കാശ്മീര്‍ വിഷയം മുഖ്യപ്രശ്‌നമായി നിലനില്‍ക്കുന്നുവെന്ന് പാകിസ്ഥാന്‍; തീവ്രവാദം തടയാന്‍ അടിയന്തിര നടപടി വേണമെന്ന് ഇന്ത്യ; സെക്രട്ടറിതല ചര്‍ച്ച സമാപിച്ചു

ദില്ലി: ജമ്മു കാശ്മീര്‍ വിഷയം ഇപ്പോഴും മുഖ്യ പ്രശ്‌നമായി നിലനില്‍ക്കുന്നുവെന്ന് പാക്കിസ്ഥാന്‍. കാശ്മീര്‍ വിഷയം സെക്രട്ടറി തല കൂടിക്കാഴ്ചയില്‍ ഉന്നയിച്ചുവെന്നും പാക് ഹൈക്കമ്മീഷണര്‍ വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു. ഇന്ത്യ പാക്കിസ്ഥാന്‍ വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ചയില്‍ തീവ്രവാദം ഉള്‍പ്പെടെയുള്ള വിഷയങ്ങളും ചര്‍ച്ചയായി.

ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കറും പാക് വിദേശകാര്യ സെക്രട്ടറി ഐസാസ് അഹമ്മദ് ചൗധരിയും തമ്മില്‍ ദില്ലി ഹൈദരാബാദ് ഹൗസില്‍ നടന്ന ചര്‍ച്ച ഒന്നര മണിക്കൂര്‍ സമയം നീണ്ടു നിന്നു. പത്താന്‍കോട്ട് ഭീകരാക്രമണത്തിന് ശേഷം ഇതാദ്യമായാണ് ഇരു രാജ്യങ്ങളും തമ്മില്‍ നയതന്ത്ര ചര്‍ച്ചയില്‍ ഏര്‍പ്പെടുന്നത്. തര്‍ക്ക വിഷയങ്ങല്‍ ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും ചര്‍ച്ചയായെന്ന് പാക് ഹൈക്കമ്മീഷര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

ജമ്മു കാശ്മീര്‍ ഇപ്പോഴും മുഖ്യ വിഷയമായി തുടരുന്നു. കാശ്മീര്‍ ജനതയുടെ ആഗ്രഹപ്രകാരവും യുഎന്‍ രക്ഷാ സമിതി പ്രമേയ പ്രകാരവുമുള്ള പ്രശ്‌ന പരിഹാരമാണ് ആവശ്യമെന്നും പാകിസ്ഥാന്‍ വ്യക്തമാക്കി. അതിര്‍ത്തി കടന്നുള്ള തീവ്രവാദം തടയാന്‍ അടിയന്തിര നടപടി വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. പത്താന്‍കോട്ട് ഭീകരാക്രമണവൂമായി ബന്ധപ്പെട്ട അന്വേഷണത്തിന് എന്‍ഐഎ സംഘത്തെ പാക്കിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവും ഇന്ത്യ മുന്നോട്ട് വച്ചതായാണ് സൂചന.

ഏറെ പ്രാധാന്യമുള്ള ചര്‍ച്ചയാണ് നടന്നതെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് വികാസ് സ്വരൂപ് ട്വിറ്റര്‍ കുറിച്ചു. ഹേര്‍ട്ട് ഓഫ് ഏഷ്യ സമ്മേളനത്തില്‍ പങ്കെടുക്കാനായാണ് പാക് വിദേശകാര്യ സെക്രട്ടറി ഐസാസ് അഹമ്മദ് ചൗധരി ഇന്ത്യയിലെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News