തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് കേരളത്തിലേക്ക് കള്ളപ്പണക്കടത്ത് വ്യാപകം; തൃശ്ശൂരിൽ നിർത്തിയിട്ടിരുന്ന കാറുകളിൽ നിന്ന് 3 കോടി രൂപ പിടികൂടി; പണം ഒളിപ്പിച്ചത് ഹാൻഡ്‌ബ്രേക്കിനിടയിൽ

തൃശ്ശൂർ: നിയമസഭാ തെരഞ്ഞെടുപ്പ് മുൻനിർത്തി സംസ്ഥാനത്തേക്ക് കള്ളപ്പണക്കടത്ത് വ്യാപകമാകുന്നു. തൃശ്ശൂർ ഒല്ലൂരിൽ നിർത്തിയിട്ടിരുന്ന കാറുകളിൽ നിന്ന് മൂന്ന് കോടി രൂപ പിടികൂടി. ആദായ നികുതി വകുപ്പാണ് രണ്ട് കാറുകളിലായി ഒളിപ്പിച്ചിരുന്ന പണം കണ്ടെത്തിയത്. ഹാൻഡ്‌ബ്രേക്കിനിടയിൽ ഒളിപ്പിച്ചാണ് കറൻസികൾ കടത്താൻ ശ്രമിച്ചത്. സംഭവത്തിൽ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ഒല്ലൂർ മണ്ഡലത്തിലെ അഞ്ചേരിയിൽ നിന്നാണ് കാറുകളിൽ ഒളിപ്പിച്ച് കടത്തിയ മൂന്നര കോടി രൂപ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്.

മലപ്പുറം രജിസ്‌ട്രേഷനിലുള്ള കാറുകളിലാണ് ഹാൻഡ് ബ്രേക്കിനിടയിൽ ഒളിപ്പിച്ച് പണം കടത്തിയത്. ആയിരം, അഞ്ഞൂറ്, നൂറ് രൂപ കെട്ടുകളായിട്ടായിരുന്നു പണം. കാറുകളുമായെത്തിയ രണ്ടുപേരെ സംഘം കസ്റ്റഡിയിലെടുത്തു. സ്വർണാഭരണ ശാലകളിലേക്കായി എത്തിച്ച പണമാണെന്നാണ് വിശദീകരണം. എന്നാൽ, പണത്തിന്റെ ഉറവിടം വ്യക്തമാക്കുന്ന രേഖകളൊന്നും ഇവരുടെ കൈവശമുണ്ടായിരുന്നില്ല. ഇതാണ് ഉദ്യോഗസ്ഥരിൽ സംശയം ജനിപ്പിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിലേക്ക് കടത്തിയ കള്ളപ്പണമാണിതെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ സംശയിക്കുന്നു.

തെരഞ്ഞെടുപ്പ് അടുത്തതോടെ അനധികൃതമായി കടത്തുന്ന കോടിക്കണക്കിന് രൂപയാണ് കഴിഞ്ഞ ഒരുമാസത്തിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പിടികൂടിയത്. രേഖകളില്ലാതെ പണം കടത്തിയ സംഭവത്തിൽ ആദായനികുതി വകുപ്പ് കേസെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News