വാഷിംഗ്ടണ്‍: മദ്യപിച്ച് യൂബര്‍ ടാക്‌സി ഡ്രൈവറെ കയ്യേറ്റം ചെയ്ത ഇന്ത്യന്‍ വംശജയായ വനിതാ ഡോക്ടറെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. യുഎസിലെ മിയാമി ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന അഞ്ജലി രാംകിസൂണിനെയാണ് ആശുപത്രി അധികൃതര്‍ പുറത്താക്കിയത്. മദ്യലഹരിയില്‍ ടാക്‌സി ഡ്രൈവറെ അഞ്ജലി മര്‍ദ്ദിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെയാണ് ആശുപത്രി അധികൃതര്‍ നടപടി സ്വീകരിച്ചത്.
ഇക്കഴിഞ്ഞ ജനുവരി 19നാണ് സംഭവം. മദ്യപിച്ചതിനെ തുടര്‍ന്ന് വാഹനത്തില്‍ വീട്ടിലെത്തിക്കാന്‍ ഡ്രൈവര്‍ വിസമ്മതിച്ചതാണ് അഞ്ജലിയെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് ഡ്രൈവറെ അഞ്ജലി കൈയ്യേറ്റം ചെയ്യുകയായിരുന്നു. ഡ്രൈവറെ അഞ്ജലി അടിക്കുകയും ചവിട്ടുകയും ചെയ്യുന്നത് വീഡിയോയില്‍ വ്യക്തമായി കാണാന്‍ സാധിക്കും. മര്‍ദനം തുടര്‍ന്നതോടെ വീണ്ടും അടിക്കാന്‍ കൈ ഉയര്‍ത്തിയ യുവതിയെ ഡ്രൈവര്‍ പിടിച്ചുമാറ്റുകയും ചെയ്യുന്നുണ്ട്. തുടര്‍ന്ന് കാറിനുള്ളില്‍ കയറിയ യുവതി ചില സാധനങ്ങള്‍ പുറത്തേക്ക് വലിച്ചെറിയുന്നുമുണ്ട്.
ലഹരി വിട്ട ശേഷം അഞ്ജലി ഡ്രൈവറോട് മാപ്പു ചോദിക്കുകയും ചെയ്തിരുന്നു. യൂബര്‍ ഡ്രൈവര്‍ യുവതിക്കെതിരെ പരാതിയും നല്‍കിയിരുന്നില്ല. നാലുവര്‍ഷമായി ന്യൂറോളജി ഡോക്ടറായി ജോലി ചെയ്യുകയായിരുന്നു അഞ്ജലി.
ജനുവരി 19നാണ് വീഡിയോ യൂട്യൂബില്‍ പോസ്റ്റു ചെയ്തത്. മൂന്നു മാസം കൊണ്ട് 73 ലക്ഷത്തോളം പേരാണ് വീഡിയോ കണ്ടത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here