വി സാംബശിവന്റെ ചരമവാർഷികദിനം

കഥാപ്രസംഗവേദികളിൽ മുഴങ്ങുന്ന ശബ്ദമായിരുന്ന വി സാംബശിവന്റെ 20-ാം ചരമവാർഷിക ദിനമാണ് ഇന്ന്. ഒരു ഓണക്കാലത്ത് ഗുഹാനന്ദപുരം ക്ഷേത്രസന്നിധിയിൽ വച്ച് മൈക്കില്ലാതെ പെട്രോമാക്‌സിന്റെ വെളിച്ചത്തിൽ ആദ്യത്തെ കഥാപ്രസംഗം അവതരിപ്പിച്ച സാംബശിവൻ പിന്നീട് കേരളത്തിലെ കഥാപ്രസംഗവേദിയുടെ മുഖമായി മാറി. 1929 ജൂലൈ 4ന് കൊല്ലം ചവറയിൽ വേലായുധന്റെയും ശാരദയുടെയും മൂത്തമകനായാണ് സാംബശിവന്റെ ജനനം. ചവറ സൗത്ത് ഗവൺമെന്റ് ഹൈസ്‌കൂൾ, യു.പി സ്‌കൂൾ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം. കൊല്ലം ശ്രീനാരായണ കോളജിൽ നിന്നു ബിഎ ഫസ്റ്റ്ക്ലാസോടെ പാസായി. കെഎസ്എഫിന്റെ ആദ്യ സംസ്ഥാന പ്രസിഡന്റായിരുന്നു.

1949 ലെ ഓണക്കാലത്ത് ഗുഹാനന്ദപുരം ക്ഷേത്രസന്നിധിയിൽ മൈക്കില്ലാതെ, കത്തിച്ചുവച്ചിരുന്ന പെട്രൊമാക്‌സിന്റെ വെളിച്ചത്തിൽ വി.സാംബശിവൻ തന്റെ ആദ്യ കഥാപ്രസംഗം അവതരിപ്പിച്ചു. ചങ്ങമ്പുഴയുടെ ‘ദേവത’യാണ് കഥയായി അവകരിപ്പിച്ചത്. അന്ന് ഉദ്ഘാടകൻ പറഞ്ഞ സാധാരണക്കാരനു മനസ്സിലാകുന്ന ശൈലിയിൽ കഥപറയണം എന്നത് ഒരു ആപ്തവാക്യമായി തന്റെ ജീവിതത്തിലുടനീളം സാംബശിവൻ പകർത്തി. വിദ്യാഭ്യാസത്തിനു പണമില്ലാത്തതിനാൽ ഞാൻ കഥ പറയാം, പകരം പണം തന്നു സഹായിക്കണമെന്ന ആമുഖ വാചകത്തോടെ സാംബശിവൻ ആരംഭിച്ച കഥ ആളുകളുടെ മനസ്സിൽ തട്ടി. പിന്നീടങ്ങോട്ടു ആയിരക്കണക്കിനു വേദികൾ അദ്ദേഹത്തെ തേടി എത്തി. പഠിക്കുന്ന കാലത്തും തിരക്കുള്ള കാഥികനായി കഥ പറഞ്ഞ് മുന്നേറുകയായിരുന്നു സാംബശിവൻ.

ദേവതക്കു ശേഷം കൊച്ചുസീത, മഗ്ദലനമറിയം, വാഴക്കുല ,ആയിഷ, റാണി, പട്ടുനൂലും വാഴനാരും, പ്രേമശിൽപി, പുള്ളിമാൻ എന്നീ കഥകൾ അദ്ദേഹത്തിന് വേദിയിൽ പ്രതിഷ്ഠ നേടി കൊടുത്തു. 1963-ൽ കഥാപ്രസംഗവേദിയിൽ ഒരു വഴിത്തിരിവു സൃഷ്ടിച്ചുകൊണ്ട് വിശ്വസാഹിത്യവും അദ്ദേഹത്തിന്റെ കഥാപ്രസംഗത്തിന് വിഷയമായി. ലിയോ ടോൾസ്റ്റോയിയുടെ ‘ദ പവർ ഓഫ് ഡാർക്‌നെസ് ‘ എന്ന നാടകം ‘അനീസ്യ’ എന്ന പേരിൽ കഥാപ്രസംഗമായി അദ്ദേഹം അവതരിപ്പിച്ചു. ‘പുഷ്പിത ജീവിതവാടിയിലൊരപ്‌സരസുന്ദരി ആണനീസ്യ’ എന്ന ഹൃദയഹാരിയായ ഗാനത്തോടെ അനീസ്യയെ ആസ്വാദകരുടെ മനസ്സുകളിലേക്കു അദ്ദേഹം കടത്തി വിട്ടു.

‘ഒഥല്ലോ ദി മൂർ ഒഫ് വെനീസ്’ എന്ന വിഖ്യാത ഷേക്‌സ്പീരിയൻ ദുരന്തനാടകവും 1964-ൽ സാംബശിവൻ കഥാപ്രസംഗവേദികളിൽ എത്തിച്ചു. കഥാപ്രസംഗം ആക്കുന്നതുവഴി കലാശാലകളിൽ പഠിക്കുവാൻ ഭാഗ്യമില്ലാത്ത സാധാരണക്കരന് ഒഥല്ലോ മനസ്സിലാക്കാനും പഠിക്കാനും അവസരം ഒരുക്കുക എന്നതായിരുന്നു ഇതിലൂടെ അദ്ദേഹം ലക്ഷ്യമിട്ടത്. ക്ലിഷ്ടമെന്നോ നൂറ്റാണ്ടുകൾ പഴക്കമുള്ളതെന്നോ ഷേക്‌സ്പിയർ ഭാഷയെക്കുറിച്ച് പഠിതാക്കൾ അഭിപ്രായപെട്ടിട്ടുണ്ട്. അതൊന്നുമല്ല , സുതാര്യവും ലളിതവുമാണ് ഷേക്‌സ്പിയർ സാഹിത്യം എന്ന നവാനുഭവമാണ് സാംബശിവന്റെ കഥാപ്രസംഗങ്ങൾ മലയാളിക്ക് സമ്മാനിച്ചത്.

1957-ൽ ഗുഹാനന്ദപുരം ഹൈസ്‌കൂളിൽ അധ്യാപകനായി. 60-ൽ ബിഎഡ് പാസായി. 1995-ൽ അദ്ദേഹത്തിനു ന്യൂമോണിയ ബാധ ഉണ്ടായി. പിന്നിട് ശ്വാസകോശത്തിൽ അർബുദവും ബാധിച്ചു. 1996 ഏപ്രിൽ 25ന് 67-ാം വയസിൽ അദ്ദേഹം അന്തരിച്ചു. സുഭദ്രയാണ് ഭാര്യ. അദ്ദേഹത്തിന്റെ മകനായ വസന്തകുമാർ സാംബശിവൻ ഇപ്പോൾ കഥാപ്രസംഗ രംഗത്തുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News