ശ്രീനിവാസ രാമാനുജന്റെ ചരമവാർഷിക ദിനം

ആധുനികഭാരതത്തിലെ ഏറ്റവും പ്രതിഭാശാലിയായ ഗണിതശാസ്ത്രജ്ഞനായി വിലയിരുത്തപ്പെടുന്ന ശ്രീനിവാസ രാമാനുജൻ അയ്യങ്കാർ എന്ന ശ്രീനിവാസ രാമാനുജൻ ഓർമയായിട്ട് 96 വർഷങ്ങൾ. 1920 ഏപ്രിൽ 26നാണ് അക്കങ്ങളുടെ കൂട്ടുകാരനായിരുന്ന ശ്രീനിവാസ രാമാനുജൻ മരണപ്പെട്ടത്. ഗണിത വിശകലനം, സംഖ്യാസിദ്ധാന്തം, അനന്തശ്രേണി, തുടർച്ചാഭിന്നകങ്ങൾ തുടങ്ങിയ ഗണിതശാസ്ത്രമേഖലകളിൽ വിലപ്പെട്ട സംഭാവനകൾ നൽകിയ ആളായിരുന്നു രാമാനുജൻ. ശുദ്ധഗണിതത്തിൽ വൈദഗ്ധ്യമുള്ള ശിക്ഷണം ലഭിക്കാതിരുന്നിട്ടും സ്വപ്രയത്‌നത്തിലൂടെയാണ് രാമാനുജൻ ഈ മേഖലകളിലെല്ലാം മികവു തെളിയിച്ചത്. അദ്ദേഹത്തിന്റെ ഗുരുവായിരുന്ന ഇംഗ്ലീഷ് ഗണിത ശാസ്ത്രജ്ഞൻ ജി.എച്ച് ഹാർഡിയുടെ അഭിപ്രായത്തിൽ ഗോസ്, ഓയിലർ, കോച്ചി, ന്യൂട്ടൺ, ആർക്കിമിഡീസ് തുടങ്ങിയ വിഖ്യാത ഗണിതശാസ്ത്രജ്ഞരുടെ ഗണത്തിൽ ഉൾപ്പെടുത്താവുന്ന പ്രതിഭയായിരുന്നു അദ്ദേഹം.

തമിഴ്‌നാട്ടിൽ ഈറോഡിലെ ദരിദ്ര ബ്രാഹ്മണ കുടുംബത്തിൽ 1887 ഡിസംബർ 22നായിരുന്നു ശ്രീനിവാസ രാമാനുജന്റെ ജനനം. അച്ഛൻ ശ്രീനിവാസ അയ്യങ്കാർ തുണിക്കടയിൽ കണക്കെഴുത്തുകാരനായിരുന്നു. അമ്മ കോമളത്തമ്മാൾ. രാമാനുജനു താഴെ അഞ്ചു മക്കൾകൂടിയുണ്ടായിരുന്നു. സ്‌കൂൾ കാലം മുതൽ തന്നെ ഗണിതമായിരുന്നു രാമാനുജന്റെ ഇഷ്ടവിഷയം. അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാതിരുന്നിട്ടും പ്രതിഭ മാത്രം കൈമുതലാക്കി ഗണിതപഠനം തുടർന്നു. സ്‌കോളർഷിപ്പിന്റെ സഹായത്തോടെ 1904-ൽ കുംഭകോണം ഗവൺമെന്റ് കോളേജിൽ ചേർന്നു. ഗണിതത്തിൽ മാത്രം ശ്രദ്ധിച്ച് മറ്റു വിഷയങ്ങളിൽ തോറ്റതിനാൽ സ്‌കോളർഷിപ്പ് നഷ്ടമായി.

1906-ൽ മദ്രാസ് പച്ചയ്യപ്പാസ് കോളേജിൽ ചേർന്നെങ്കിലും, അവിടെയും കണക്കൊഴികെ മറ്റു വിഷയങ്ങളിൽ തോറ്റതോടെ മദ്രാസ് സർവകലാശാലയിൽ ചേരുകയെന്ന അദ്ദേഹത്തിന്റെ സ്വപ്‌നം പൊലിഞ്ഞു.
ഗണിതശാസ്ത്രത്തിലെ 6000 സങ്കീർണ്ണപ്രശ്‌നങ്ങൾ അടങ്ങിയ, ജി.എസ്. കാർ രചിച്ച, സിനോപ്‌സിസ് ഓഫ് എലിമെന്ററി റിസൾട്ട്‌സ് ഇൻ പ്യുവർ മാത്തമാറ്റിക്‌സ് എന്ന ഗ്രന്ഥം സ്‌കൂൾ പഠനകാലത്തു തന്ന രാമാനുജന്റെ പക്കലുണ്ടായിരുന്നു. സങ്കീർണ്ണമായിരുന്ന ഈ പ്രശ്‌നങ്ങൾ, ഗണിതശാസ്ത്രമേഖലയിലെ പുതിയ പ്രവണതകളോ മുന്നേറ്റങ്ങളോ ഒന്നും അറിയാതെ രാമാനുജൻ ഒന്നൊന്നായി പരിഹരിച്ചു പോന്നു. ‘പൈ’യുടെ മൂല്യം എട്ടു ദശാംശസ്ഥാനം വരെ കൃത്യമായി നിർണയിക്കാനുള്ള മാർഗ്ഗം അദ്ദേഹം ആവിഷ്‌ക്കരിച്ചു.

1912-ൽ പോർട്ട് ട്രസ്റ്റിൽ ജോലി ലഭിച്ചതാണ് രാമാനുജന്റെ ജീവിതം മാറ്റിമറിച്ചത്. പോർട്ട് ട്രസ്റ്റ് ചെയർമാൻ ഫ്രാൻസിസ് സ്പ്രിങും ഇന്ത്യൻ കാലാവസ്ഥാ മേധാവി ഡോ.ഗിൽബർട്ട് വാക്കറും ഉന്നതപഠനത്തിന് രാമാനുജന് സഹായവുമായെത്തി. അവരുടെ പ്രേരണയാൽ കേംബ്രിഡ്ജ് സർവകലാശാലയിലെ ജി.എച്ച് ഹാർഡിക്ക് രാമാനുജൻ കത്തയക്കുകയും ലണ്ടനിലേക്ക് ഹാർഡി, രാമാനുജനെ ക്ഷണിക്കുകയും ചെയ്തു. 1914 ഏപ്രിൽ 14നു ലണ്ടനിലെത്തി. പിന്നീടങ്ങോട്ട് ഹാർഡി തന്നെയായിരുന്നു ഗുരുവും വഴികാട്ടിയുമെല്ലാം.
1916 മാർച്ച് 16ന് കേംബ്രിഡ്ജ് സർവകലാശാല രാമാനുജന് ബാച്ചിലർ ഓഫ് സയൻസ് ബൈ റിസേർച്ച് ബിരുദം നൽകി. 1918 ഫെബ്രുവരിയിൽ റോയൽ സൊസൈറ്റി ഫെലോഷിപ്പും ലഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News