ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കടുംവെട്ട് സ്‌കൂളുകളിലെ ബ്രോഡ്ബാന്‍ഡ് ഇടപാടിലും; ബിഎസ്എന്‍എല്ലിനെ വെട്ടി സ്വകാര്യ കമ്പനിക്ക് കരാര്‍ നല്‍കി; ബാധ്യത പ്രതിവര്‍ഷം 20 കോടി വരെ

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കടുംവെട്ട് സ്‌കൂളുകളിലെ ബ്രോഡ്ബാന്‍ഡ് ഇടപാടിലും. 2007 മുതല്‍ കേരളത്തില്‍ സ്‌കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമായി 4500 ഇടങ്ങളില്‍ ബിഎസ്എന്‍എല്ലിന്റെ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് ഐടി@സ്‌കൂള്‍ വഴി നടപ്പാക്കിയിരുന്നത് ഇല്ലാതാക്കി റെയില്‍ടെല്‍ കോര്‍പറേഷന് നല്‍കി. മുന്‍ ഐടി സ്‌കൂള്‍ ഡയറക്ടര്‍ അന്‍വര്‍ സാദത്ത് ഫേസ്ബുക്കിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്.

അന്‍വര്‍ സാദത്ത് പറയുന്നു:
2007 മുതല്‍ കേരളത്തില്‍ സ്കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമായി 4500 ഇടങ്ങളില്‍ ബിഎസ്എന്‍എല്ലിന്‍റെ ബ്രോഡ്ബാന്‍ഡ് ഇന്‍റര്‍നെറ്റ് ഐടി@സ്കൂള്‍ വഴി നടപ്പാക്കിയിരുന്നത് ഇല്ലാതാക്കി റെയില്‍ടെല്‍ കോര്‍പറേഷന് നല്‍കിയത്രെ! ‘റെയില്‍ ടെല്‍ ‘ ന്റെ പേരില്‍ പൊതു ഉടമയില്‍ എന്ന് തോന്നുന്നുവെങ്കിലും സ്വകാര്യ ഫ്രാഞ്ചൈസികള്‍ വഴി ആണ് ഇത് നടപ്പാക്കുന്നത്. ഏകദേശം 9 കോടിയുടെ വര്‍ക്ക് ഓര്‍ഡര്‍ നല്‍കിയതും 3.4 കോടി അഡ്വാന്‍സ് തുക അവര്‍ക്ക് നല്‍കിയതും ഇലക്ഷന്‍ പ്രഖ്യാപത്തിന്‍റെ തൊട്ട് മുമ്പെ . ഐടി@സ്കൂള്‍ ടെക്നിക്കല്‍ കമ്മിറ്റി ചെയര്‍മാന്‍ ആദ്യഘട്ടത്തില്‍ എതിര്‍പ്പറിയിച്ചതിനാല്‍ അദ്ദേഹം പോലും കാണാതെ ഫയല്‍ സര്‍ക്കാറിലേക്കയച്ചു. നിലവിലെ സ്കീമിന്‍റെ അഞ്ചിരട്ടിയോളം തുക ഉള്‍പ്പെടെ പ്രതിവര്‍ഷം 10 മുതല്‍ 20 കോടി രൂപ വരെ ബാദ്ധ്യതയുണ്ടാക്കുന്നതായാണ് തീരുമാനം. ഇപ്പോള്‍ ” ഇല്ലത്തു നിന്നിറങ്ങി അമ്മാത്തെത്തിയില്ല” എന്ന നിലയില്‍ സ്കൂളുകള്‍ വെള്ളം കുടിക്കുന്നു.

സ്കൂള്‍ ബ്രോഡ്ബാന്‍ഡിന്‍റെ ചരിത്രം

1. 2007 ഡിസംബർ 9 നു ഇന്ത്യയില്‍ ആദ്യമായി മുഴുവന്‍ സ്കൂളുകള്‍ക്കും ബ്രോഡ്ബാന്‍ഡ് സംവിധാനം ഏര്‍പ്പെടുത്തുന്ന കരാറില്‍ അന്നത്തെ ഐടി@സ്കൂള്‍ ഡയറക്ടറായിരുന്ന ഞാനും ബിഎസ്എന്‍എല്‍ സിജിഎമും ഒപ്പിട്ടു. ( ചിത്രം 1 ) പ്രതിവര്‍ഷം 5000 രൂപയില്‍ 3GB വീതം പൂൾ ചെയ്ത് (വിര്‍ച്ച്വലി അണ്‍ലിമിറ്റഡ്) കണക്ഷന്‍. 2007ലെ ഐസിടി നയത്തില്‍ പ്രഖ്യാപിച്ചിരുന്നതില്‍ നിന്നും (2010) രണ്ടുവര്‍ഷം മുമ്പെ ഈ ദൗത്യം അന്ന് പൂര്‍ത്തിയാക്കി.

2. ഫെബ്രുവരി 2011ല്‍ ഈ ശൃംഖല VPN Over Broadband ( VPNOBB) എന്ന രൂപത്തില്‍ അതിവേഗ ഡിജിറ്റല്‍ പാതയായി പ്രഖ്യാപിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. 100 MBPS ലീസ്ഡ് ലൈനും 20 MBPS ബാക് ബോണ്‍ ബാന്‍ഡ് വിഡ്ത്തും ഉള്ള ഒരു സംവിധാനമായിരുന്നു അന്ന് ചര്‍ച്ചകള്‍ നടന്നത്. ഈ വിവരം പത്രങ്ങൾ പ്രാധാന്യ പൂർവം പ്രസിദ്ധീകരിച്ചു

3. 2011 ജൂലൈയില്‍ പുതിയ സര്‍ക്കാര്‍ നൂറുദിന പരിപാടി പ്രഖ്യാപിച്ചപ്പോള്‍ ഇതാദ്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ബി.എസ്.എന്‍.എല്‍മായുള്ള കരാറിന്‍റെ പകര്‍പ്പ് 2012ല്‍ അംഗീകരിച്ചു. 2012 ഏപ്രിലില്‍ ഞാന്‍ ഐടി@സ്കൂളില്‍ നിന്നും വിടുതല്‍ ചെയ്തു. എന്നാല്‍ 2012 സെപ്തംബറില്‍ വീണ്ടും ബിഎസ്എന്‍എല്ലുമായി ചേര്‍ന്ന് ഡിജിറ്റല്‍ സൂപ്പര്‍ ഹൈവേ എന്ന പ്രഖ്യാപനം വിദ്യാഭ്യാസമന്ത്രി ശ്രീ അബ്ദു റബ്ബ് നടത്തി.

4 2012 സെപ്തംബര്‍ 25ല്‍ പൊതുചടങ്ങില്‍ വെച്ച് കരാര്‍ കൈമാറി.( ചന്ദ്രിക വാർത്ത കാണുക , ( ചിത്രം 2 ) ). ഈ കരാറില്‍ അന്ന് 512 Kbps ന് പ്രതിവര്‍ഷ ആവര്‍ത്തന ചാര്‍ജ് 10,300 രൂപയാണ് എന്ന് പറയുന്നുണ്ട്. എന്തുകൊണ്ട് കരാര്‍ ഒപ്പിട്ട (അഡ്വാന്‍സും നല്‍കി ?) ഈ പദ്ധതി നടപ്പാക്കിയില്ല. സര്‍ക്കാര്‍ അനുമതിയും ഫണ്ടും ലഭ്യമാണെന്നിരിക്കെ കഴിഞ്ഞ നാലു വര്‍ഷം ഈ സൗകര്യം കേരളത്തിലെ പൊതു വിദ്യാലയങ്ങള്‍ക്ക് നിഷേധിച്ചതിന് ആര് സമാധാനം പറയും ?

4. പിന്നീടുള്ള നാല് വര്‍ഷങ്ങളില്‍ പ്രത്യക്ഷത്തില്‍ ഒന്നും നടന്നില്ല. മുഴുവന്‍ സ്കൂളുകളിലും വൈഫൈ എന്ന വലിയൊരു വാര്‍ത്ത മനോരമയില്‍ കണ്ടു (2013 ആണെന്ന് തോന്നുന്നു). അതുക്കുംമേലെ ഒരു വാര്‍ത്ത 2015 ജൂലൈ 25ന് ഹിന്ദുവും റിപ്പോര്‍ട്ട് ചെയ്തു.

5. എന്നാല്‍ റെയില്‍ ടെല്‍ എന്ന പദം 2014 മുതലെ അന്തരീക്ഷത്തില്‍ മുഴങ്ങാന്‍ തുടങ്ങിയിരുന്നു. പേരില്‍ റെയില്‍വേയുടെ സ്ഥാപനം. എന്നാല്‍ കൈകാര്യം ചെയ്യുന്നത് നാട്ടിലെ കേബിള്‍ ഓപ്പറേറ്റര്‍മാര്‍ ഉള്‍പ്പെടുന്ന ഫ്രാഞ്ചൈസി സംവിധാനം. ഇതിന്‍റെ ആവര്‍ത്തന ചെലവ് ആര് എങ്ങനെ വഹിക്കും എന്ന ചോദ്യം ടെക്നിക്കല്‍ കമ്മിറ്റി ചെയര്‍മാന്‍ ഉന്നയിച്ചു. മുന്‍ വിദ്യാഭ്യാസ സെക്രട്ടറിമാര്‍ ഇതിന് അനുവാദം നല്‍കിയില്ല. ശക്തമായ ലോബിയിംഗ് ഇതിനായി നടന്നു.

6. സാധാരണ ഇക്കാര്യത്തില്‍ വിശദമായ ആര്‍എഫ്പിയോ ടെന്‍ഡറോ ഒന്നുമുണ്ടായില്ല. ടെക്നിക്കല്‍ കമ്മിറ്റി ചെയര്‍മാനെ ആ വഴിക്ക് അടുപ്പിച്ചില്ല. ഡിപിസിയുടെ അംഗീകാരം വാങ്ങി. ആവര്‍ത്തനച്ചെലവ് കോടികള്‍ ഉള്ളതിനാല്‍ ഫിനാന്‍സും കാബിനറ്റുമെല്ലാം കാണണമെന്നിരിക്കെ ആ നടപടി ക്രമം പാലിച്ചോ എന്നറിയില്ല. സമയക്രമം, മുഴുവന്‍ ഫൈബര്‍ എന്നൊക്കെ പറഞ്ഞ് ബിഎസ്എന്‍എല്ലിനെ പൂട്ടിയിട്ടു. 5000 രൂപയ്ക്ക് പ്രതിവര്‍ഷം കഴിഞ്ഞ 8 വര്‍ഷത്തോളം നല്ല സേവനം നടത്തി വരുന്ന ബിഎസ്എന്‍എല്ലിന്‍റെ കരാര്‍ 2015 സെപ്തംബറില്‍ അവസാനിച്ചപ്പോള്‍ ഐടി@സ്കൂള്‍ അത് പുതുക്കിയില്ല. ആറുമാസം കൂടി ബിഎസ്എന്‍എല്‍ സൗജന്യനിരക്കില്‍ സേവനം നല്‍കി.Railtel നു Installation 6000 രൂപ Annual Charge 22000 രൂപ എന്ന് ഉത്തരവായി .ഈ ഉത്തരവ് , Servie Level Agreements, Circulars തുടങ്ങിയവ സര്‍ക്കാരിന്‍റെയോ , വിദ്യാഭ്യാസ വകുപ്പിന്‍റെയോ, ഐടി@സ്കൂളിന്‍റെയോ വെബ്സൈറ്റുകളില്‍ ഒന്നും ലഭ്യമല്ല. തുമ്മിയാല്‍ പത്രക്കുറിപ്പ് ഇറക്കുന്ന വിദ്യാഭ്യാസ വകുപ്പ് ഇക്കാര്യത്തില്‍ പൂര്‍ണ അതാര്യത പാലിച്ചു മാതൃകയായി. 2016 മാര്‍ച്ച് 16ന് 1466-ാം നമ്പറില്‍ ഐടി@സ്കൂള്‍ ഡയറക്ടര്‍ ഇറക്കിയ സര്‍ക്കുലറില്‍ 3-ാം ഇനമായി ഏപ്രിലില്‍ മുതല്‍ റെയില്‍ടെല്‍ വരും എന്ന് പറയുന്നുണ്ട്. ജനുവരി 12ന് GO(Rt) No 5847 സര്‍ക്കാര്‍ ഉത്തരവിറങ്ങിയിട്ട് നാല് മാസം പൂര്‍ത്തിയായി. പുലിവരും പുലിവരും എന്ന് സൂചിപ്പിച്ചിരുന്നുവെങ്കിലും ബിഎസ്എന്‍എല്‍ കണക്ഷന്‍ കട്ട് ചെയ്തപ്പോഴാണ് പലരും വിവരം അറിയുന്നത്.

7. 2015 ഇതേ റെയില്‍ടെല്ലിന് ഇ-ഡിസ്ട്രിക് പദ്ധതിയില്‍ വില്ലേജ് ഓഫീസുകള്‍ ഉള്‍പ്പെടുന്ന റവന്യൂ വകുപ്പിന്‍റെ സ്ഥാപനങ്ങള്‍ക്ക് കണക്ഷന്‍ എടുക്കാന്‍ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് സേവനം മോശമായതിനാല്‍ അത് തിരിച്ചെടുത്ത് ബിഎസ്എന്‍എല്ലിനെ ഏല്‍പ്പിച്ചു . തൊട്ടടുത്ത കോഴിക്കോട് ജില്ലയില്‍ ജില്ലാ കളക്ടര്‍ നേരിട്ട് ഇടപെട്ട് സൗജന്യ വൈഫൈ ഏര്‍പ്പെടുത്തിയപ്പോള്‍ ഇന്ത്യയില്‍ ആദ്യം എന്ന കൊട്ടിഘോഷിച്ച് മലപ്പുറം നഗരസഭ സൗജന്യ വൈഫൈ ഏര്‍പ്പെടുത്തിയത് കോടികളോളം ചെലവഴിക്കേണ്ട അവസ്ഥയില്‍ അതും റെയില്‍ ടെല്‍ തന്നെ. അന്നും ഇന്നും തീരുമാനം എടുത്തവര്‍ക്ക് സമാനതകളുണ്ടാകുന്നത് വിധിവൈപരീത്യം. ഐടി മിഷന്‍ അവസാനം അതില്‍ നിന്നും പുറകോട്ട് പോയി എന്ന് കേള്‍ക്കുന്നു. മലപ്പുറം നഗരസഭയുടെ സൗജന്യ വൈഫൈയുടെ അവസ്ഥ സുഹൃത്തുക്കള്‍ അന്വേഷിക്കുക.

റെയില്‍ടെല്‍ നല്‍കുന്ന തുകയ്ക്ക് തങ്ങളും നല്‍കാന്‍ തയ്യാറാണ് എന്നാണ് ബി.എസ്.എന്‍.എല്‍ പറയുന്നത്. എന്നാല്‍ ബിഎസ്എന്‍എല്ലിനെ ഒഴിവാക്കാനുള്ള Specification ആരാണ് തയ്യാറാക്കിയത്. (സര്‍ക്കാര്‍ എന്ന് പൊതുവെ പറയാതെ ഏത് Technical Expert / Technical Committee എന്നറിഞ്ഞാല്‍ കൊള്ളാം. അതുപോലെ ബാന്‍ഡ് വിഡ്ത്ത് ലഭ്യത ( ഇത് Closed VPN ആണെന്ന് ഓര്‍ക്കണം) . റെയില്‍ടെല്‍ നേരിട്ട് ബ്രോഡ് ബാന്‍ഡ് നല്‍കുന്നില്ല എന്നറിയുന്നു . അവര്‍ ലീസ്ഡ് ലൈനും ബാന്‍ഡ് വിഡ്ത്തും നല്‍കുന്നു. റെയില്‍വെയര്‍ എന്ന സ്വകാര്യ സംരംഭമാണ് ബ്രോഡ്ബാന്‍ഡ് നല്‍കുന്നത്. ഇവര്‍ 60:40 എന്ന അനുപാതത്തില്‍ കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്ക് ( ഫ്രഞ്ചൈസികള്‍ക്ക് ) തുക നല്‍കുകയാണത്രേ ?. ശരാശരി 700 ഓളം രൂപയാണത്രേ ഒരു ഫ്രഞ്ചൈസിക്ക് ഒരു മാസം നല്‍കുന്നത്. ഇതൊരു തരം Sub-Contracting ആണെന്നും സര്‍ക്കാര്‍ ടെണ്ടറുകള്‍ ഇതനുവദിക്കുമോ എന്നതും പോകട്ടെ, കേബിള്‍ സേവനങ്ങള്‍ നല്‍കുന്ന സ്വകാര്യ സംരംഭകര്‍ക്ക് റെയില്‍ടെല്‍ ഐഎസ്പി ലൈസന്‍സ് ഉപയോഗിച്ച് യഥേഷ്ടം ഫൈബര്‍വഴി ഇന്‍റര്‍നെറ്റും നല്‍കാന്‍ കഴിയുമോ? പാത ഉപയോഗിക്കുന്നതിന് KSEB, PWD തുടങ്ങിയ വകുപ്പുകളില്‍ പണം അടച്ച് എല്ലാവരും അനുവാദം വാങ്ങിയിട്ടുണ്ടോ? ടെലികോം വകുപ്പിനു കീഴില്‍ TERM (Telecom Enforcement, Resource and Monitoring) Cell ഇതിന്‍റെ ലൈസന്‍സ് നിബന്ധനകള്‍ അംഗീകരിച്ചിട്ടുണ്ടോ ?

വളരെ കഷ്ടപ്പെട്ടും ബിഎസ്എന്‍എല്ലിന്‍റെ കേന്ദ്രീകൃത സംവിധാനം പൂര്‍ണമായും ഉപയോഗിച്ചുമാണ് സ്കൂള്‍ ബ്രോഡ്ബാന്‍ഡ് ശൃംഖല, രാജ്യത്ത് ഏറ്റവും കുറഞ്ഞ ചെലവില്‍ നാം സ്ഥാപിച്ചത്. ഇവിടെ കേബിള്‍ ഓപ്പറേറ്റര്‍മാരുടെ മേല്‍ എത്രമാത്രം നിയന്ത്രണം ഐടി@സ്കൂളിനുണ്ടാകും? എന്തിനാണ് ഇടുക്കി, വയനാട് ജില്ലകളെ ഇതില്‍നിന്ന് ഒഴിവാക്കിയത്. ഇടുക്കിയിലെ ഇടമലക്കുടിയില്‍ വരെ ഫൈബര്‍ കൊടുത്തു എന്ന് പറയുന്ന (?) സര്‍ക്കാറിന് ഈ ജില്ലകളിലെ കുട്ടികള്‍ക്ക് അതിവേഗ സൗകര്യം ലഭ്യമാക്കാന്‍ കഴിയാത്തതാണോ അതോ വേണ്ടന്ന് വെച്ചതാണോ? മെയ് 15 ന് മുമ്പ് പൂര്‍ത്തിയാക്കും എന്ന പറയുന്നു. ഇലക്ഷന് തൊട്ട് മുമ്പുള്ള ദിവസം. പ്രതിദിനം 60 രൂപ പിഴ തുടങ്ങിയ കാര്യങ്ങള്‍ നടപ്പാക്കാന്‍ ഉള്ള സംവിധാനം എന്താണ്.

ഇനി വരുന്ന സര്‍ക്കാരിനേയും ‘ ഇനി വരുന്നൊരു തലമുറത്തന്നെ ‘ ആശങ്കയിലാഴ്ത്തിയ ഇത്തരമൊരു തീരുമാനം അവസാനത്തിന്‍റെ അവസാന കാലത്തെടുത്ത് മൂന്ന് വര്‍ഷ കരാറും ഒപ്പിച്ച് മൂന്ന് കോടി അഡ്വാന്‍സും നല്‍കാന്‍ എടുത്ത ഈ ‘ ധൈര്യം ‘ പേടിപ്പെടുത്തുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News