃഭൂമി പത്രത്തിലെ മുൻ ജീവനക്കാരൻ ശ്രീജിത്ത് പത്രം മാനേജിംഗ് ഡയറക്ടറും യുഡിഎഫ് സ്ഥാനാർഥിയുമായിരുന്ന എം പി വീരേന്ദ്രകുമാറിനെതിരേ മത്സരിച്ചിരുന്നു. യൂണിയൻ പ്രവർത്തനം നടത്തിയതിൽ പ്രതികാരനടപടിയായി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കു സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ച് ജോലി വിട്ടാണ് വീരേന്ദ്രകുമാറിനെതിരേ ശ്രീജിത്ത് മത്സരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News