ദില്ലി: ജഡ്ജിമാരുടെ എണ്ണം കൂട്ടാതെ നീതിന്യായ വ്യവസ്ഥയെ കുറ്റപ്പെടുത്തിയതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്നില്‍ വച്ച് പൊട്ടിക്കരഞ്ഞ് ചീഫ് ജസ്റ്റിസ് ടി.എസ്.താക്കൂര്‍. സംസ്ഥാന മുഖ്യമന്ത്രിമാരുടേയും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടേയും യോഗം ഉദ്ഘാടനം ചെയ്യുമ്പോഴാണ് താക്കൂര്‍ വികരാധീനനായത്. ജുഡീഷ്യല്‍ നിയമന കമ്മിഷനെ ചൊല്ലി കേന്ദ്രവും സുപ്രീംകോടതിയും തമ്മിലുള്ള തര്‍ക്കം തുടരവെ ജഡ്ജിമാരുടെ കുറവ് നീതിന്യായ വ്യവസ്ഥയ്ക്കുമേല്‍ ഭാരമാകുന്നുവെന്ന് പറഞ്ഞു കൊണ്ടാണ് താക്കൂര്‍ വിങ്ങിപ്പൊട്ടിയത്.
‘കേസുകള്‍ കെട്ടിക്കിടക്കുന്നതിന് ജുഡീഷ്യറിയെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. 21,000 ജഡ്ജിമാരാണ് ഇപ്പോള്‍ ആകെയുള്ളത്. അത് 40,000 എങ്കിലും ആക്കാതെ കുന്നുകൂടി കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കാനാവില്ല. ജഡ്ജിമാരുടെ എണ്ണം കൂട്ടാതെ കേസുകളുടെ മുഴുവന്‍ ഭാരവും ജുഡിഷ്യറിയുടെ തോളില്‍ വയ്ക്കുന്നത് ശരിയല്ല. ജഡ്ജിമാരുടെ ഒഴിവു നികത്തുന്നതില്‍ സര്‍ക്കാര്‍ കാര്യക്ഷമമല്ല ‘- താക്കൂര്‍ പറയുന്നു.
‘കേസുകളുടെയും കുറ്റവാളികളുടെയും കാര്യത്തില്‍ മാത്രമല്ല, രാജ്യത്തിന്റെ വികസനത്തെയും ഇത് ബാധിക്കുന്നുണ്ട്. അതുകൊണ്ടാണ് ഈ അവസരത്തില്‍ ഞാന്‍ കേണപേക്ഷിക്കുന്നത്. എല്ലാ ഭാരവും ജുഡീഷ്യറിക്ക് മേല്‍ ചുമത്താന്‍ നിങ്ങള്‍ക്കാവില്ല. ഞങ്ങളുടെ പ്രകടനം നിങ്ങള്‍ കാണണം’-വിങ്ങിപ്പൊട്ടി കൊണ്ട് താക്കൂര്‍ പറഞ്ഞു.
WATCH: Chief Justice of India TS Thakur breaks down during his speech at Jt conference of CMs and CJ of HCs in Delhihttps://t.co/xD1tro8rmX
— ANI (@ANI_news) April 24, 2016
‘കേന്ദ്രം പറയുന്നു ജഡ്ജിമാരുടെ നിയമനം സംസ്ഥാനങ്ങളുടെ കടമയാണെന്ന്. സംസ്ഥാനങ്ങളാകട്ടെ കേന്ദ്രം ഫണ്ട് അനുവദിക്കട്ടെയെന്നും പറയുന്നു. ഈ വടംവലി തുടരുമ്പോള്‍ ജഡ്ജിമാരുടെ എണ്ണം നേരത്തെയുള്ള പോലെ തന്നെ തുടരുന്നു. 38 ലക്ഷം കേസുകളുടെ കാര്യവും അങ്ങനെ തന്നെ. ഇന്ത്യയില്‍ ഒരു ജഡ്ജി ശരാശരി 2600 കേസുകള്‍ കൈകാര്യം ചെയ്യുന്നുണ്ടെന്നും എന്നാല്‍ അമേരിക്കയില്‍ ഇത് വെറും 81 മാത്രമാണെന്നും താക്കൂര്‍ ചടങ്ങില്‍ ഓര്‍മിപ്പിച്ചു. മുന്‍സിഫ് ജഡ്ജി മുതല്‍ സുപ്രീംകോടതി ജഡ്ജി വരെ ശരാശരി 2600 കേസുകളാണ് പ്രതിവര്‍ഷം തീര്‍പ്പാക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
ഇതോടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ കോടതിയുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് ചീഫ് ജസ്റ്റീസിന് മോഡി ഉറപ്പുനല്‍കി. ഭരണഘടനയുടെ അതിരുകള്‍ യാതൊരു പ്രശ്നങ്ങളും സൃഷ്ടിക്കില്ലെന്ന് പറഞ്ഞ മോദി, മുതിര്‍ന്ന മന്ത്രിമാരും സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്ജിമാരും ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് പ്രശ്നത്തിന് പരിഹാരം കാണാമെന്ന് പറഞ്ഞു. സാധാരണക്കാര്‍ക്ക് നീതി ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വന്തം കടമ നിര്‍വഹിക്കുമെന്നും മോദി വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here