മുഖ്യമന്ത്രി കള്ളം പറഞ്ഞെന്ന് സോളാർ കമ്മീഷന്റെ സ്ഥിരീകരണം; ഫെനി മുഖ്യമന്ത്രിയെ വിളിച്ചതിന്റെ രേഖകൾ കയ്യിലുണ്ട്; കള്ളം പറഞ്ഞത് എന്തിനെന്ന് ഇപ്പോൾ ചോദിക്കണോയെന്നും കമ്മീഷൻ

കൊച്ചി: സോളാർ കമ്മീഷനു മുമ്പാകെ മൊഴി നൽകാൻ 14 മണിക്കൂർ തുടർച്ചയായി ഇരുന്നു എന്നു വീമ്പിളക്കുന്ന മുഖ്യമന്ത്രി കമ്മീഷനോടു കള്ളം പറഞ്ഞെന്ന് ജസ്റ്റിസ് ശിവരാജന്റെ സ്ഥിരീകരണം. ഫെനി ബാലകൃഷ്ണൻ വിളിച്ചിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്നു കമ്മീഷനോടു പറഞ്ഞത്. എന്നാൽ, ഇതു കളവാണെന്നു രേഖകളുടെ അടിസ്ഥാനത്തിൽ തെളിഞ്ഞതാണെന്ന് കമ്മീഷൻ അറിയിച്ചു. ഇക്കാര്യത്തിൽ ഫെനി ബാലകൃഷ്ണൻ മുഖ്യമന്ത്രിയെ വിളിച്ചതിന്റെ രേഖകൾ കയ്യിലുണ്ട്. മുഖ്യമന്ത്രിയെ വീണ്ടും വിസ്തരിക്കണമെന്നലോയേഴ്‌സ് കമ്മീഷന്റെ ഹർജി പരിഗണിക്കവേയാണ് കമ്മീഷന്റെ സ്ഥിരീകരണം.

മുഴുവൻ പേരെയും വിസ്തരിച്ച ശേഷം ആവശ്യമെങ്കിൽ പലരെയും വീണ്ടും വിസ്തരിക്കാൻ കമ്മീഷന് അധികാരമുണ്ടെന്നു കമ്മീഷൻ വ്യക്തമാക്കി. മുഖ്യമന്ത്രിയെയും അക്കൂട്ടത്തിൽ വിസ്തരിച്ചാൽ പോരെയെന്ന് കമ്മീഷൻ ചോദിച്ചു. ഫെനി ബാലകൃഷ്ണൻ വിളിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് കള്ളമാണെന്ന് രേഖകളുടെ അടിസ്ഥാനത്തിൽ തെളിഞ്ഞതാണ്. അതിനാൽ മുഖ്യമന്ത്രിയെ വിസ്തരിക്കാൻ വൈകരുതെന്ന് ലോയേഴ്‌സ് യൂണിയൻ ആവശ്യപ്പെട്ടു. ഫെനി മുഖ്യമന്ത്രിയെ വിളിച്ചതിന്റെ രേഖകൾ ഇവിടെയുണ്ടെന്ന് കമ്മീഷനും വ്യക്തമാക്കി. ആ സാഹചര്യത്തിൽ എന്തിന് കള്ളം പറഞ്ഞുവെന്ന് ഇപ്പോൾ തന്നെ അദ്ദേഹത്തോട് വിളിച്ചു ചോദിക്കണൊ എന്നും കമ്മീഷൻ ചോദിച്ചു.

മുഖ്യമന്ത്രിയെ വീണ്ടും വിസ്തരിക്കണമെന്ന ഹർജി കമ്മീഷൻ പിന്നീടു പരിഗണിക്കുന്നതിനായി മാറ്റി. കൂടുതൽ തെളിവുകൾ പരിശോധിച്ച ഹർജി പരിഗണിക്കാമെന്ന് കമ്മീഷൻ അറിയിച്ചു. എന്നാൽ, ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ അഭിഭാഷകൻ എതിർപ്പ് അറിയിച്ചു. സർക്കാരും ഇക്കാര്യത്തിൽ എതിർപ്പറിയിച്ചിട്ടുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here