ജീവനക്കാർ പട്ടിണി കിടക്കുമ്പോഴും മന്ത്രി മുനീർ കോടീശ്വരനാണ്; സ്വന്തം പേരിലും ഭാര്യയുടെ പേരിലുമായി 72 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപം; ഒന്നരക്കോടി രൂപയുടെ വീടും സ്ഥലവും

കോഴിക്കോട്: ഇന്ത്യാവിഷൻ ചാനൽ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് അടച്ചുപൂട്ടിയെങ്കിലും ചാനൽ ചെയർമാനായിരുന്ന മന്ത്രി എം.കെ മുനീർ ഇപ്പോഴും കോടീശ്വരനാണ്. ജീവനക്കാരിൽ പലരും ഇന്നും ചാനൽ ഇന്നു തിരിച്ചുവരും നാളെ തിരിച്ചുവരും എന്ന പ്രതീക്ഷയോടെ പട്ടിണിയിൽ കഴിയുമ്പോഴും മുനീർ സുഭിക്ഷം സസുഖം വാഴുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് സൗത്തിൽ നിന്ന് മത്സരിക്കുന്ന മുനീർ സമർപിച്ച നാമനിർദേശ പത്രികയോടൊപ്പമുള്ള സത്യവാങ്മൂലത്തിലാണ് തന്റെ സ്വത്തുവിവരം വെളിപ്പെടുത്തിയത്. ഭാര്യയുടെ പേരിലും തന്റെ പേരിലുമായി രണ്ടരക്കോടിയോളം രൂപ വിലവരുന്ന സ്വത്തുക്കളുണ്ടെന്നാണ് സത്യവാങ്മൂലത്തിൽ വ്യക്തമാകുന്നത്.

വിവിധ ബാങ്കുകളിലായി തന്റെ പേരിൽ 35,98,810 (35 ലക്ഷത്തി തൊണ്ണൂറ്റി എട്ടായിരത്തി എണ്ണൂറ്റിപ്പത്ത് രൂപ) നിക്ഷേപം ഉണ്ടെന്നു സത്യവാങ്മൂലത്തിൽ മുനീർ വ്യക്തമാക്കുന്നു. ഭാര്യയുടെ പേരിൽ വിവിധ ബാങ്കുകളിലായി 37,09,561 (37 ലക്ഷത്തി ഒമ്പതിനായിരത്തി അഞ്ഞൂറ്റി അറുപത്തിയൊന്നു രൂപ) നിക്ഷേപവും ഉണ്ട്. ഇതിനു പുറമേ സ്വന്തം പേരിൽ വീടും സ്ഥലവും ഉണ്ട്. 1 കോടി 70 ലക്ഷം രൂപ വില മതിക്കുന്നതാണ് വീടും സ്ഥലവും. കൂടാതെ ഭാര്യയുടെ പേരിൽ 30 ലക്ഷം രൂപ വിലമതിക്കുന്ന 30 സെന്റ് സ്ഥലം ഉണ്ടെന്നും മുനീർ സമർപിച്ച സത്യവാങ്മൂലത്തിൽ നിന്നു വ്യക്തമാണ്. ഇതെല്ലാം കൂടി 2,73,08371 (2 കോടി 73 ലക്ഷത്തി എണ്ണായിരത്തി മുന്നൂറ്റി എഴുപത്തിയൊന്നു) രൂപയുടെ മൂല്യം വരും.

മാസങ്ങളോളം ശമ്പളം മുടങ്ങിയതിനെ തുടർന്ന് ശമ്പളം ആവശ്യപ്പെട്ട് ജീവനക്കാർ സമരം ആരംഭിച്ചതോടെയാണ് ഇന്ത്യാവിഷൻ ചാനൽ സംപ്രേഷണം അവസാനിപ്പിക്കേണ്ടി വന്നത്. അന്നു ഇതിനു കാരണമായി അന്നു മുനീർ പറഞ്ഞ കാരണം സാമ്പത്തിക പ്രതിസന്ധി എന്നായിരുന്നു. ഇതിനു ശേഷം ഒരുവർഷത്തോളം കാത്തിരുന്ന ശേഷം ജീവനക്കാർ ഓരോരുത്തരായി മറ്റു സ്ഥാപനങ്ങളിലേക്ക് ചേക്കേറി. അതേസമയം മുനീറിനെതിരെ മുൻ ഇന്ത്യാവിഷൻ ജീവനക്കാരൻ എകെ സാജൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നുണ്ട്. ഞങ്ങളുടെ ശമ്പളമെവിടെ എന്ന മുദ്രാവാക്യമുയർത്തിയാണ് സാജൻ മത്സരിക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here