‘ഷര്‍ട്ടിന്റെ ബട്ടണ്‍സ് പോലും അഴിക്കാന്‍ അവന് കഴിയുമായിരുന്നില്ല, കാറ്റ് വന്നാല്‍ പോലും വേദനിക്കുന്ന ശരീരം’ ‘എനിക്ക് ഒരു കുഴപ്പവുമില്ലെന്ന് പറഞ്ഞ് അവന്‍ ആശ്വസിപ്പിക്കും’: ജിഷ്ണുവിനെക്കുറിച്ച് അച്ഛന്‍ രാഘവന്‍

ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്ന് അന്തരിച്ച യുവനടന്‍ ജിഷ്ണുവിനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ച് പിതാവും നടനുമായ രാഘവന്‍. ജിഷ്ണുവിന്റെ സിനിമ രംഗത്തേക്കുള്ള വരവിനെക്കുറിച്ചും പ്രണയത്തെക്കുറിച്ചും ക്യാന്‍സര്‍ രോഗത്തിന്റെ തുടക്കത്തെക്കുറിച്ചും രാഘവന്‍ പറയുന്നു. മംഗളം വാരികയ്ക്ക് വേണ്ടി രമേഷ് പുതിയമഠം നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ താഴെ വായിക്കാം.

> ജിഷ്ണുവിന്റെ അഭിനയരംഗത്തേക്കുള്ള കടന്നുവരവിനെക്കുറിച്ച് രാഘവന്‍:

‘ഒരു സിനിമ സംവിധാനം ചെയ്യണമെന്നത് എന്റെ ഏറെക്കാലമായുള്ള ആഗ്രഹമായിരുന്നു. അങ്ങനെയാണ് കെ.എം.രാഘവന്‍ നമ്പ്യാരുടെ കഥയില്‍ ‘കിളിപ്പാട്ട്’ ജന്മംകൊള്ളുന്നത്. തിരക്കഥയും സംവിധാനവും നിര്‍മ്മാണവും ഞാനായിരുന്നു. മലയാളത്തിലെ പ്രശസ്തരായ നടന്‍മാര്‍ക്കൊപ്പം ഒരു ബാലതാരവും അഭിനയിക്കണം. ഏറെ അന്വേഷണങ്ങള്‍ക്കൊടുവില്‍ മദ്രാസിലുള്ള ഒരു പയ്യനെ കണ്ടെത്തി. 1984 നവംബര്‍ ഒന്നു മുതല്‍ ഇരുപതുവരെയുള്ള ദിവസമാണ് ഷൂട്ടിംഗിന് ചാര്‍ട്ട് ചെയ്തത്.

ഒക്‌ടോബര്‍ 31ന് അതിരാവിലെ ഔട്ട്‌ഡോര്‍ യൂണിറ്റ് മദ്രാസില്‍നിന്ന് പുറപ്പെട്ടുകഴിഞ്ഞു. പക്ഷേ രാവിലെ പത്തുമണിയോടെയാണ് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് വെടിയേറ്റ വാര്‍ത്ത ഇന്ത്യ മുഴുവന്‍ പരന്നത്. യൂണിറ്റ് തിരുപ്പൂരെത്തിയപ്പോള്‍ ആരൊക്കെയോ തടഞ്ഞു. അതോടെ യൂണിറ്റ് വണ്ടി പാതിവഴിക്കായി. നാലു ദിവസം കഴിഞ്ഞാണ് ഷൂട്ടിംഗ് തുടങ്ങിയത്. രണ്ടുദിവസം ബന്ദായതോടെ ബാലനടന് വരാന്‍ പറ്റാതായി.

ഷൂട്ടിംഗിന്റെ തലേദിവസം ടെന്‍ഷനടിച്ച് ഞാന്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയാണ്. ഏതെങ്കിലും ബാലനടനെ എളുപ്പം കിട്ടാന്‍ വഴിയുണ്ടോയെന്ന് ഇടയ്ക്ക് ഫോണ്‍ വിളിച്ച് അന്വേഷിക്കും. ഇതെല്ലാം അകത്തുനിന്ന് കേള്‍ക്കുന്നുണ്ട്, അഞ്ചുവയസ്സുകാരന്‍ ജിഷ്ണു: എന്തിനാ അമ്മേ, ദൂരെ നിന്ന് കുട്ടിയെ കൊണ്ടുവരുന്നത്? ഞാന്‍ തന്നെ അഭിനയിച്ചാല്‍ പോരെ?

jishnu26
എന്റെ ടെന്‍ഷന്‍ കണ്ടിട്ടാവണം, അവന്‍ അമ്മയോട് ചോദിച്ചു. ശോഭയാണ് അവന്റെ കാര്യം എന്നോടു പറയുന്നത്. എനിക്കുപക്ഷേ വലിയ പ്രതീക്ഷയുണ്ടായിരുന്നില്ല. അഭിനയം എന്നത് വിചാരിക്കുന്നതുപോലെ അത്ര എളുപ്പമല്ല. എങ്കിലും ഒന്നു പരീക്ഷിക്കാം. പിറ്റേന്നുരാവിലെ അവനെയും കൂട്ടിയാണ് ലൊക്കേഷനിലേക്ക് പോയത്. നാണംകുണുങ്ങിയായി ഒരിടത്ത് മാറിനില്‍ക്കുന്നതു കണ്ടപ്പോള്‍ത്തന്നെ എന്റെ പ്രതീക്ഷകള്‍ ഇല്ലാതായി. നെടുമുടിവേണു, അടൂര്‍ഭാസി, കെ.പി.ഉമ്മര്‍ എന്നിവര്‍ക്കൊപ്പമുള്ള സീനാണ് ജിഷ്ണു അഭിനയിക്കേണ്ടത്. ഞാന്‍ അടുത്തുവിളിച്ച് അവനോട് കാര്യം പറഞ്ഞു. അത്രയുംനേരം നാണംകുണുങ്ങിയായി നിന്ന അവന്‍ പെട്ടെന്ന് ആക്ടീവായി. സത്യം പറഞ്ഞാല്‍ അവന്റെ അഭിനയം കണ്ട് ഞാന്‍ ഞെട്ടിപ്പോയി. ആ കഥാപാത്രത്തിന് വേണ്ടി ഡബ്ബ് ചെയ്തതും അവന്‍ തന്നെയായിരുന്നു.’

കിളിപ്പാട്ട് റിലീസായ ശേഷം ജിഷ്ണുവിന് ഒരുപാട് അവസരങ്ങള്‍ വന്നു. അവനും നല്ല താല്‍പ്പര്യമായിരുന്നു. പക്ഷേ തനിച്ചു വിടാന്‍ പറ്റില്ലല്ലോ. എനിക്കാണെങ്കില്‍ എപ്പോഴും അവന്റെ കൂടെ പോകാന്‍ പറ്റില്ല. അമ്മയാണെങ്കില്‍ എവിടെയും പോകുന്ന ആളുമല്ല. ആ സ്ഥിതിക്ക് തല്‍ക്കാലം അഭിനയിക്കാന്‍ വിടേണ്ടെന്നുവച്ചു.

പിന്നീട് നാലുവര്‍ഷത്തെ പഠനത്തിനൊടുവില്‍ കാമ്പസ് ഇന്റര്‍വ്യൂ വഴി ബോംബെയിലെ ടാറ്റാ ലീബര്‍ട്ട് കമ്പനിയില്‍ ട്രെയിനിയായി ജോലിയില്‍ പ്രവേശിച്ചു. രാജകീയ ജീവിതമായിരുന്നു അവിടെ. നല്ല ഭക്ഷണം. താമസം. എല്ലാംകൊണ്ടും സന്തോഷം. പക്ഷേ പിന്നീട് ഡല്‍ഹിയിലേക്ക് സ്ഥലം മാറ്റപ്പെട്ടപ്പോള്‍ എല്ലാം കുഴഞ്ഞുമറിഞ്ഞു. പ്രൊഡക്ട് പരിചയപ്പെടുത്താനായി ഡല്‍ഹിയുടെ ഗ്രാമപ്രദേശങ്ങളില്‍ അലയേണ്ടിവന്നു. മരുഭൂമി പോലുള്ള സ്ഥലങ്ങളിലായിരുന്നു ജോലി. കൃത്യമായി ഭക്ഷണം പോലും കിട്ടില്ല. ഓരോ ദിവസവും വളരെ പ്രയാസപ്പെട്ടാണ് കഴിഞ്ഞത്. എന്തു പ്രശ്‌നമുണ്ടെങ്കിലൂം തുറന്നുപറയുന്നതായിരുന്നു ശീലം. അവന്റെ സങ്കടം കേട്ടപ്പോള്‍ ഞാന്‍ പറഞ്ഞുകഷ്ടപ്പെട്ട് അവിടെ നില്‍ക്കേണ്ട കാര്യമില്ല. അടുത്തയാഴ്ച എല്ലാം ഉപേക്ഷിച്ച് നാട്ടിലേക്ക് വരാമെന്ന് പറഞ്ഞാണ് ഫോണ്‍ വച്ചത്. ആ സമയത്താണ് ചലച്ചിത്ര അക്കാദമിയുടെ പ്രോഗ്രാം നടന്നത്. അവിടെ സംവിധായകന്‍ കമലുമുണ്ടായിരുന്നു. സംസാരത്തിനിടെ കമല്‍ തന്റെ പുതിയ സിനിമയെക്കുറിച്ച് പറഞ്ഞു.

Jishnu-nammal-movie
‘രണ്ട് പുതുമുഖനായകന്‍മാരെയാണ് ആലോചിക്കുന്നത്. ഒരാളെ കണ്ടെത്തി. ഭരതേട്ടന്റെ മകന്‍ സിദ്ധാര്‍ഥ്. ഉയരമുള്ള ഒരു പയ്യനെക്കൂടി വേണം.” ഇതുകേട്ടപ്പോള്‍ ഞാന്‍ പറഞ്ഞു. ആറടി പൊക്കമുള്ള ഒരു പയ്യന്‍ വീട്ടിലുണ്ട്. മകന്‍ ജിഷ്ണു. ഞാന്‍ വെറുതെ പറഞ്ഞതാണ്. പക്ഷേ കമല്‍ അത് സീരിയസായി എടുത്തു. ആദ്യത്തെ കാഴ്ചയില്‍ത്തന്നെ കമലിന് അവനെ ഇഷ്ടപ്പെട്ടു. അങ്ങനെയാണ് ‘നമ്മളി’ല്‍ സിദ്ധാര്‍ഥിനൊപ്പം നായകനാവുന്നത്.

> കാന്‍സറിന്റെ തുടക്കം:

കുറെ പടങ്ങളില്‍ അഭിനയിച്ചെങ്കിലും ചില സിനിമകള്‍ ഉദ്ദേശിച്ചതുപോലെ ക്ലിക്കായില്ല. ആ സമയത്താണ് മറ്റെന്തെങ്കിലും സൈഡ് ബിസിനസിനെക്കുറിച്ച് ചിന്തിച്ചത്. സര്‍ക്കാര്‍ സഹകരണത്തോടെ കമ്പ്യൂട്ടര്‍ ടീച്ചേഴ്‌സ് ട്രെയിനിംഗ് പ്രോഗ്രാം നടപ്പാക്കാന്‍ വേണ്ടി സൊസൈറ്റി ഫോം ചെയ്തു. ഓരോ സ്‌റ്റേറ്റിലും അതിന് ഓഫീസുകളുണ്ടാക്കി. അതിന്റെ ഭാഗമായി ഇന്ത്യ മുഴുവന്‍ കറങ്ങേണ്ടിവന്നപ്പോള്‍ നിന്നുതിരിയാന്‍ പോലും സമയം കിട്ടാത്ത അവസ്ഥ വന്നു. ഇതിനിടയ്ക്കാണ് അണപ്പല്ല് ഉരഞ്ഞ് നാവില്‍ മുറിവുണ്ടായത്.

തിരക്കുപിടിച്ച ജീവിതത്തില്‍ അതത്ര കാര്യമാക്കിയില്ല. മരുന്നുപോലും കഴിച്ചില്ല. വല്ലാതെ വേദന വന്നപ്പോള്‍ ഡോക്ടറെ കാണിച്ചു. ‘മുറിവില്‍ ഫംഗസ് ബാധയുണ്ടായാല്‍ അത് ലുക്കോപ്ലാക്കിയ എന്ന കാന്‍സറിന് വഴിവയ്ക്കും. അതുകൊണ്ട് ശ്രദ്ധിക്കണം.’ ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കി. പിന്നീടൊരിക്കല്‍ നാട്ടിലെത്തിയപ്പോള്‍ ആര്‍.സി.സിയില്‍ പോയി കാണിച്ചു. എന്‍ഡോസ്‌കോപ്പി ചെയ്തുനോക്കിയെങ്കിലും പ്രശ്‌നമില്ലെന്നാണ് അന്ന് ഡോക്ടര്‍മാര്‍ പറഞ്ഞത്. പക്ഷേ കുറച്ചുനാളുകള്‍ക്കുള്ളില്‍ വീണ്ടും വേദന വന്നു.

എം.ആര്‍.ഐ സ്‌കാന്‍ ചെയ്തപ്പോള്‍ കാന്‍സറാണെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തി. അത്യാവശ്യമായി സര്‍ജറി വേണമെന്നായിരുന്നു അവരുടെ അഭിപ്രായം. എന്നാല്‍ ആ സമയത്ത് രണ്ടു സിനിമകളുടെ വര്‍ക്കിലായിരുന്നു ജിഷ്ണു. ഒരു തമിഴ്പടവും ‘ട്രാഫിക്കി’ന്റെ ഹിന്ദി പതിപ്പും. സര്‍ജറി കഴിഞ്ഞാല്‍ കുറച്ചുനാളത്തേക്ക് സംസാരിക്കാന്‍ പോലും കഴിയില്ലെന്ന് അവനറിയാമായിരുന്നു. അതുകൊണ്ടുതന്നെയാണ് കുറച്ചുദിവസത്തെ സാവകാശം ഡോക്ടര്‍മാരോട് ചോദിച്ചത്.

jishnu-died
ആ സമയത്തിനുള്ളില്‍ രണ്ടുവര്‍ക്കുകളും തീര്‍ത്തു. ‘ട്രാഫിക്കി’ന്റെ വര്‍ക്ക് ബോംബെയിലായിരുന്നു. അക്കാലത്ത് ആറുമാസത്തെ ആക്ടിംഗ് കോഴ്‌സിനും ചേര്‍ന്നു. കോഴ്‌സിനിടയിലാണ് അഭിനയിക്കാന്‍ പോയത്. ബാംഗ്ലൂരില്‍ വച്ചായിരുന്നു സര്‍ജറി. അത് വിജയകരമായി നടത്തി. സര്‍ജറിയുടെ തുടര്‍ച്ചയായി സ്പീച്ച് തെറാപ്പിയും ചെയ്തു. ജീവിതത്തിലേക്ക് തിരിച്ചുവന്നതിന്റെ സന്തോഷത്തിലായിരുന്നു ഞങ്ങള്‍.

പക്ഷേ ആ സന്തോഷം അധികകാലം നീണ്ടുനിന്നില്ല. മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ തൊണ്ടയില്‍ ഒരു മുഴ പോലെ വന്നു. ശ്വാസനാളം മൂടുന്നതുപോലെ തോന്നുന്നു എന്നു പറഞ്ഞപ്പോള്‍ വീണ്ടും ഡോക്ടറുടെ അടുത്തേക്ക്. കീമോ ചെയ്തു. പുറത്തുനിന്നു കൊണ്ടുവന്ന വിലകൂടിയ മരുന്നുകള്‍ ഓരോ ദിവസവും ശരീരത്തില്‍ കയറ്റിക്കൊണ്ടിരുന്നു. ഒരു ഡോസ് ശരീരത്തില്‍ കയറണമെങ്കില്‍ മിനിമം മൂന്നുമണിക്കൂറെങ്കിലുമെടുക്കും. ആ സമയത്തൊക്കെ അവന്‍ സന്തോഷവാനായിരുന്നു.

‘എനിക്ക് ഒരു കുഴപ്പവുമില്ല.” എന്നുപറഞ്ഞ് എന്നെയും ശോഭയെയും ആശ്വസിപ്പിക്കും. വീണ്ടും അവന്‍ ആവേശത്തോടെ ഞങ്ങള്‍ക്കിടയിലേക്ക് വന്നു. അസുഖം മാറിത്തുടങ്ങി. എല്ലാ ഈശ്വരന്‍മാര്‍ക്കും നന്ദി പറഞ്ഞു. വീണ്ടും അസുഖം വന്നപ്പോഴാണ് അമൃത ആശുപത്രിയിലെത്തിച്ചത്. ശരീരം നന്നായി ശോഷിച്ചു. കൈയും കാലും ചലിപ്പിക്കാന്‍ പോലും കഴിയാതായി.

ഏതെങ്കിലുമൊരു അച്ഛന് കണ്ടുനില്‍ക്കാന്‍ കഴിയുമോ, ഈ അവസ്ഥ? മലയാളം പോലെ ഇംഗ്ലീഷും ഹിന്ദിയും അനായാസമായി കൈകാര്യം ചെയ്യാന്‍ അവന് കഴിയുമായിരുന്നു. പക്ഷേ ആ സമയത്തും ജിഷ്ണു കാണിച്ച ധൈര്യമാണ് എന്നെ അദ്ഭുതപ്പെടുത്തിയത്. ആ ധൈര്യം എനിക്കും ഊര്‍ജം പകര്‍ന്നു. ഐസിയു തനിക്ക് രണ്ടാംവീടാണെന്നാണ് അന്നവന്‍ ഫേസ്ബുക്കില്‍ കുറിച്ചിട്ടത്.

jishnu10
അവസാനകാലത്ത് ഷര്‍ട്ടിന്റെ ബട്ടണ്‍സ് പോലും അഴിക്കാന്‍ അവന് കഴിയുമായിരുന്നില്ല. ഞാനാണത് ചെയ്തുകൊടുക്കുക. കാറ്റ് വന്നാല്‍ പോലും വേദനിക്കുന്ന ശരീരം. ഞങ്ങളെ വേദനിപ്പിക്കേണ്ടെന്ന് കരുതി ഒന്നും പറയാറില്ല. ശരീരത്തില്‍ രണ്ട് കുഴലുകളിട്ടിരുന്നു. ഒരെണ്ണം ആഹാരം കഴിക്കാന്‍. മറ്റൊരെണ്ണം മൂത്രം പുറത്തേക്കെടുക്കാന്‍. എനിക്ക് എഴുപത്തഞ്ചുവയസ്സായി. എന്തെങ്കിലും സംഭവിച്ചാല്‍ അവനെ ആരുനോക്കും എന്ന ആധി എന്നെ വല്ലാതെ ഭയപ്പെടുത്തി. അമ്മയെക്കൊണ്ട് ഒറ്റയ്ക്ക് ശുശ്രൂഷിക്കാന്‍ കഴിയില്ല. എന്റെ മുഖം വല്ലാതായാല്‍ അവനാണ് ധൈര്യം പകരുക. അതോടെ ഞാനും പഴയ അവസ്ഥയിലേക്ക് തിരിച്ചുവരും.

ജിഷ്ണു ഇത്ര പെട്ടെന്ന് പോകുമെന്ന് ഞങ്ങളാരും കരുതിയിരുന്നില്ല. ആശുപത്രിയുടെ ഐ.സിയുവില്‍ കിടക്കുമ്പോഴും അവന്‍ സോഷ്യല്‍ മീഡിയയില്‍ ഓരോ കാര്യങ്ങളും കുറിച്ചിടുമായിരുന്നു. ഏറ്റവുമൊടുവില്‍ കലാഭവന്‍ മണിയെക്കുറിച്ചുവരെ. ജീവിതം തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയായിരുന്നു അവന്റെ വാക്കുകളില്‍. പക്ഷേ ദൈവം അതിന് അവസരം നല്‍കിയില്ല…

കോഴിക്കോട് ആര്‍.ഇ.സിയില്‍ പഠിക്കുന്ന കാലത്ത് ജിഷ്ണുവിന്റെ ജൂനിയറായിരുന്നു ധന്യാരാജന്‍. എല്ലാകാര്യങ്ങളും പരസ്പരം തുറന്നുപറയുന്ന നല്ല സുഹൃത്തുക്കളായിരുന്നു അവര്‍. ആ സമയത്തും അവരുടെ മനസിലെവിടെയോ ഒരിഷ്ടമുണ്ടായിരുന്നു. മനസിലുള്ള സ്‌നേഹം അവര്‍ തുറന്നുപറഞ്ഞപ്പോള്‍ അത് വിവാഹത്തിലേക്കുള്ള വഴിയായി. കാന്‍സര്‍ വന്ന ആദ്യഘട്ടം മുതല്‍ ഞങ്ങള്‍ക്കു മാത്രമല്ല,
അവള്‍ക്കും ധൈര്യം പകര്‍ന്നത് ജിഷ്ണുവായിരുന്നു.

 
കടപ്പാട്: മംഗളം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here