പാലക്കാട് വീട് വാടകക്കെടുത്ത് അനാശാസ്യം; രണ്ട് സംഭവങ്ങളിലായി അഞ്ചു യുവതികളടക്കം ഒന്‍പത് പേര്‍ പിടിയില്‍

പാലക്കാട്: വീട് വാടകക്കെടുത്ത് അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന രണ്ടു സംഘങ്ങളെ രണ്ടിടങ്ങളില്‍ നിന്നായി പൊലീസ് പിടികൂടി.

കിണാശ്ശേരി ആനപ്പുറക്കാട് വീട് വാടകയ്‌ക്കെടുത്ത് അനാശാസ്യം നടത്തിയിരുന്ന രണ്ട് യുവാക്കളെയും രണ്ട് യുവതികളെയുമാണ് പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് പിടികൂടിയത്. പട്ടാമ്പി സ്വദേശി സേതുമാധവന്‍ (40), ഇടനിലക്കാരന്‍ വര്‍ക്കല സ്വദേശി സുബൈര്‍ (43) എന്നിവരെയും തിരുവനന്തപുരം, പത്തനംതിട്ട സ്വദേശിനികളായ യുവതികളെയുമാണ് പിടികൂടിയത്. കഴിഞ്ഞ രണ്ടു മാസമായി ഇവര്‍ വാടകവീട് കേന്ദ്രീകരിച്ച് അനാശാസ്യം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഘത്തിലെ മുഖ്യകണ്ണിയെ പിടികൂടാനായിട്ടില്ലെന്നും പൊലീസ് അറിയിച്ചു. ടൗണ്‍ സൗത് സി.ഐ പ്രമോദ്, സി.പി.ഒ രാജീവ്, സതീഷ്, വനിത സി.പി.ഒ ഷീല എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

രണ്ടാമത്തെ സംഘത്തെ പിടികൂടിയത് പുതുശ്ശേരി മരുതറോഡിലെ കെട്ടിടത്തില്‍ നിന്നാണ്. ഇവിടെ കെട്ടിടം വാടകക്കെടുത്ത് പെണ്‍വാണിഭം നടത്തിയ സംഘത്തിലെ അഞ്ചുപേരെയാണ് പിടികൂടിയത്. മരുതറോഡ് പെട്രോള്‍ ബങ്കിന് സമീപമുള്ള വീട് വാടകക്കെടുത്ത് ഒരു മാസമായി പ്രവര്‍ത്തിച്ചുവന്ന അനാശാസ്യ സംഘമാണ് കസബ പൊലീസിന്റെ വലയിലായത്. മണ്ണാര്‍ക്കാട് സ്വദേശി മുരളീകൃഷ്ണന്‍ (52), സിജ (38), വടവന്നൂര്‍ സ്വദേശി അനൂപ് (48), വടക്കഞ്ചേരി സ്വദേശിനി സുനിത (30), ഒലവക്കോട് സ്വദേശിനി ലതിക (55) എന്നിവരെയാണ് പിടികൂടിയത്. 11,000 രൂപക്കാണ് കെട്ടിടം വാടകക്കെടുത്തിരുന്നത്. ആവശ്യക്കാര്‍ക്ക് മദ്യവും, ഭക്ഷണവും സൗജന്യമായാണ് സംഘം നല്‍കിയിരുന്നത്. ദിനംപ്രതി അപരിചിതരായ ആളുകള്‍ ഈ വീട്ടില്‍ വന്നു പോകുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

ഇവിടെ നിന്ന് 30,000 രൂപ, ആറു മൊബൈല്‍ ഫോണ്‍, വിദേശ മദ്യം, ഗര്‍ഭനിരോധ ഉറകള്‍ എന്നിവ കണ്ടെടുത്തു. ഒന്നോ, രണ്ടോ മാസം മാത്രമാണ് സംഘം ഓരോ പ്രദേശത്തും താമസിച്ചിരുന്നത്. വൈദ്യപരിശോധനക്ക് ശേഷം കോടതിയില്‍ ഹാജരാക്കി പ്രതികളെ റിമാന്‍ഡ് ചെയ്തതായി പൊലീസ് അറിയിച്ചു. സി.ഐ എം.എം.ഷാജിയും സംഘവുമാണ് അനാശാസ്യ സംഘത്തെ വലയിലാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News