സൗദി വിഷന്‍ 2030 പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം; രാജകുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ സബ്‌സിഡി എടുത്തുമാറ്റും; ഇന്ധനവില കൂടിയാലും കുറഞ്ഞാലും പദ്ധതി നടപ്പാക്കും

റിയാദ്: സൗദി അറേബ്യയുടെ സാമ്പത്തിക പുരോഗതി ലക്ഷ്യമിട്ടുള്ള പുതിയ പദ്ധതിയായ സൗദി വിഷന്‍ 2030 പ്രഖ്യാപിച്ചു. നിലവിലുള്ള സമ്പദ് വ്യവസ്ഥ ഉടച്ചുവാര്‍ക്കുന്ന ദേശീയ പരിവര്‍ത്തന പദ്ധതിയുടെ കരടിന് മന്ത്രിസഭ അംഗീകാരം നല്‍കി.

എണ്ണയിതര വരുമാനത്തിലൂടെ രാജ്യത്തെ മുന്നോട്ട് നയിക്കാന്‍ സാധിക്കുമെന്ന് സൗദി ഉപകിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ വിഷന്‍ 2030 പ്രഖ്യാപിച്ച് കൊണ്ട് പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷം അല്‍അറബിയ്യ ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് പരിഷ്‌കരണ പദ്ധതികളുടെ വിശദാംശങ്ങള്‍ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ചത്.

സൗദിയുടെ സമഗ്ര വികസനവും സാമ്പത്തിക സുസ്ഥിരതയും ലക്ഷ്യമാക്കിയുള്ള പദ്ധതികളാണ് ഉപ കിരീടാവകാശി പ്രഖ്യാപിച്ചത്. എണ്ണയുടെ ആശ്രിതത്വത്തില്‍നിന്ന് സമ്പദ്ഘടനയെ മോചിപ്പിക്കുന്നതാണ് പുതിയ നയം. വിദേശികള്‍ക്ക് ദീര്‍ഘകാല താമസാനുമതി നല്‍കുന്ന ഗ്രീന്‍കാര്‍ഡ് അഞ്ചുവര്‍ഷത്തിനകം നടപ്പാക്കുമെന്ന് പ്രഖ്യാപനങ്ങളില്‍ പറയുന്നു.

രാജ്യത്തെ ഏറ്റവും വലിയ എണ്ണ ഉത്പാദക കമ്പനിയായ സൗദി അരാംകോയുടെ ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗ് ഷെയര്‍ വില്‍ക്കും എന്നതാണ് ഇതില്‍ പ്രധാനം. കൂടാതെ സൗദി സമ്പദ്ഘടനയുടെ ആണിക്കല്ലുമായ സൗദി അരാംകോയെ വിവിധോദ്ദേശ്യ വ്യവസായ സമുച്ചയമാക്കി മാറ്റും. 2020ഓടെ എണ്ണ വരുമാനമില്ലാതെ രാജ്യത്തിന് മുന്നേറാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധ മേഖലയില്‍ ആവശ്യമായ യുദ്ധോപകരണങ്ങള്‍ രാജ്യത്ത് നിര്‍മ്മിക്കും. ഇതിനായി നൂറു ശതമാനം നിക്ഷേപം നടത്തും. സാമ്പത്തിക അടിത്തറ ഭദ്രമാക്കുന്നതിന് രാജ്യത്തിന് പൊതുനിക്ഷേപ ഫണ്ട് രൂപികരിക്കും.

ഇന്ധനവില കൂടിയാലും കുറഞ്ഞാലും വിഷന്‍ 2030 നടപ്പാക്കും. 2020ഓടെ രാജ്യത്ത് 15 ദശലക്ഷം തീര്‍ത്ഥാടകരെത്തുമെന്നാണ് സൂചന. 2030ല്‍ ഇത് 30 ദശലക്ഷമായി ഉയരുമെന്ന യാഥാര്‍ഥ്യം മനസ്സിലാക്കിക്കൊണ്ടുള്ള ഹജ്ജ് ഉംറ തീര്‍ത്ഥാടക സേവന പദ്ധതിയാണ് വിഷന്‍ 2030ല്‍ ഉള്‍കൊള്ളിച്ചിരിക്കുന്നത്. നിക്ഷേപ, നിര്‍മാണ മേഖലകളില്‍ നിരവധി അവസരങ്ങള്‍ സൃഷ്ടിക്കാന്‍ സൗദിയെയും ഈജിപ്തിനെയും ബന്ധിപ്പിച്ച് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന കിങ് സല്‍മാന്‍ പാലം സഹായകമാവും.

സൗദി അരാംകോ ഉള്‍പ്പടെ ഇതര സമ്പാദ്യങ്ങള്‍ എകോപിപ്പിച്ച് പുന:രൂപികരിക്കുന്ന ധനശേഖരം രാജ്യത്തിന്റെ സുസ്ഥിര വികസനത്തിനും ക്ഷേമത്തിനും കരുത്ത് പകരും. സബ്‌സിഡികളുടെ എഴുപത് ശതമാനവും ഉപയോഗിക്കുന്നത് ധനികരാണ്. ഇത് ധൂര്‍ത്തടിക്കുകയാണ് പലരും. രാജകുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ സബ്‌സിഡി എടുത്തുമാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി. എണ്ണ വിലയിടിവിനെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം സൗദിയുടെ ബജറ്റില്‍ 9800 കോടി ഡോളറിന്റെ കമ്മി നേരിട്ടിരുന്നു. ഈ വര്‍ഷം ഇത് 8700 കോടി ഡോളര്‍ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here