കൊല്ലപ്പെട്ട മലയാളി നഴ്‌സ് ചിക്കുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവിടാതെ ഒമാന്‍ പൊലീസ്; ഭര്‍ത്താവിന്റെ മൊഴിയെടുക്കല്‍ തുടരുന്നു; മൃതദേഹം നാട്ടിലെത്തിക്കുന്നത് ഇനിയും വൈകും

മസ്‌ക്കറ്റ്: ഒമാനില്‍ കുത്തേറ്റ് കൊല്ലപ്പെട്ട മലയാളി നഴ്‌സ് ചിക്കു റോബര്‍ട്ടിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തു. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് ശനിയാഴ്ച പോസ്റ്റുമോര്‍ട്ടം നടത്തിയത്. റിപ്പോര്‍ട്ട് പൊലീസിന് കൈമാറിയിട്ടുണ്ട്. എന്നാല്‍ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവിടാന്‍ പൊലീസ് തയ്യാറായിട്ടില്ല.

പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായെങ്കിലും ഭര്‍ത്താവ് ലിന്‍സന്‍ കസ്റ്റഡിയില്‍ തുടരുന്നതിനാല്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതില്‍ കാലതാമസമുണ്ടാക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ലിന്‍സനില്‍നിന്ന് മൊഴിയെടുക്കല്‍ തുടരുകയാണ്. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റുചെയ്തിട്ടില്ലെന്ന് റോയല്‍ ഒമാന്‍ പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. പലരെയും ചോദ്യംചെയ്യുകയാണെന്നും സാഹചര്യത്തെളിവുകള്‍ പരിശോധിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു. മസ്‌ക്കറ്റില്‍ നിന്നെത്തിയ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

എറണാകുളം അങ്കമാലി കറുകുറ്റി സ്വദേശി റോബര്‍ട്ടിന്റെ മകള്‍ ചിക്കു റോബര്‍ട്ടിനെ കഴിഞ്ഞ ബുധനാഴ്ചയാണ് സലാലയിലെ ഫഌറ്റില്‍ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മോഷണ ശ്രമത്തെ തുടര്‍ന്നാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന് കഴിഞ്ഞ ദിവസം പൊലീസ് വ്യക്തമാക്കിയിരുന്നു.

ചിക്കുവും ലിന്‍സണും ഒമാനിലെ ബദര്‍ അല്‍സമാ ആശുപത്രി ജീവനക്കാരാണ്. ചിക്കു ഡ്യൂട്ടിക്ക് എത്താതിരുന്നതോടെയാണ് ലിന്‍സണ്‍ വീട്ടില്‍ പോയി നോക്കിയത്. ഫ്ളാറ്റിലെത്തിയപ്പോള്‍ വാതില്‍ പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് വീട് തുറന്ന് അകത്തു കയറിയ ലിന്‍സണ്‍ കണ്ടത് കിടപ്പുമുറിയില്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന ചിക്കുവിനെയാണ്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ചിക്കുവിന്റെ ദേഹത്ത് മുഴുവന്‍ ആഴമേറിയ മുറിവുകള്‍ ഉണ്ടായിരുന്നു. പിന്‍ഭാഗത്തും, കാലിലും, അടിവയറിലുമാണ് പ്രധാനമായും മുറിവുകള്‍ ഉണ്ടായിരുന്നത്. ചിക്കുവിന്റെ ആഭരണങ്ങള്‍ മുഴുവന്‍ മോഷണം പോയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മോഷണശ്രമം എന്ന നിഗമനത്തില്‍ പൊലീസ് എത്തിച്ചേര്‍ന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News