ദില്ലി: വിവാദ സംഭവങ്ങളെ തുടര്‍ന്ന് ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ അധികൃതരുടെ പ്രതികാരനടപടി. സര്‍വ്വകലാശാല ചട്ടലംഘനം നടത്തിയെന്ന് ആരോപിച്ചാണ് അധികൃതരുടെ പ്രതികാര നടപടികള്‍. ഫെബ്രുവരി 9ന് സര്‍വ്വകലാശാലയില്‍ അഫ്‌സല്‍ ഗുരു അനുസമരണ പരിപാടി നടത്തിയത് അധികൃതരുടെ അനുമതി ഇല്ലാതെയാണെന്ന് ചൂണ്ടികാട്ടിയാണ് നടപടി.

കനയ്യ കുമാറിന് പതിനായിരം രൂപയാണ് പിഴ. ഉമര്‍ ഖാലിദിനെ ഒരു സെമസ്റ്റര്‍ കാലയളവിലേക്ക് സസ്‌പെന്റ് ചെയ്യുകയും ഇരുപതിനായിരം രൂപ പിഴ ചുമത്തുകയും ചെയ്തു. മറ്റൊരു വിദ്യാര്‍ത്ഥിയായ അശുതോഷിനെ ജെഎന്‍യു ഹോസ്റ്റലില്‍ നിന്ന് ഒരു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തി. അനിര്‍ഭാന്‍ ഭട്ടാചാര്യയയെ ജൂലൈ 15 വരെ സസ്‌പെന്‍ഡ് ചെയ്യുകയും അടുത്ത അഞ്ച് വര്‍ഷത്തേക്ക് സര്‍വ്വകാലാശാലയില്‍ മറ്റൊരു കോഴ്‌സിന് ചേരുന്നതില്‍ നിന്നും വിലക്കിയിട്ടുണ്ട്.

വിദ്യാര്‍ത്ഥി യൂണിയനിലെ ഏക എബിവിപി പ്രതിനിധിയായ സൗരഭ് ശര്‍മയ്ക്കും പതിനായിരം രൂപയും പിഴ ചുമത്തിയിട്ടുണ്ട്. സര്‍വ്വകലാശാല ആഭ്യന്തര അന്വേഷണ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.