മുട്ടി മുട്ടി മലയാളിയുടെ സദാചാരമുട്ടൽ; ആണിനെയും പെണ്ണിനെയും കണ്ടാൽ കുരുപൊട്ടുന്ന മാനസികരോഗികളുടെ കേരളം

  • കണ്ണൂരിൽ സദാചാര പൊലീസ് ചമഞ്ഞ് യുവാവിനെയും സുഹൃത്തിനേയും അപമാനിക്കാൻ ശ്രമം
  • സദാചാര പൊലീസ് ചമഞ്ഞ് മർദനം; നാല് പോർ റിമാൻഡിൽ
  • സദാചാര പൊലീസ് ചമഞ്ഞ് മാനഭംഗം: ഒരാൾ അറസ്റ്റിൽ
  • വീണ്ടും സദാചാര പൊലീസ്; വിദ്യാർത്ഥിനിയെ ബൈക്കിൽ കയറ്റിയ സഹപാഠിക്ക് നേരെ ആക്രമണം
  • സദാചാര പൊലീസിംഗിനെതിരെന്ന വ്യാജേന ഇൻഫോപാർക്ക് പൊലീസിന്റെ സദാചാര പൊലീസിംഗ്, മുസ്ലിം യുവാവിനോട് സൗഹൃദം വേണ്ടെന്ന് ഉപദേശം
  • കോഴിക്കോട് ബീച്ചിൽ സുഹൃത്തിനോടൊപ്പം മദ്യപിച്ച അധ്യാപിക അറസ്റ്റിൽ

അടുത്തകാലത്ത് കേരളത്തിലെ മാധ്യമങ്ങളിൽ വന്ന ചില തലവാചകങ്ങളാണിത്. ഏറിയാൽ ഒരു പത്തുവർഷം, അതിലധികമായിട്ടില്ല മലയാളിക്ക് ഈ യൂണിഫോമില്ലാത്ത പൊലീസിനെ കിട്ടിയിട്ട്. സദാചാര പൊലീസ്. ഓരോ ദിവസവും കേരളത്തിൽ ഏതെങ്കിലും ഒരിടത്തുണ്ടാകും ഇമ്മാതിരി ഒരു സംഭവം. പറഞ്ഞു പറഞ്ഞു പതിഞ്ഞവാക്കായി ഇപ്പോഴതു പത്രത്തിന്റെ ലോക്കൽ പേജിലെ ഒരു കോളം വാർത്തയായി ഒതുങ്ങിത്തുടങ്ങിയിരിക്കുന്നു. മലയാളിയുടെ ഞരമ്പുരോഗം അതിരുകൾ ഭേദിച്ച് പൊതു പ്രവണതയായി മാറുമ്പോൾ ആർക്ക് എവിടെയാണു തെറ്റിയത്.

സുഹൃത്തിനൊപ്പം ചായകുടിച്ചുനിന്ന കൊച്ചി ഇൻഫോപാർക്കിലെ തസ്‌നിബാനുവിനെ കാക്കനാട്ടെ ഒരുകൂട്ടം നാട്ടുകാർ കൈയേറ്റം ചെയ്തത് അന്ന് കേരളത്തിലെ ഒട്ടുമിക്ക പത്രങ്ങളുടെയും ഒന്നാംപേജ് വാർത്തയായിരുന്നു. പിന്നീട് കോഴിക്കോട് കൊടിയത്തൂരിൽ ഷഹീദ് ബാവയെ ഒരു സംഘമാളുകൾ തല്ലിക്കൊന്നപ്പോഴും. അന്നൊക്കെ വലിയ വാർത്തകളും ചർച്ചകളുമുണ്ടായി. ഉയർന്നു കേട്ടു ഈ വാക്ക്, സദാചാര പൊലീസ്. പിന്നെ കേരളമാകെ ഈ തെമ്മാടി’പൊലീസ്’ വാർത്തകളുണ്ടാക്കി. പതുക്കെ പതുക്കെ കേരളമെന്നാൽ സദാചാരപൊലീസിന്റെ നാടെന്ന നിലയിലേക്കു കാര്യങ്ങൾ മാറുന്ന സാഹചര്യമായി. സത്യത്തിൽ ആരാണ് ഈ സദാചാര പൊലീസ്. എന്താണ് ഇവരുടെ ആവശ്യം. നാടിനെ സദാചാരം പഠിപ്പിക്കാൻ ഇവരെ ആരാണ് ചുമതലപ്പെടുത്തിയത്… ചോദ്യങ്ങൾ ചോദിക്കാമെന്നേയുള്ളൂ. ഉത്തരം സദാചാരത്തിലില്ല. പിന്നെയുമുണ്ട് ഉദാഹരണങ്ങൾ, ആലപ്പുഴയിൽ കടപ്പുറത്തിരുന്ന ദമ്പതികളെ ഓടിച്ചിട്ടു തല്ലി… തിരുവനന്തപുരം കനകക്കുന്നിൽ ഒന്നിച്ചു വരുന്ന ആണിനെയും പെണ്ണിനെയും നിരീക്ഷിക്കാൻ കാമറകൾ… അങ്ങനെ നിരവധി.

ആണിനെയും പെണ്ണിനെയും ഒന്നിച്ചുകണ്ടാൽ അല്ലെങ്കിൽ സന്ധ്യമയങ്ങിയാൽ റോഡിലൂടെ ഒരു സ്ത്രീ ഒറ്റയ്ക്കു നടന്നുപോവുകയോ ബസിലോ ട്രെയിനിലോ ഓട്ടോയിലോ യാത്രചെയ്താലോ സംശയക്കണ്ണുകൾ നീളുന്ന ഇന്ത്യയിലെ ഒരേയൊരു സ്ഥലം കേരളമാണെന്ന് ഒരു മറുനാടൻ സുഹൃത്ത് പറഞ്ഞത് അടുത്തനാളുകളിലൊന്നിലാണ്. പ്രബുദ്ധരെന്ന് സ്വയം മേനി നടിക്കുന്ന മലയാളിക്ക് ഇതിൽപരം അപമാനം എന്തുവേണം. അതിനു പിന്നാലെയാണ് മലയാളിയുടെ തലയിൽ മുണ്ടിട്ട്, തിരൂരിലെ വാക്കാട് കടപ്പുറത്ത് കുരുപൊട്ടിയ നാട്ടുകാരൻ കടൽ കാണാൻ മകനും ബന്ധുവിനുമൊപ്പമെത്തിയ യുവതിയെ സദാചാരം പറഞ്ഞു ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തത്. നാണക്കേടിന്റെ കേരളമായി ഓരോ ദിവസവും മാറുമ്പോഴും ആർക്കുമില്ല പരാതി. ചെറുത്തുനിൽപുമായി വന്നാലോ അവരെയും മുദ്രകുത്തും പല രീതിയിൽ, പല വഴിയിൽ…

ഈ സദാചാരം ആർക്കാണു വേണ്ടതെന്ന ചോദ്യമാണ് പ്രസക്തം. ആണും പെണ്ണും പട്ടാപ്പകൽ ഒന്നിച്ചു നടന്നാൽപോലും കുരുപൊട്ടി ചോദ്യം ചെയ്യാൻ നടക്കുന്നവർക്കാണു സദാചാരം വേണ്ടത് എന്ന് ഒറ്റവാക്കിൽ പറയണം. സ്ത്രീക്കും പുരുഷനും തുല്യതയുള്ള, സഞ്ചാരസ്വാതന്ത്ര്യമുള്ള നാട്ടിൽ അവരൊന്നിച്ചു നടന്നാൽ അതു ചോദ്യം ചെയ്യുന്നതാണു സദാചാരമില്ലായ്മ. സദാചാര പൊലീസ് ചമയുന്നവർ സ്വന്തം സദാചാരമില്ലായ്്മയാണു പ്രകടിപ്പിക്കുന്നതെന്നു സാരം. ആർക്കാണ് ഈ സദാചാര പൊലീസിംഗ് സംതൃപ്തി നൽകുന്നത്. കിട്ടാത്ത മുന്തിരി പുളിക്കുമെന്ന ചൊല്ലുപോലെയല്ലേ ഇത്. ആരെങ്കിലും കൽപിച്ചതോ അല്ലെങ്കിൽ സ്വയം നിർണയിച്ചതോ ആയ കുറേ ചട്ടക്കൂടുകൾക്കുള്ളിൽ, അല്ലെങ്കിൽ ഞാനിങ്ങനെയാവണം എന്നു തീരുമാനിച്ച ചിലരുടെ മനോവൈകല്യം. ഈ മനോവൈകല്യം തീർക്കേണ്ടത് നാട്ടിൽ സ്വതന്ത്രരായി നടക്കുന്ന സാധാരണക്കാരുടെ മേലല്ല.

കടുത്ത സ്ത്രീവിരുദ്ധമായ മലയാളി സമൂഹത്തിന്റെ നേർക്കാഴ്ചയാണു കേരളത്തിലെ ഒട്ടുമുക്കാൽ സദാചാര പൊലീസിംഗ് സംഭവങ്ങളും പങ്കുവയ്ക്കുന്നത്. തസ്‌നിബാനു സംഭവമുണ്ടായപ്പോൾ ‘കേരളത്തെ ബംഗളുരുവാക്കാൻ സമ്മതിക്കില്ല’ എന്നായിരുന്നു അക്രമി ആദ്യം പറഞ്ഞത്. സദാചാര പൊലീസിംഗ് നടത്തുന്നവർ മനോരോഗികളാണ് എന്നു പറയുന്ന വാദത്തിന് അടിവരയിടുകയാണ് ഇവിടെ. കെട്ടിലും മട്ടിലും കാഴ്ചയിലും വികസനത്തിലും കേരളത്തേക്കാൾ എത്രയോ വികസിതമാണ് ബംഗളുരു. കേരളത്തിലെ മെട്രോ സിറ്റി എന്നു പറയുന്ന കൊച്ചിയേക്കാളും ബഹുദൂരം മുന്നിൽ. കേരളത്തിന്റെ തെക്കേയറ്റത്തുനിന്നു പതിനാലു മണിക്കൂർ വണ്ടിയിലിരുന്നാലെത്താവുന്ന ദൂരത്തിലുള്ള ശരാശരി മലയാളിയുടെ സ്വപ്‌നനഗരം. കണക്കെടുത്താൽ നഗരത്തിൽ വസിക്കുന്നവരുടെ വലിയൊരു പങ്കും കേരളത്തിൽനിന്നും ജോലി ആവശ്യാർഥവും പഠനാർഥവും വണ്ടികയറിയവരാണെന്നും മനസിലാക്കാം.

ബംഗളുരുവിലെ സ്വതന്ത്രജീവിതം അവിടത്തെ വികസനത്തിന്റെ വാതിലുകൾകൂടിയാണ്. സ്വതന്ത്ര ജീവിതം ബംഗളുരുവിലെ വികസനത്തിന് എത്രമാത്രം സംഭാവന നൽകിയെന്നത് അവിടെ തഴച്ചു വളർന്ന പുതുതലമുറ വ്യവസായ, സേവനമേഖലകളുടെ സ്വഭാവത്തിൽനിന്നു മനസിലാക്കാം. ലിംഗവ്യത്യാസം ചിന്തിക്കാൻ പോലും കഴിയാത്ത തലമുറയ്ക്കു കരിയർ വളർത്താൻ കിട്ടിയ മണ്ണാണ് രാജ്യത്തെ ഐടി തലസ്ഥാനമായി ബംഗളുരുവിനെ വളർത്തിയത്. അതുപോലെ സ്വതന്ത്രമാകാത്ത കാഴ്ചപ്പാടുമായി നിന്നതാണ് കൊച്ചിയുടെയും കേരളത്തിന്റെയും വളർച്ചയിലെ തളർച്ചയിൽ ഒരു കാരണമായതും. അത്രത്തോളമെത്തിപ്പിടിക്കാനാവാത്ത മലയാളി അതുകൊണ്ടുതന്നെ ബംഗളുരുവാക്കാൻ നോക്കേണ്ട കൊച്ചിയെന്നു പറയുന്നതിലെ മനോരോഗം ലളിതമാണ്.

കേരളം പഠിക്കുന്നത് കേരളമാകാനാണ്. പഠിക്കേണ്ടതും. അതിനു മറുനാടൻ നഗരങ്ങളുടെ മാതൃക പിന്തുടരുകയല്ല ചെയ്യുന്നത്. കേരളത്തിലെ നഗരങ്ങൾക്കും വ്യവസായ മേഖലകൾക്കുമുള്ള സ്വഭാവവിശേഷങ്ങൾ ഉപയോഗപ്പെടുത്തിത്തന്നെയാണു വളരുന്നത്. മലയാളി മാത്രമാണ് ലിംഗവ്യത്യാസങ്ങളെ മുഴുവായിൽ ചർച്ച ചെയ്യേണ്ട വിഷയമായി കാണുന്നത്. ഇന്നും രാത്രി ജോലിക്കു പോകുന്ന സ്ത്രീകളെ പൂർണ മനസോടെ സ്വീകരിക്കാൻ തയാറാകാത്ത കേരളത്തിന്റെ മനസ് എത്രകാലം കഴിഞ്ഞാലാണു നന്നാവുക. വൈകിട്ട് അഞ്ചു മണിയാകുമ്പോൾ വീട്ടിൽ കയറി വാതിലടയ്‌ക്കേണ്ട കാലം കഴിഞ്ഞെന്നു മനസിലാക്കാത്തിടത്തോളം കാലം കേരളം ഈ സങ്കുചിത വരട്ടു സാഹചര്യങ്ങളിൽ കുരുങ്ങിക്കിടക്കും. എന്തിന് ഈ സദാചാരപൊലീസിംഗിനെ പേടിച്ച് കേരളത്തിലേക്കു വരാൻ സഞ്ചാരികൾ കൂടി മടിക്കുന്നു എന്നതാണ് യാഥാർഥ്യം.കരളത്തിൽ ഇപ്പോൾ ഒന്നിച്ച് ആൺകുട്ടിക്കും പെൺകുട്ടിക്കും ബൈക്കിൽ സഞ്ചരിക്കാൻ പോലും കഴിയാത്ത കാലമായിരിക്കുന്നു. ഇവിടെ സദാചാരം കൊണ്ടു നടക്കുന്നത് തൊപ്പിവച്ച സാക്ഷാൽ പൊലീസുകാരാണ്. പിടിച്ചു നിർത്തി ചോദ്യം ചെയ്യുകയും രണ്ടുപേരുടെയും വീടുകളിൽ വിളിച്ചുപറയുകയും ചെയ്യുന്ന പ്രകൃതരായി പൊലീസും മാറുമ്പോൾ ഉറപ്പിച്ചു പറയേണ്ടി വരുന്നത് കേരളം പ്രബുദ്ധരുടേതല്ല എന്നു തന്നെയാണ്.

മെട്രോ റെയിൽ ഉണ്ടാക്കിയതുകൊണ്ടോ നാടൊട്ടുക്കു വിമാനത്താവളം വന്നതുകൊണ്ടോ സ്മാർട് സിറ്റി തുറന്നതുകൊണ്ടോ മാത്രം വരുന്നതല്ല വികസനം. ജനകീയമായ പരിസരങ്ങളിലൂടെയെ യഥാർഥ വികസനം സാധ്യമാകൂ. അതിനുതകുന്നത് പുതിയ കാലത്തെ മനസിലാക്കാനും കാലത്തിന്റെ സ്വഭാവങ്ങളെ തിരിച്ചറിഞ്ഞു സ്വീകരിക്കാനുമുള്ള പുതിയ മനസാണ്. അതില്ലാത്തിടങ്ങളിലാണ് സദാചാര പൊലീസ് ഉണ്ടാകുന്നത്. ഏറ്റവും ഒടുവിൽ സദാചാര അക്രമമുണ്ടായ തിരൂരിലെ വാക്കാടിനടുത്തുതന്നെ ഉണ്ടായ ഒരു സംഭവം അടുത്തകാലത്തു വേണ്ടത്ര ചർച്ച ചെയ്യപ്പെടാതെ പോയിരുന്നു. ഏറെ കൊട്ടിഘോഷിച്ചു തുടങ്ങിയ തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവലാശാലയിലെ വിദ്യാർഥികളായിരുന്നു അതിന് ഇരയായത്.

കോളജിലെ ഒരു പരിപാടിയുടെ ഭാഗമായി കാമ്പസിനു പുറത്തു പോസ്റ്ററുകൾ ഒട്ടിക്കുന്നതിനിടെയാണ് സ്ഥലത്തെ സംഘപരിവാർ പ്രവർത്തകരെന്നു പറയുന്ന ഒരു വിഭാഗം എത്തി അക്രമം നടത്തിയത്. അവർ ചൂണ്ടിക്കാട്ടിയ ഒരേ ഒരു കാര്യം ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ചു പുറത്തുനടക്കാൻ പാടില്ലെന്നായിരുന്നു. സ്ത്രീകൾ രാത്രി പുറത്തിറങ്ങുന്നതാണ് ബലാത്സംഗങ്ങൾ ഉണ്ടാകാൻ കാരണമെന്നു പറഞ്ഞ കേന്ദ്രമന്ത്രിയുടെ അതേ പ്രത്യയശാസ്ത്രം നിക്കറിലിട്ടുനടന്നവർതന്നെ. തൊട്ടുപിന്നാലെയാണ് കാലിക്കറ്റ് സർവകലാശാലാ കാമ്പസിൽനിന്നു നാനൂറോളം പെൺകുട്ടികൾ പരാതിയുമായി ചാൻസലറെ സമീപിച്ചത്. പരാതി മറ്റൊന്നുമല്ല, കാമ്പസിലൂടെ ജീവഭയത്തോടെയല്ലാതെ നടക്കാനാവില്ല. അതിക്രമിച്ചു കയറിയവർ കയറിപ്പിടിക്കുന്നു. അശ്ലീലവും നഗ്നതയും കാണിക്കുന്നു. ഇതാണ് മലയാളിയുടെ സദാചാരസ്വഭാവം തെളിയിക്കുന്നത്. ഇതിനെയൊന്നും ചോദ്യം ചെയ്യാൻ കഴിയാതിരുന്ന മലയാളിയാണ് വീണ്ടും വീണ്ടും ആണിനെയും പെണ്ണിനെയും ഒന്നിച്ചു കാണുമ്പോൾ കുരുപൊട്ടി സദാചാര പൊലീസാകുന്നത്. എവിടെയാണ് സദാചാരം.

കോഴിക്കോട് കടപ്പുറത്ത് അധ്യാപികയും സുഹൃത്തും മദ്യപിച്ചു പൊലീസിന്റെ പിടിയിലായപ്പോൾ അതിന് യുവതിക്ക് അവകാശമില്ലെന്ന രീതിയിലാണ് കേരളം ചർച്ച ചെയ്തത്. പൊതു സ്ഥലത്തു മദ്യപിക്കുന്നത് ഇന്ത്യൻ നിയമപ്രകാരം കുറ്റകരമാണ്. അതല്ല ചർച്ചയായത്. സ്ത്രീയും പുരുഷനും ഒന്നിച്ചു മദ്യപിച്ചതാണ്. ഇതാണ് സദാചാര പൊലീസ് ചമയുന്ന മലയാളിയുടെ മനോവൈകല്യം വ്യക്തമാക്കുന്നത്. ഇതു സംബന്ധിച്ചു വന്ന വാർത്തകളുടെ ചുവടെ കമന്റിട്ടവരുടെ വാക്കുകൾ പരിശോധിച്ചാൽ അതു മനസിലാകും. കേരളത്തിൽ ഇത്തരം സംഭവങ്ങളെ ഹീനമെന്നു വരുത്തിത്തീർക്കാനുള്ള പൊലീസിന്റെ ശ്രമമായിരുന്നു അന്നുണ്ടായത്.

ചുരുക്കത്തിൽ കേരളം പോകുന്നത് സദാചാര പൊലീസിംഗിനെതിരായ പുരോഗമനചിന്തയുള്ളവരുടെ ശക്തമായ പ്രതിരോധം കെട്ടിപ്പടുക്കേണ്ട സാഹചര്യത്തിലേക്കാണ്. എവിടെയും എപ്പോഴും നമുക്കുമുന്നിൽ സദാചാര പൊലീസിന്റെ വേഷം കെട്ടിയ മനോരോഗി ചാടി വീഴാം. അവരെ കൈകൊണ്ടും കാലുകൊണ്ടും നഖം കൊണ്ടും പല്ലുകൊണ്ടും ചെറുത്തിട്ടു കാര്യമില്ല. അങ്ങനെയെങ്കിൽ കേരളത്തിലെ സദാചാരപൊലീസിംഗിന് എന്നേ അന്ത്യം കുറിക്കാമായിരുന്നു. വേണ്ടതു ചികിത്സയാണ്. ഒന്നാന്തരം മനോരോഗചികിത്സ. അടുത്ത തലമുറയെങ്കിലും സദാചാരപൊലീസാകാതിരിക്കണമെങ്കിൽ ആ ചികിത്സ വീട്ടിൽനിന്നു തുടങ്ങണം. സ്‌കൂളിൽ തുടരണം. സദാചാരിയായി ഒരാളും വളരാതിരിക്കട്ടെ. പ്രബുദ്ധമെന്ന് അവകാശപ്പെടുന്ന കേരളത്തിന്റെ മണ്ണിൽനിന്ന് കുരുപൊട്ടുന്ന സദാചാരവാദികളെ ഉൻമൂലനം ചെയ്യാനാണ് കാലം ശ്രമിക്കേണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News