ദില്ലി: സ്ത്രീകളുടെ ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ നിലപാട് വ്യക്തമാക്കി. സ്ത്രീകൾക്ക് ആരാധനാലയങ്ങളിൽ വിലക്കുള്ളത് ഹിന്ദുമതത്തിൽ മാത്രമല്ലെന്നു ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ നിലപാടെടുത്തു. ക്രിസ്തു മതത്തിലും മുസ്ലിം മതത്തിലും ഇത്തരത്തിൽ വിലക്കുകളുണ്ട്. എന്നാൽ, ഈ നിയന്ത്രണങ്ങളെല്ലാം ഭരണഘടന അനുവദിച്ചിട്ടുള്ളതാണ്. ശബരിമലയിൽ മാത്രമാണ് സ്ത്രീകൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ള അയ്യപ്പക്ഷേത്രം. അതും പ്രത്യേക പ്രായപരിധിയിലുള്ള സ്ത്രീകൾക്കാണ് വിലക്കുള്ളത്. 10 മുതൽ 50 വയസ്സു വരെ സ്ത്രീകൾക്കാണ് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളതെന്നും ദേവസ്വം ബോർഡ് നിലപാട് അറിയിച്ചു.
അതേസമയം, ജീവശാസ്ത്ര പരമായ പ്രത്യേകതകൾ പറഞ്ഞ് വിവേചനം കാണിക്കുന്നത് അംഗീകരിക്കാനാകില്ലെന്നു സുപ്രീംകോടതി പറഞ്ഞു. ആർത്തവമാണോ സ്ത്രീയുടെ വ്രതശുദ്ധിയുടെ അളവുകോലെന്ന് സുപ്രീംകോടതി ചോദിച്ചു. പുരുഷൻമാരുടെ വ്രതശുദ്ധി അളക്കുന്നത് എങ്ങനെയാണെന്നും കോടതി ചോദിച്ചു. അജ്ഞാത കത്തിന്റെ അടിസ്ഥാനത്തിൽ അല്ലേ ഹൈക്കോടതി വിലക്കെന്നും കോടതി ചോദിച്ചു.
ശബരിമലയിൽ ആർത്തവത്തിന്റെ പേരിൽ സ്ത്രീകളെ വിലക്കുന്നത് അംഗീകരിക്കാനാകില്ലെന്നു അമിക്കസ് ക്യൂറി കഴിഞ്ഞ ദിവസം കോടതിയിൽ വാദിച്ചിരുന്നു. ഇക്കാര്യത്തിൽ ഇന്നു നിലപാട് വ്യക്തമാക്കാൻ കോടതി നിർദേശിച്ചിരുന്നു.
Get real time update about this post categories directly on your device, subscribe now.
Discussion about this post