ഇന്ന് കന്നയ്യയെ ആക്രമിച്ചവർ നാളെ നമ്മളോരോരുത്തരേയും തേടിവരും; ഫാഷിസത്തിനെതിരെയുള്ള സമരങ്ങൾക്ക് കരുത്തേകാൻ ഇടതുപക്ഷത്തോടൊപ്പം നിൽക്കണം

സഖാവ് കന്നയ്യ കുമാറിനെ പൂണയിലേക്കുള്ള യാത്രാമധ്യെ വിമാനത്തിൽ വെച്ച് ഒരു ഹൈന്ദവഫാഷിസ്റ്റ് കഴുത്തുഞെരിച്ചു കൊല്ലാൻ ശ്രമിച്ചു എന്നതാണ് ഏറ്റവും പുതിയ വാർത്ത. കന്നയ്യക്കെതിരെയുള്ള ആക്രമണങ്ങൾ പുതിയതൊന്നുമല്ല. നീതിന്യായവ്യവസ്ഥയുടെ ശ്രീകോവിൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കോടതിക്കകത്ത് വെച്ചുവരെ ആക്രമണം നേരിട്ടയാളാണ് കന്നയ്യ. മോഡിയെയും, ഫാഷിസത്തെയും ഒരുപോലെ എതിർക്കുന്നു എന്നതാണ് ഈ ചെറുപ്പക്കാരൻ ചെയ്യുന്ന തെറ്റ്. മതേതരത്വവും, ജനാധിപത്യവും പറയുന്ന ഭരണഘടനയിൽ വിശ്വസിക്കുന്നു എന്നതാണ് അവനിൽ ആരോപിക്കപ്പെടുന്ന കുറ്റം.

ഫാഷിസം അങ്ങനെയാണ്. ആശയ സംവാദങ്ങളെ ഫാഷിസ്റ്റുകൾക്ക് എന്നും ഭയമാണ്. പകരം വെറുപ്പിൻറെയും ഉണ്മൂലനത്തിൻറെയും രാഷ്ട്രീയമാണവർക്ക് പ്രിയം. അഹിംസയെന്ന ആശയത്തെ നെഞ്ചോട് ചേർത്തുവെച്ച രാഷ്ട്രപിതാവായ ഗാന്ധിയെ വെടിവെച്ചു കൊന്നവരാണവർ. അന്ധവിശ്വാസത്തെയും, അനാചാരത്തെയും എതിർത്ത പിതൃതുല്യരായ ദബോൽക്കരെയും, പൻസാരയെയും, കല്ബുർഗിയെയും ഇല്ലായ്മചെയ്തവരാണവർ. പെരുമാൾ മുരുഗൻറെ സർഗാത്മകതയെ തല്ലിക്കെടുത്തിയവരാണവർ. കഴിക്കുന്ന ഭക്ഷണത്തിൻറെ രുചിയും, മണവും നോക്കി ആളുകളെ തള്ളിക്കൊല്ലുന്നവരാണവർ. യൂണിവേഴ്‌സിറ്റികളിൽ ഭക്ഷണം പാകം ചെയ്തതിൻറെ പേരിൽ വിദ്യാർഥികളെ തല്ലിച്ചതച്ച്, ജയിലിലടച്ചവരാണവർ. സർവോപരി അധികാരത്തിൻറെ സൌകര്യവും, ധാര്ഷ്ട്യവുമുപയോഗിച്ച് നുണപ്രചരണങ്ങൾ നടത്തി ആളുകളെ തമ്മിലടിപ്പിക്കുന്നവരാണവർ.

വിവരവും, വിവേകവും ഇല്ലാത്ത ഇവരുടെ ആയുധം വിദ്വേഷമാണ്, ആളുകളെ ശാരീരികമായി ആക്രമിക്കുക എന്നതാണ്, ആത്യന്തികമായി ഇല്ലായ്മ ചെയ്യുക എന്നതാണ്. ഇന്ന് കന്നയ്യയെ ആക്രമിച്ചവർ നാളെ നമ്മളോരോരുത്തരേയും തേടിവരും. നമ്മൾ ഒരുമിച്ചു നിൽക്കണം. ഫാഷിസത്തിനെതിരെയുള്ള ഇടതുപക്ഷത്തിൻറെ സമരങ്ങൾക്ക് കരുത്തേകാൻ ഇടതുപക്ഷത്തോടൊപ്പം നിൽക്കണം.

(മുഹമ്മദ് മുഹ്‌സിൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ്)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel