എന്നാലും എന്റെ പുതുപ്പള്ളി പുണ്യാളാ… ഇതിത്തിരി കടന്നുപോയി

പാവം ഉമ്മൻ ചാണ്ടി ; എന്തൊക്കെ കാര്യങ്ങളാ അഞ്ച് കൊല്ലം കൊണ്ട് അനുഭവിച്ച് തീർത്തെ.

സരിതേ കൊണ്ട് പൊറുതിമുട്ടിയത് പോട്ടെ; കൂടെ നിന്ന ജോപ്പനും ജിക്കുവും സലിം രാജുമൊക്കെ ഒരിറ്റു സമാധാനം തന്നിട്ടുണ്ടൊ ? സുധീരനാണേൽ മുള്ളേൽ നിർത്തുവാരുന്നു.
ബിജു രമേശിന്റെ പോക്കറ്റിക്കയ്യിട്ട് വാരി മാണീം ബാബും കുടുംബം നാറ്റിച്ചില്ലേ. എല്ലാത്തിനും അറുതിയായല്ലോന്ന് വെച്ചിരിക്കുമ്പഴാ അടൂർ പ്രകാശ് മെത്രാൻ കായലിൽ നാശക്കോടാലി വെച്ചത്.

സെൽവരാജിനെ കൂടെ കൂട്ടി ഒന്ന് പയറ്റാമെന്ന് വെച്ചതാ. പക്ഷേ ഗണേശിനേം, പി സി ജോർജിനേം ഒരു വഴിക്കാക്കാൻ എത്ര ദിവസമാ മുടിപ്പിച്ചേ….
ഡിവൈഎഫ്‌ഐക്കാരുടെ കരിങ്കോടിയേക്കാൾ പാടല്ലാരുന്നൊ രണ്ടിനേം മേയിക്കാൻ.

മുല്ലപ്പെരിയാറിപ്പപ്പൊട്ടുമെന്നും പറഞ്ഞ് ഇടുക്കീന്ന് ഇറങ്ങിയോടിയ ജോസഫച്ചായന്റെ ടീമിപ്പം എട്ടുനിലേ പോട്ടിയ പോലായി.

ഇതിന്റിടേൽ ഇച്ചിരി മനസമാധാനത്തിനാ നിയമസഭേലോട്ടു വരുന്നേ.. അവിടൊ

ശിവദാസാ വേണ്ട.. വേണ്ടാ….ന്ന് ജമീലാക്ക പറഞ്ഞിട്ടും ശിവദാസനൊന്ന് കേക്കണ്ടെ…

കെ സി ജോസഫ് അപ്പൂപ്പനാണെങ്കിൽ വകുപ്പു പോലും മറന്നു പോയി. അകെ നടത്തിയ സാംസ്‌കാരിക പരിപാടി വിശ്വമലയാള മഹോത്സവം ആളുമാറി പ്രതിമേം അക്ഷരതെറ്റുമൊക്കയായി അലങ്കോലപ്പെടുത്തി കയ്യിതന്നു. കുവൈറ്റിലേക്ക് നോർക്ക.. നോർക്ക എന്നൊക്കെ പറഞ്ഞ് നഴ്‌സുമാരെ പറ്റിച്ചതല്ലാതെ പിന്നൊന്ന് ഓർത്തുപോലുമില്ല. ജഡ്ജിയെ നീലക്കുറക്കാന്നു വിളിച്ച കെഡ്രിറ്റും കൊണ്ടല്ലിയൊ ഇരിക്കൂറിലേക്കിറങ്ങിയിരിക്കുന്നേ .. കാത്തോണേ പുണ്യാളാ..

കരിക്കു കുടിച്ചു കുടിച്ചു തിരുവഞ്ചൂരാണേ
മത്ത് പിടിച്ച പോലായി. നസറിയ ശശീനൊക്കെ വിളിച്ചു പറഞ്ഞ് ആകെ ശശിയായി . സച്ചിനെ കൊണ്ടുവന്ന് ഓടിച്ചിട്ട് ക്രിക്കറ്റിനേക്കാൾ വലിയ കോഴക്കഥ ഒടുവിൽ നാട്ടുകാരുപൊക്കി പൊല്ലാപ്പാക്കി..

പവർകട്ടും ലോഡ് ഷെഡിംഗും ഒഴിവാക്കാൻ സോളാറേ… ന്നും പറഞ്ഞിരുന്ന ആര്യാടനെ അവസാനമെങ്ങാണ്ടാ സരിത കരണ്ടടിപ്പിക്കാൻ തീരുമാനിച്ചെ. വല്ലാത്തൊരമിട്ട് ആയിപോയി സരീതേടെ കത്ത്. ഇനി ബിജു രാധാകൃഷ്ണന്റെ സിഡി ഇറങ്ങണം സത്യം അറിയാൻ. അബ്ദുള്ളക്കുട്ടി ദേവോ ഭവ:

മച്ചാൻ ഷിബുവണ്ണൻ ഇപ്പോ ഗണേശനെക്കണ്ടാൽ മിണ്ടാറില്ലത്രേ. കുടുംബ കലഹം ഒത്തുതീർത്ത് രണ്ട് വഴിക്കാക്കിയതോടെ മച്ചാന്റെ തൊഴിൽ വകുപ്പ് ഷട്ടറിട്ടെന്നാ പിള്ളേച്ചൻ പറയുന്നേ. പിന്നെങ്ങാണ്ട് ഇടുക്കീ പെണ്ണുങ്ങൾ സമരത്തിനെറങ്ങിയപ്പേം രാത്രീ ചർച്ച നടത്താൻ ഒന്നുതുറന്നു. ആളു കൊല്ലത്ത് മാത്രമല്ല നിയമസഭേലും പുലിയാന്ന് ബിജിമോളു വെറുതേ പരദൂഷണം പറയുന്നതാകാനേ വഴിയുള്ളൂ.

തെളിവില്ലല്ലോ!

വിളപ്പിൽശാലക്കാലത്ത് മിന്നായം പോലെ മഞ്ഞളാംകുഴിയെ കണ്ടരോർമയുണ്ട്. ഇപ്പ ശരിയാത്തരാം, ഇപ്പ ശരിയാക്കിത്തരാം, എന്നൊക്കെ പറഞ്ഞിരുന്നു. പിന്നെ മേനകാ ഗാന്ധിയേം രഞ്ജിനി ഹരിദാസിനേം പിണക്കി തെരുവുനായ്ക്കളെ പട്ടിണിക്കിടാൻ വയ്യാത്തോണ്ടാ ‘മാലിന്യനിക്ഷേപപദ്ധതി’ നാടു മുഴുവൻ വ്യാപിപ്പിച്ചേന്ന്. വിദേശത്തൂന്ന് കണ്ട് പഠിച്ചതാകാനാ വഴി…

സകലമാന കൺസ്യൂമർഫെഡും പൂട്ടിയേന്റെ കണക്ക് നോക്കിയ വിജിലൻസ് വകമാറ്റി മന്ത്രിയെ കയ്യോടെ പിടികൂടി നാണക്കേടാക്കി… മന്ത്രിസഭേൽ വെറുതേ ഇരിക്കണ്ടാന്നു കരുതി ചെറിയൊരു കച്ചോടം ഏൽപ്പിച്ചതാ. പുള്ളിയത് മൊത്തകച്ചോടമാക്കിയത് അറിഞ്ഞില്ല തമ്പ്രാ …

പരീക്ഷ എഴുതാത്തവരെപ്പോലും ജയിപ്പിച്ച് റെക്കോർഡിട്ടു കളഞ്ഞില്ലേ അബ്ദുറബ്ബ്. ഹൊ! മാസ്മരിക പ്രകടനമായിപ്പോയി.

ഇബ്രാഹിം കുഞ്ഞിന്റെ കുട്ടിക്കളി ചില്ലറയല്ലെന്നു ഗണേശാണു നാട്ടീപ്പാട്ടാക്കിയത്. റോഡിലാകെ കുണ്ടും കുയീം നിറയെ ഉള്ളോണ്ട് കാറിലിരുന്ന് മേക്കപ്പിടാപ്പോലും പറ്റണില്ല.! കുയീടെ മോളി വെള്ളവരയിടാൻ നാട്ടാരു സമ്മതിക്കില്ലാ പോലും; അല്ലെ എത്ര ഹൈവേ കിട്ടിയേനെ. അരുവിക്കരക്കാരോടും ശക്തനോടുമൊക്കെ ചോദിച്ചാലറിയാം കാര്യം.

തദ്ദേശ ഭരണം വിദേശത്തു പോയി പഠിച്ച മുനീറ് ഖജനാവ് കട്ടേന്റെ രേഖകൾ ഏതൊ പഹൻമാരു ചോർത്തി. വകുപ്പുതലപ്പത്ത് ഓട്ടക്കാരികളും കയറുപിരി മാഡംസും ഇല്ലാത്തോണ്ട് കൂടെ കൂട്ടേണ്ടി വന്നില്ല. അങ്ങനെ വിദേശ ചിലവ് കുറക്കാനായെന്നാ അതിനിടേലും പുള്ളീടെ സ്വന്തം വിചാരം. പാട്ടൊക്കെപ്പാടുമെങ്കിലും ഇച്ചിരി സോഷ്യൽ ജസ്റ്റിസും കൂടെ വേണമെല്ലൊ.

അരി മുക്കിയതിന് ചെറീയേരു കേസാ ചിന്ന പയ്യൻ അനൂപ് ഒപ്പിച്ചെടുത്തേ. റേഷൻ കടക്കാര് ഒറ്റിയതാണോന്ന് സംശയമില്ലാതില്ല. എന്നാലും ജേക്കബിന്റെ ഏഴയലത്ത് കൊച്ചൻ വരാത്തോണ്ട് പിറവത്തെ കാര്യം ഇനി കണ്ടറിയണം.

സിപിഐഎം ജൈവകൃഷി ഒക്കെ ഏറ്റെടുത്തോണ്ട് കൃഷി വകുപ്പിന് പണി കുറവാരുന്നു. എന്നാലെന്ത് … പേട്ട തുള്ളലും മറ്റുമായി കാര്യങ്ങൾ ഓളമാക്കി കക്ഷി. ശബരിമലേ സ്ത്രീകളെ വരെ എത്തിച്ചില്ലേ മോഹനൻ.

ബാർകോഴേൽ ധനമന്ത്രിക്കെന്താ കാര്യം എന്ന പോലാ അമ്പലത്തിലെ വെടിക്കെട്ടിൽ ആഭ്യന്തര മന്ത്രിക്കെന്താകാര്യം എന്ന് ചോദിച്ചാൽ. സത്യം പറഞ്ഞാൽ മോദിയൊക്കെ ഇറങ്ങിയോണ്ട് ശിവകുമാറ് സൈഡീക്കൂടങ്ങ് രക്ഷപെട്ടു. പുറ്റിങ്ങൽ ഇടപാടിൽ ദേവസ്വത്തിന്റേം ചികിത്സേടേം കാര്യത്തിന് കമാന്നൊരക്ഷരം പറയേണ്ടി വന്നിട്ടില്ല.

നെയ്മറിന്റെ നട്ടെല്ല് പൊട്ടിയപ്പം മുഖ്യമന്ത്രി കാട്ടിയ ശുഷ്‌കാന്തി പോലും ടൂറിസം മന്ത്രിക്കില്ലാതെ പോയി. ബാറില്ലാതെ സഞ്ചാരികളുടെ വെള്ളംകുടി മുട്ടിയോണ്ട് ആകെയുള്ള വള്ളംകളിയുമായങ്ങ് ഒതുങ്ങിക്കൂടി കക്ഷി. എമേർജിംഗ് കേരള വഴി വെള്ളത്തിലൂടെ വിമാനമൊക്കെ ഓടിച്ചെങ്കിലും ടൂറിസത്തിന്നിച്ചിരി ക്ലച്ച് പോലും നഹീ…നഹീ…

അഞ്ച് കൊല്ലം കൊണ്ട് ഒരു കല്യാണം ഒപ്പിച്ചെടുത്തു ജയലക്ഷ്മി. പാവത്തുങ്ങൾക്കും വേണ്ടെ ഒരു ജീവിതം.

കേരളത്തെ ഡിജിറ്റൽ സംസ്ഥാനമാക്കീന്നാ കുഞ്ഞാലിക്കുട്ടീടെ അവകാശവാദം. സിഡി, പെൻഡ്രൈവ്, ലാപ്‌ടോപ്പ്, സിസിടിവി എന്നൊക്കെ മലയാളി കേട്ടാൽ സംഗതി സത്യമെന്നേ തോന്നൂ. മട്ടന്നൂരെ പെട്ടിക്കടക്ക് വരെ ഐടി പാർക്കിൽ ഇടം കൊടുത്തില്ലാരുന്നേൽ ഇച്ചിരി ഗമയൊക്കെ ആകാമാരുന്നു.

കുബേരക്കാരെ പൊക്കാനിറങ്ങിയ വഴിക്ക് ചിലർക്ക് പോലീസിൽ പണി വാങ്ങിക്കൊടുക്കാമെന്ന് ആരോടോ ചുമ്മാ പറഞ്ഞന്നേയുള്ളൂ ചെന്നിത്തല. ലെറ്റർ പാഡും സീലും വഴിയോരക്കടേ വരെ കിട്ടുമെന്ന് മുഖ്യൻ തന്നെ ആദ്യം തെളിയിച്ചോണ്ട് ചെന്നിത്തലാജീടെ പാഡിന് ഡിമാന്റ് കുറഞ്ഞു പോയി… ആ വാശിക്ക് പിന്നാമ്പുറത്തുടെ പയറ്റിയെങ്കിലും സൂക്ഷിച്ചില്ലേ പുള്ളിം കസേരേം കൊണ്ടു പോകുമെന്നുറപ്പല്ലാരുന്നൊ…

അതിന്റിടേലും എങ്ങാണ്ടൂന്നൊരുത്തൻ കേറി കസേരേലിരുന്നത് അമേരിക്കക്കാര് വരെ തത്സമയം കണ്ടു.

എന്നിട്ടും മല്ലേലിൽ ശ്രീധരൻജിക്കൊപ്പമുള്ള ക്ലിപ്പ് മുക്കാൻ പെട്ട പാടാണ് പെടാപ്പാട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here