‘ലീല’യുടെ വ്യാജന്‍ ഫേസ്ബുക്കില്‍; ഇതുവരെ കണ്ടത് പതിമൂവായിരത്തോളം പേര്‍; നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് രഞ്ജിത്ത്

രഞ്ജിത്ത്- ബിജുമേനോന്‍ ചിത്രം ലീലയുടെ വ്യാജ പതിപ്പുകള്‍ ഇന്റര്‍നെറ്റില്‍ വ്യാപകം. ചില വെബ്‌സൈറ്റുകളില്‍ പൂര്‍ണമായും ഫേസ്ബുക്ക് പേജുകളില്‍ ഭാഗിക ദൃശ്യങ്ങളുമാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫേസ്ബുക്ക് വഴി ചിത്രം പതിമൂവായിരത്തോളം പേര്‍ കണ്ടുകഴിഞ്ഞുവെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

ഇത് ആരാണ് ചെയ്തതെന്നോ എവിടെ നിന്നാണ് ചിത്രത്തിന്റെ വ്യാജന്‍ ഇറങ്ങിയതെന്നോ ഇതുവരെ വ്യക്തമായിട്ടില്ല. വിഷയത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നാണ് സിനിമാ ലോകത്ത് നിന്നുള്ള റിപ്പോര്‍ട്ട്.

വ്യാജപതിപ്പുകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് നിര്‍മ്മാതാവും സംവിധായകനുമായ രഞ്ജിത്ത് പറഞ്ഞു. ഇക്കാര്യം സംബന്ധിച്ച് പൊലീസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും രഞ്ജിത്ത് ഫേസ്ബുക്കിലൂടെ കുറിച്ചു.

തീയേറ്റര്‍ റിലീസിനൊപ്പം ഓണ്‍ലൈന്‍ റിലീസും ‘ലീല’ ടീം നടത്തിയിരുന്നു. റിലീസ് ദിവസം തന്നെ ഇന്ത്യ ഒഴിച്ച് ലോകത്ത് എവിടെ ഇരുന്നും സിനിമ ഓണ്‍ലൈനില്‍ കാണാനാണ് അവസരമൊരുക്കിയിരുന്നത്. ഇതുവഴിയാണ് ചിത്രത്തിന്റെ വ്യാജന്‍ ഇറങ്ങിയതെന്നാണ് ലഭിക്കുന്ന സൂചനകള്‍.

ഉണ്ണി ആറിന്റെ പ്രശസ്തമായ ലീല എന്ന ചെറുകഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ബിജു മേനോന്‍ നായക കഥാപാത്രമായ കുട്ടിയപ്പന്റെ വേഷത്തില്‍ എത്തുമ്പോള്‍ ലീലയായി പാര്‍വതി നമ്പ്യാരാണ് വേഷമിടുന്നത്. വിജയ രാഘവന്‍, ഇന്ദ്രന്‍സ് അടക്കമുള്ള താരങ്ങളും ചിത്രത്തിലുണ്ട്. ബിജിബാലാണ് സംഗീതം. രഞ്ജിത്തിന്റെ തന്നെ ക്യാപിറ്റോള്‍ തിയേറ്ററാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here