ഉമ്മൻചാണ്ടിക്ക് ഉഡായിപ്പ് രാഷ്ട്രീയം മാത്രമേ അറിയൂ എന്ന് വിഎസ്; ചോദ്യങ്ങളേയുള്ളു ഉമ്മൻചാണ്ടിക്ക് ഉത്തരങ്ങളില്ലെന്നും വിഎസിന്റെ മറുപടി

തിരുവനന്തപുരം: ഉമ്മൻചാണ്ടിക്ക് ചോദ്യങ്ങളേയുള്ളു ഉത്തരങ്ങളില്ലെന്ന് വിഎസ് അച്യുതാനന്ദൻ. ഉമ്മൻചാണ്ടിയുടെ ചോദ്യങ്ങൾക്ക് താൻ മറുപടി നൽകണം. എന്നാൽ, എന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകുകകയുമില്ല. ഈ ഉഡായിപ്പാണ് ഉമ്മൻചാണ്ടിയുടെ രാഷ്ട്രീയത്തിന്റെ ആകെത്തുകയെന്നും വിഎസ് മറുപടി നൽകി. അവ തുറന്നുകാട്ടുന്നതിനുള്ള സുവർണാവസരമാണ് ഈ തെരഞ്ഞെടുപ്പെന്നും വിഎസ് ഫേസ്ബുക്ക് പോസ്റ്റിൽ ഉമ്മൻചാണ്ടിക്ക് മറുപടി നൽകി.

പോസ്റ്റിന്റെ പൂർണരൂപം വായിക്കാം;

ഉമ്മന്‍ ചാണ്ടിയ്ക്ക് ചോദ്യങ്ങളേയുള്ളൂ, ഉത്തരങ്ങളില്ല!!!

‘ഉമ്മന്‍ ചാണ്ടിയുടെ പിന്‍കാല്‍ സല്യൂട്ട്’ എന്ന ശീര്‍ഷകത്തില്‍ ഞാനെഴുതിയ മറുപടി പോസ്റ്റില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് ചില ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. അതിലൊന്ന്‍ 28,000 പേര്‍ക്ക് തൊഴില്‍ ലഭിച്ച ഇന്‍ഫോപാര്‍ക്ക് ആക്രിവിലയ്ക്ക് സ്മാര്‍ട്ട് സിറ്റിയ്ക്ക് വിറ്റ്‌ തുലയ്ക്കാന്‍ എന്തുകൊണ്ട് ശ്രമിച്ചു എന്നാണ്. മറ്റൊന്ന്‍ സ്മാര്‍ട്ട്‌സിറ്റിയെ ഒരു റിയല്‍ എസ്റ്റേറ്റ്‌ സിറ്റിയാക്കി മാറ്റിയ ജനവഞ്ചനയെക്കുറിച്ചാണ്. ഇതിനൊന്നും മറുപടിയുണ്ടായില്ല. അതിന്‍റെ കാരണം മനസ്സിലാക്കാവുന്നതേയുള്ളൂ. ഉമ്മന്‍ചാണ്ടി ഗവണ്മെന്‍റിനു ഐ.ടി. എന്നാല്‍ ഇന്‍റര്‍നാഷണല്‍ തട്ടിപ്പ് എന്നാണ്. ‘വ്യാജസന്ന്യാസി’ സന്തോഷ്‌മാധവന്‍റെ പാടത്തിലാണ് ഉമ്മന്‍ചാണ്ടിയുടെ ഐ.ടി. വികസനം!

ഉമ്മന്‍ ചാണ്ടി എന്നോടുന്നയിച്ച രാഷ്ട്രീയ ചോദ്യങ്ങള്‍ക്ക് മറ്റൊരു പോസ്റ്റിലൂടെ ഞാന്‍ അക്കമിട്ട് മറുപടി നല്‍കി. ആ പോസ്റ്റില്‍ ചില ചോദ്യങ്ങള്‍ ഞാന്‍ ഉമ്മന്‍ ചാണ്ടിയോട് ചോദിച്ചു. 1992 മാര്‍ച്ചില്‍ പാമോയില്‍ അഴിമതി ആരോപണം നിയമസഭയില്‍ ഉയര്‍ന്ന ദിവസങ്ങളില്‍ സഭയില്‍ ഒരക്ഷരം ഉരിയാടാതിരുന്നിട്ട് അന്നത്തെ മുഖ്യമന്ത്രി കരുണാകരനെ രക്ഷിക്കാന്‍ താനാണ് പോരാടിയത് എന്ന് പറഞ്ഞത് പച്ചക്കള്ളമല്ലേ? ചാരക്കേസില്‍ കരുണാകരനെ സ്ഥാനഭ്രഷ്ടനാക്കാന്‍ അന്നത്തെ ധനമന്ത്രി ഉമ്മന്‍ചാണ്ടി ആഹ്വാനം നടത്തുന്നതിന്‍റെ വീഡിയോ ചിത്രം പുറത്തുവന്നിട്ടും രേഖയെവിടെ എന്ന്‍ ചോദിച്ച് ഉളുപ്പില്ലായ്മ കാണിച്ചില്ലേ? ഈ ചോദ്യങ്ങള്‍ക്ക് ഇനിയും ഉത്തരം ലഭിച്ചിട്ടില്ല.

ഉമ്മന്‍ ചാണ്ടിയുടെ ചോദ്യങ്ങള്‍ക്ക് ഞാന്‍ മറുപടി നല്‍കണം, എന്നാല്‍ എന്‍റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയുമില്ല. ഈ ഉഡായിപ്പ് താങ്കളുടെ രാഷ്ട്രീയത്തിന്‍റെ ആകെ അന്തസ്സത്തയാണ്.
അവ തുറന്നുകാട്ടുന്നതിനുള്ള സുവര്‍ണ്ണാവസരമായി ഈ തെരഞ്ഞെടുപ്പിനെ ഞാന്‍ കാണുന്നു. അതിനുള്ള മറ്റൊരു വേദിയാണ് ഫേസ്ബുക്ക്‌. എന്‍റെ പോസ്റ്റിന് ലഭിക്കുന്ന പ്രതികരണങ്ങളില്‍ നിന്നും ഈ സമരമുഖവും വിജയകരമായിക്കൊണ്ടിരിക്കുന്നതായി സന്തോഷത്തോടെ ഞാന്‍ മനസ്സിലാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News