‘തെരുവില്‍ ഭിക്ഷയെടുക്കുന്നതിനേക്കാള്‍ നല്ലത് ബാറില്‍ ഡാന്‍സ് ചെയ്ത് ജീവിക്കുന്നത്’; ഡാന്‍സ് ബാറുകള്‍ക്ക് അനുമതി നല്‍കിയതിനെ എതിര്‍ത്തുകൊണ്ടുള്ള ഹര്‍ജി തള്ളി കൊണ്ട് സുപ്രീംകോടതി പരാമര്‍ശം

ദില്ലി: സ്ത്രീകള്‍ തെരുവില്‍ ഭിക്ഷയെടുക്കുന്നതിനേക്കാള്‍ നല്ലത് ബാറില്‍ ഡാന്‍സ് ചെയ്ത് ജീവിക്കുന്നതാണെന്ന് സുപ്രീംകോടതി. മഹാരാഷ്ട്രയില്‍ ഡാന്‍സ് ബാറുകള്‍ക്ക് അനുമതി നല്‍കിയതിനെ എതിര്‍ത്തുകൊണ്ട് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം. ഹര്‍ജി തള്ളിയ സുപ്രീംകോടതി തൊഴില്‍ ചെയ്ത് ജീവിക്കാനുളള പൗരന്മാരുടെ മൗലികാവകാശം നിഷേധിക്കലാണ് ഡാന്‍സ് ബാറുകളുടെ നിരോധനമെന്ന് വ്യക്തമാക്കി. ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് ശിവ് കീര്‍ത്തി സിംഗും അടങ്ങുന്ന ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

ഡാന്‍സ് ബാറുകളില്‍ സാംസ്‌കാരിക വിരുദ്ധമായ കാര്യങ്ങളാണ് നടക്കുന്നതെന്ന് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. എന്നാല്‍ ‘ഇത് 2016 വര്‍ഷമാണ്. ഡാന്‍സ് ഇന്ത്യയില്‍ ഒരു പ്രൊഫഷനായി അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. ഇത് മോശമാണെങ്കില്‍ അതിന് നിയമത്തിന്റെ പിന്‍ബലം ലഭിക്കില്ല’ കോടതി വ്യക്തമാക്കി. നൃത്തമെന്നത് ഒരു തൊഴിലാണ്. അതൊരു കുറ്റമാവുകയാണെങ്കില്‍ നിയമപരമായ പരിശുദ്ധിയും ഇല്ലാതാകുമെന്നും കോടതി നിരീക്ഷിച്ചു.

ഏപ്രില്‍ 12നാണ് ഡാന്‍സ് ബാറുകളുടെ പ്രവര്‍ത്തനത്തിന് കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന ബില്‍ മഹാരാഷ്ട്രാ നിയമസഭ പാസാക്കിയത്. അശ്ലീലപ്രദര്‍ശനമോ സ്ത്രീകളെ ചൂഷണം ചെയ്യലോ മറ്റു നിയമലംഘനമോ നടന്നാല്‍ ബാറുടമകള്‍ക്കും നടത്തിപ്പുകാര്‍ക്കും അഞ്ചുവര്‍ഷം വരെ തടവും 25,000 രൂപ വരെ പിഴയും അടക്കമുള്ള കടുത്ത ശിക്ഷയാണ് വ്യവസ്ഥ ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here