മൈക്രോ ഫിനാന്‍സ് തട്ടിപ്പ്; വെള്ളാപ്പള്ളിയെ രക്ഷിക്കാന്‍ ഉമ്മന്‍ചാണ്ടിയും, ചെന്നിത്തലയും ശ്രമിക്കുകയാണെന്ന് വിഎസ്; ആരൊക്കെ എതിര്‍ത്താലും താന്‍ പിന്നോട്ടില്ലെന്നും വിഎസ്

തിരുവനന്തപുരം: മൈക്രോ ഫിനാന്‍സ് തട്ടിപ്പു നടത്തിയ വെള്ളാപ്പള്ളി നടേശനെ വിജിലന്‍സ് കേസില്‍ നിന്നും രക്ഷപ്പെടുത്താന്‍ ഉമ്മന്‍ചാണ്ടിയും, രമേശ് ചെന്നിത്തലയും ബദ്ധകങ്കണരായി പ്രവര്‍ത്തിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. ഇതിന്റെ തെളിവാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ രണ്ടുപ്രാവശ്യമായി സമയം നീട്ടി കിട്ടണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടതിന്റെ കാരണമെന്നും വിഎസ് പറഞ്ഞു.

കോടതിയില്‍ രണ്ടുപ്രാവശ്യമായി സമയം നീട്ടി കിട്ടണമെന്ന് ആവശ്യപ്പെടുകയാണ് സര്‍ക്കാര്‍. ഇത് വെള്ളാപ്പള്ളിയെ വിജിലന്‍സ് കേസില്‍ നിന്നും രക്ഷപ്പെടുത്താനുള്ള ഉമ്മന്‍ചാണ്ടിയുടെയും, വിജിലന്‍സ് വകുപ്പിന്റെ തലവനായ രമേശ് ചെന്നിത്തലയുടെയും സമ്മര്‍ദ്ദംമൂലമാണ്. ബിജെപി, ബി.ഡി.ജെ.എസ് സഖ്യത്തെ പരോക്ഷമായി സഹായിക്കുന്നതിനു വേണ്ടിയാണ് വിജിലന്‍സ് വകുപ്പിനെക്കൊണ്ട് ഇങ്ങനെ കുരങ്ങുകളിപ്പിക്കുന്നതെന്നും വിഎസ് പറഞ്ഞു.

മഹത്തായ എസ്എന്‍ഡിപി യോഗത്തിന്റെ പേര് ദുരുപയോഗം ചെയ്ത് പട്ടിണിപ്പാവങ്ങളായ ഈഴവ സഹോദരിമാരെ കബളിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടി എടുക്കുന്നതിന് ആരൊക്കെ എതിര്‍ത്താലും താന്‍ പിന്നോട്ടില്ലെന്നും വിഎസ് പറഞ്ഞു. എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഈ തട്ടിപ്പുകാരായ ഇടനിലക്കാരെ മാറ്റിനിര്‍ത്തി എസ്എന്‍ഡിപിയുടെ കീഴില്‍ രൂപീകരിച്ചിരിക്കുന്ന സ്വയംസഹായ സമിതികള്‍ക്ക് നേരിട്ട് വായ്പ നല്‍കാനുള്ള നടപടി സ്വീകരിക്കും. സര്‍ക്കാരും, ബാങ്കും നിശ്ചയിക്കുന്ന അതേ നിരക്കിലുള്ള പലിശയായിരിക്കും ഈടാക്കുക. പാവപ്പെട്ടവരെ തട്ടിച്ച് സമ്പന്നരായവരെ സഹായിക്കുന്നതിനുവേണ്ടി ബി.ജെ.പിയുമായി ഒത്തുചേരാന്‍ പോലും ഉമ്മന്‍ചാണ്ടിയ്ക്കും ചെന്നിത്തലയ്ക്കും യാതൊരു ഉളുപ്പുമില്ല. അവര്‍ നാലുവോട്ടിനുവേണ്ടി ആരുമായും കൈകോര്‍ക്കുമെന്നതിന്റെ തെളിവാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ നടന്നതെന്നും വി.എസ് പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News