ക്രിക്കറ്റിൽ കോച്ച് വെറുതെ പണച്ചെലവുണ്ടാക്കും; കോച്ച് വേണ്ടെന്ന് പാക് സ്പിൻ ഇതിഹാസം അബ്ദുൽ ഖാദിർ

ലാഹോർ: ക്രിക്കറ്റിൽ കോച്ചിനെ ഏർപ്പെടുത്തുന്ന നടപടിക്കെതിരെ മുൻ പാക് സ്പിൻ ഇതിഹാസം അബ്ദുൽ ഖാദിർ. കോച്ച് വെറുതെ പണച്ചെലവുണ്ടാക്കുന്ന കാര്യമാണെന്ന് ഖാദിർ പറഞ്ഞു. ക്രിക്കറ്റിൽ യഥാർത്ഥത്തിൽ കോച്ചിന്റെ ആവശ്യമില്ല. ക്യാപ്റ്റനാണ് ടീമിന്റെ ലീഡർ. ക്യാപ്റ്റനാണ് എല്ലാം നിയന്ത്രിക്കുന്നതെന്നും ഖാദിർ കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്ന ഒരു താരത്തിന് കോച്ച് വേണമെന്നു തോന്നുന്നുണ്ടോ? കളിക്കാരെ പ്രചോദിപ്പിക്കലും തന്ത്രങ്ങൾ മെനയലുമാണ് ക്രിക്കറ്റിൽ പ്രധാനം. അത് ചെയ്യാൻ പറ്റിയത് ക്യാപ്റ്റനാണെന്നും അദ്ദേഹം പറഞ്ഞു.

കോച്ചിനായി ചെലവഴിക്കുന്ന പണം ആഭ്യന്തര ക്രിക്കറ്റിന്റെ വികസനത്തിനായി ചെലവഴിക്കണമെന്ന് ഖാദിർ പാകിസ്താൻ ക്രിക്കറ്റ് ബോർഡിനോട് ആവശ്യപ്പെട്ടു. ഇക്കാര്യം ഐസിസിയോടും ആവശ്യപ്പെടുമെന്നും ഖാദിർ വ്യക്തമാക്കി. കോച്ചുകൾക്കായി പണം ചെലവിടുന്നത് നിർത്തലാക്കാൻ ഐസിസിയോട് ആവശ്യപ്പെടും. പാകിസ്താൻ വർഷങ്ങളോളം വിദേശ പരിശീലകരെ പരീക്ഷിച്ചിട്ടും വിജയിക്കാനായില്ലെന്നും ഖാദിർ കൂട്ടിച്ചേർത്തു. 1999 മുതൽ 2014 വരെയുള്ള കാലയളവിൽ നിരവധി വിദേശ കോച്ചുകൾ പാകിസ്താൻ ടീമിനെ പരിശീലിപ്പിച്ചിട്ടുണ്ട്. എന്നാൽ, അതുകൊണ്ട് ഗുണം ഒന്നുമുണ്ടായിട്ടില്ല. 1992-ൽ ലോകകപ്പ് നേടുമ്പോഴും 2009-ൽ ട്വന്റി-20 ലോകകപ്പ് നേടുമ്പോഴും ഇൻതിഖാബ് ആലമായിരുന്നു ടീമിന്റെ ചുമതലക്കാരൻ.

ക്യാപ്റ്റനു സമ്പൂർണ ചുമതല നൽകണമെന്നും ഒരു മാനേജരെ ടീമിൽ നിയമിക്കുകയാണ് വേണ്ടതെന്നും പാകിസ്താൻ ക്രിക്കറ്റ് ബോർഡിനോടു ഖാദിർ ആവശ്യപ്പെട്ടു. ക്യാപ്റ്റനെ സഹായിക്കാൻ സാധിക്കുന്ന ക്രിക്കറ്റിനെ കുറിച്ച് അറിയുന്ന ഒരാളെ ആയിരിക്കണം മാനേജരായി നിയമിക്കേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News