സൗദിയില്‍ തൊഴില്‍ വിസ നിയന്ത്രണം പ്രഖ്യാപിച്ചു; 18ന് താഴെയും 60ന് മുകളിലും പ്രായമുള്ളവര്‍ക്ക് ഇനി വിസയില്ല; സ്ത്രീകളുമായി ഇടകലര്‍ന്ന് ജോലി ചെയ്യുന്നവരെ പിരിച്ചു വിടാനും നിര്‍ദേശം

റിയാദ്: സൗദി അറേബ്യയില്‍ തൊഴില്‍ വിസയില്‍ നിയന്ത്രണമേര്‍പ്പെടുത്തി കൊണ്ട് പുതിയ തൊഴില്‍ നിയമാവലി പ്രഖ്യാപിച്ചു. പുതിയ നിയമമനുസരിച്ച് 18 വയസിന് താഴെയും 60 വയസിന് മുകളില്‍ ഉളളവര്‍ക്കു പുതിയ വിസ അനുവദിക്കില്ല. എന്നാല്‍ കൂടിയ പ്രായപരിധിയില്‍ ഡോക്ടര്‍മാര്‍ക്കും, വിദഗ്ദര്‍ക്കും സര്‍ക്കാര്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. മന്ത്രി ഡോ. മുഫറജ് അല്‍ ഹഖ്ബാനി ആണ് പുതിയ നിയമാവലി പ്രഖ്യാപിച്ചത്.

തൊഴിലാളികള്‍ക്ക് വേതനം നല്‍കുന്നതില്‍ വീഴ്ച വരുത്തുന്ന കമ്പനികള്‍ക്കും, ബിനാമി ബിസിനസ് ആണെന്ന് കണ്ടെത്തപ്പെടുന്ന സ്ഥാപനങ്ങള്‍ക്കും ഇനി വിസ ലഭിക്കില്ല. നിയമപരമല്ലാതെ തൊഴിലാളികളെ പുറത്ത് ജോലിക്കായി അയക്കുന്നവരുടെ വിസാ അപേക്ഷകള്‍ നിരസിക്കുമെന്നും മന്ത്രാലയം അറിയിച്ചു. വിസാ കച്ചവടം നടത്തിയാല്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് തൊഴില്‍ മന്ത്രാലയത്തില്‍ നിന്നുളള മുഴുവന്‍ വിസാ നടപടി ക്രമങ്ങളും നിര്‍ത്തിവയ്ക്കും. പിന്നെ അഞ്ച് വര്‍ഷത്തേക്ക് വിസ നല്‍കില്ലെന്നും തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.

വിവാഹത്തിന് അഞ്ച് ദിവസവും, ഭാര്യയോ അടുത്ത ബന്ധുക്കളോ മരിച്ചാല്‍ അഞ്ച് ദിവസവും, മക്കളുടെ പിറന്നാളിന് മൂന്ന് ദിവസവും അവധി സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ലഭ്യമാക്കുമെന്നും പുതിയ നിയമാവലിയില്‍ പറയുന്നു. സ്വകാര്യ സ്ഥാപനങ്ങളിലെ സൗദിവത്ക്കരണം 75 ശതമാനമായി നിശ്ചയിക്കുമെന്ന് നിയമാവലിയില്‍ പറയുന്നു.

സ്വകാര്യ മേഖലയില്‍ സ്ത്രീകളുമായി ഇടകലര്‍ന്ന് ജോലി ചെയ്യുന്നവരെ പിരിച്ചു വിടുന്നതിനും പുതിയ നിയമാവലിയില്‍ നിര്‍ദേശമുണ്ട്. ഇത്തരത്തില്‍ ജോലി ചെയ്യുന്നവരെ കണ്ടെത്തിയാല്‍ ഒരു ദിവസത്തെ ശമ്പളം തടയും. ആവര്‍ത്തിച്ചാല്‍ മൂന്ന് ദിവസത്തെ ശമ്പളം തടയും, മൂന്നാം തവണയും പിടിയിലായാല്‍ അഞ്ച് ദിവസത്തെ വേതനം നല്‍കില്ല. നാലാം പ്രാവശ്യവും നിയമം ലംഘിച്ചാല്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടും. വനിതാ ജോലിക്കാരെ പീഡിപ്പിച്ചാല്‍ അവരെയും പിരിച്ചുവിടുമെന്നും മന്ത്രി വ്യക്തമാക്കി.

സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുളള തസ്തികയെക്കുറിച്ച് 15 ദിവസത്തിനകം തൊഴില്‍ മന്ത്രാലയത്തെ അറിയിക്കണമെന്നും മന്ത്രാലയ വക്താവ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News