‘അവരുടെ രാവുകള്‍’ സിനിമയുടെ പ്രിവ്യു കണ്ടതിന് ശേഷമാണ് അജയ് കൃഷ്ണന്‍ ആത്മഹത്യ ചെയ്‌തെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സംവിധായകന്‍; സിനിമയുടെ എഡിറ്റിംഗ് പോലും പൂര്‍ത്തിയായിട്ടില്ല

തിരുവനന്തപുരം: അജയ് കൃഷ്ണന്‍ ആത്മഹത്യ ചെയ്തത് അവരുടെ രാവുകള്‍ എന്ന ചിത്രത്തിന്റെ പ്രിവ്യു കണ്ടതിന് ശേഷമാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സംവിധായകന്‍ ഷനില്‍ മുഹമ്മദ്. സിനിമയുടെ എഡിറ്റിങ് പോലും കഴിഞ്ഞിട്ടില്ല. ഡബ്ബിംഗ്, ബിജിഎം മുതലായവ പൂര്‍ത്തിയായിട്ടില്ല. പിന്നെ എങ്ങനെയാണ് പ്രിവ്യു നടത്തുകയെന്ന് ഷനില്‍ ചോദിച്ചു.

‘നിര്‍മാതാവെന്നതിനപ്പുറം ഒരു ബന്ധം ഞാനും അജയ്‌യും തമ്മില്‍ ഉണ്ടായിരുന്നു. സിനിമയുടെ ഒരുഘട്ടത്തില്‍പ്പോലും അദ്ദേഹമൊരു ബുദ്ധിമുട്ട് അറിയിച്ചിട്ടില്ല. സിനിമയ്ക്ക് വേണ്ട പൂര്‍ണ പിന്തുണ അജയ്‌യുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നു.’ ഷനില്‍ പറയുന്നു.

സിനിമയുടെ പ്രിവ്യൂ കണ്ടതിന് ശേഷം, പ്രതീക്ഷിച്ചത് പോലെ സിനിമ നന്നാകാഞ്ഞതിനെ തുടര്‍ന്നാണ് അജയ് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. നാലു കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ചിത്രം ബോക്‌സോഫീസില്‍ വന്‍ പരാജയമാകുമെന്ന് പ്രിവ്യൂ കണ്ടതോടെ അജയ് കൃഷ്ണനെ ആശങ്കപ്പെടുത്തിയിരുന്നു. ഇക്കാര്യം അദ്ദേഹം മാതാപിതാക്കളുമായി സംസാരിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. തുടര്‍ന്നാണ് പ്രതികരണവുമായി സംവിധായകന്‍ രംഗത്തെത്തിയത്.

ആസിഫലി നായകനായി ഉണ്ണി മുകുന്ദന്‍, ഹണിറോസ് തുടങ്ങിയവര്‍ അഭിനയിക്കുന്ന അവരുടെ രാവുകള്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ് അജയ് കൃഷ്ണന്‍. കഴിഞ്ഞ ശനിയാഴ്ചയാണ് അജയ് കൃഷ്ണനെ കൊല്ലത്തെ തിരുമുല്ലാവരത്തെ വസതിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.

ഫിലിപ്‌സ് ആന്‍ഡ് മങ്കിപെന്‍ എന്ന ചിത്രത്തിന് ശേഷം ഷനില്‍ മുഹമ്മദ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് അവരുടെ രാവുകള്‍. ഉണ്ണി മുകുന്ദന്‍, അജു വര്‍ഗീസ്, വിനയ് ഫോര്‍ട്ട്, ലെന തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

> അജയ് ആത്മഹത്യ ചെയ്തത് ‘അവരുടെ രാവുകള്‍’ പ്രിവ്യൂ കണ്ടതിന് ശേഷം; സിനിമ പരാജയപ്പെടുമെന്ന് ആശങ്കപ്പെട്ടിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News