മരങ്ങളെ പേടിക്കുന്ന കോൺഗ്രസേ; തണൽ മരം നടുന്നതിനെ പരാതി കൊടുത്ത് തടയുന്നത് എങ്ങനെ വിശേഷിപ്പിക്കണമെന്നറിയില്ല; എ.എ ഷുക്കൂറിന് തോമസ് ഐസകിന്റെ മറുപടി

ആലപ്പുഴ: തണൽമരം നട്ടുകൊണ്ട് തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപിക്കാൻ പോകാനുള്ള തീരുമാനത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നൽകിയ ഡിസിസി പ്രസിഡന്റ് എ.എ ഷുക്കൂറിന് തോമസ് ഐസക്കിന്റെ മറുപടി. “പത്തു തണൽമരങ്ങൾ നടുന്നത് പരാതി കൊടുത്തു തടയാൻ ശ്രമിക്കുന്നതിനെ എങ്ങിനെ വിശേഷിപ്പിക്കണമെന്നറിയില്ല. ഞാൻ പതിനായിരം തൈകൾ നടുമ്പോൾ എതിരാളികൾക്ക് ഇരുപതിനായിരം തൈകൾ നടാവുന്നതാണ്. അത്തരമൊരു പോരാട്ടവും അതിലൂടെ പാരിസ്ഥിതിക വിപ്ലവും തെരഞ്ഞെടുപ്പു പോരാട്ടത്തിനൊപ്പം ഞാനാഗ്രഹിക്കുന്നു. മരത്തൈകൾ സൗജന്യമായി നൽകുന്ന പരിപാടിയായിരുന്നില്ല ഇത്. പക്ഷേ,
അഞ്ചുവർഷംകൊണ്ട് മണ്ഡലത്തിലുടനീളം പത്തുലക്ഷം വൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കുമെന്ന നിശ്ചയദാർഢ്യത്തിന് മാറ്റമൊന്നുമില്ല. തെരഞ്ഞെടുപ്പുഫലം പ്രഖ്യാപിക്കുന്ന ദിവസം 25,000 പ്ലാവിൻതൈകൾ നട്ടുകൊണ്ടായിരിക്കും ഞങ്ങൾ വിജയം ആഘോഷിക്കുകയെന്നതിൽ ആർക്കും സംശയം വേണ്ടെന്നും” തോമസ് ഐസക് ഫേസ്ബുക്കിൽ കുറിച്ചു.

തോമസ് ഐസകിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം;

നാളെ വഴിച്ചേരിയിലെ വില്യം ഗുഡേക്കര്‍ കമ്പനി വളപ്പില്‍ ഒട്ടുപ്ലാവിന്‍തൈ നട്ടുകൊണ്ടാണ് ഞാന്‍ പത്രിക സമര്‍പ്പിക്കുന്നതിനായി പോകുന്നത്. മണ്ഡലത്തിലുടനീളം പതിനായിരം തൈകള്‍ നട്ടുകൊണ്ട് ഈ പരിപാടിയില്‍ കൂടുതല്‍ ജനകീയ പങ്കാളിത്തം ഉറപ്പാക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ ഇത്തരമൊരു പ്രവര്‍ത്തനത്തില്‍ ഭയചകിതരായ ചിലരുടെ പരാതിയെതുടര്‍ന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ അതിന് അനുമതി നിഷേധിച്ചിരിക്കുകയാണ്.
കേരളത്തിന്റെ പാരിസ്ഥിതികാരോഗ്യം സംരക്ഷിക്കുന്നതിന് നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായി പരിസ്ഥിതി ഐക്യവേദിയുടെ നേതൃത്വത്തിലാണ് വൃക്ഷത്തൈകള്‍ വിതരണം ചെയ്യുന്നതിനും അവ നടുന്നതിനുമുള്ള പരിപാടി തയ്യാറാക്കിയത്. ഇതിനായി അവര്‍ പതിനായിരം ഒട്ടുപ്ലാവിന്‍തൈകള്‍ തയ്യാറാക്കുകയും ചെയ്തു. ഈ പരിപാടിയാണ് ആലപ്പുഴ ഡിസിസി പ്രസിഡന്റിന്റെ പരാതിയെ തുടര്‍ന്ന് മുടങ്ങുന്നത്. പരാതിയിന്മേല്‍ തിരഞ്ഞെടുപ്പുകമ്മീഷന്‍ നല്‍കിയന് നോട്ടീസിന് ഞാന്‍ നല്‍കിയ മറുപടി ഇതാണ്:
“104 ആലപ്പുഴ എല്‍.എ.സിയില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ഥിയായി മല്‍‌സരിക്കുന്ന ഞാനോ എന്റെ പ്രതിനിധികളോ സൗജന്യമായി വൃക്ഷത്തൈകള്‍ (പ്ലാവിന്‍തൈകള്‍) വിതരണം ചെയ്യാന്‍ ഉദ്ദേശിച്ചിട്ടില്ല. ആലപ്പുഴ മണ്ഡലത്തെ ഒരു കാര്‍ബണ്‍ ന്യൂട്രല്‍ മണ്ഡലമായി മാറ്റുമെന്ന വാഗ്ദാനം ജനങ്ങളുടെ മുന്‍പാകെ എല്‍ഡിഎഫ് വച്ചിട്ടുള്ള പ്രകടനപത്രികയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഒരു അസംബ്ലി നിയോജക മണ്ഡലത്തെ ഇത്തരത്തില്‍ കാര്‍ബണ്‍ ന്യൂട്രല്‍ പ്രദേശമായി മാറ്റാനുള്ള പരിശ്രമം ആദ്യമാണ് എന്നതിനാല്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും ഇതില്‍ വലിയ താല്‍‌പര്യമായിട്ടുണ്ട്. പ്രശസ്ത കവയിത്രിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ സുഗതകുമാരി ടീച്ചറിന്റെ നേതൃത്വത്തിലുള്ള കേരള പരിസ്ഥിതി സൗഹൃദവേദി ഈ ലക്ഷ്യത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ആലപ്പുഴയില്‍ വൃക്ഷത്തൈകള്‍ നടുന്നതിന് നേതൃത്വം നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പരിസ്ഥിതി സൗഹൃദവേദിയാണ് ആലപ്പുഴയില്‍ പതിനായിരം പ്ലാവിന്‍തൈകള്‍ നട്ടുകൊണ്ട് വിപുലമായ വൃക്ഷവല്‍ക്കരണ പരിപാടിക്ക് തുടക്കം കുറിക്കുന്നത്. ഇത് സൗജന്യമായല്ല വിതരണം ചെയ്യുന്നതെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. വിലകൊടുത്ത് താല്‍പര്യമുള്ളവര്‍‌ക്ക് പ്ലാവിന്‍തൈകള്‍ വാങ്ങാനുള്ള ക്രമീകരണമാണ് പരിസ്ഥിതി സൗഹൃദവേദി ഒരുക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ കാര്‍ബണ്‍ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ വൃക്ഷവല്‍ക്കരണം നടത്തുകയെന്നത് ഒരു ദേശീയ ലക്ഷ്യമാണ് എന്നതിനാല്‍ വൃക്ഷവല്‍ക്കരണത്തിനുള്ള ശ്രമങ്ങള്‍ പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടതാണെന്ന് ഞാന്‍ കരുതുന്നു.
26.04.2016നാണ് ഞാന്‍ നാമനിര്‍‌ദ്ദേശപത്രിക സമര്‍പ്പിക്കുന്നത്. പ്ലാവിന്‍തൈകള്‍ നടത്തിനുശേഷമായിരിക്കും ഞാന്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുന്നത്. മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ തെരഞ്ഞെടുപ്പു ചട്ടലംഘനമോ നിയമലംഘനമോ അല്ലായെന്ന ഉത്തമവിശ്വാസമാണ് എനിക്കുള്ളത്. ആയതിനാല്‍ ഈ കാര്യങ്ങള്‍ക്ക് അനുമതി നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നു.”
എന്നോടൊപ്പം പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞനായ പ്രൊഫ. എം.കെ. പ്രസാദും മുന്‍മന്ത്രി ബിനോയ് വിശ്വവും പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്ലാവ് ജയനും ചേര്‍ന്ന് പ്ലാവിന്‍തൈകള്‍ നട്ട് പദ്ധതിക്കു തുടക്കമിടാനായിരുന്നു പരിപാടി. എന്തായാലും മുന്‍തീരുമാനപ്രകാരം നിശ്ചയിച്ചവരെല്ലാം ചേര്‍ന്ന് നാളെ പ്ലാവിന്‍തൈ നടും. പക്ഷേ തിരഞ്ഞെടുപ്പു കമ്മീഷന്‍ അനുമതി നല്‍കാത്തതിനാല്‍ ആളുകള്‍ക്ക് തൈകള്‍ വാങ്ങാനുള്ള സൗകര്യം ഏര്‍പ്പെടുത്താന്‍ തല്‍ക്കാലം നിര്‍വ്വാഹമില്ല.
ഈ പദ്ധതി ചിലരെ ഭയപ്പെടുത്തുന്നതിന്റെ കാരണം എനിക്ക് എത്രയാലോചിച്ചിട്ടും മനസ്സിലാകുന്നില്ല. ഏതെങ്കിലും തരത്തില്‍ വോട്ടര്‍മാര്‍ക്ക് സൗജന്യം നല്‍കി പ്രലോഭിപ്പിക്കുന്ന പരിപാടിയല്ലിത്. കേരളത്തിലുടനീളം തണല്‍പടര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗം മാത്രമാണ്. ഞാന്‍ പതിനായിരം തൈകള്‍ നടുമ്പോള്‍ എതിരാളികള്‍ക്ക് ഇരുപതിനായിരം തൈകള്‍ നടാവുന്നതാണ്. അത്തരമൊരു പോരാട്ടവും അതിലൂടെ പാരിസ്ഥിതിക വിപ്ലവും തെരഞ്ഞെടുപ്പു പോരാട്ടത്തിനൊപ്പം ഞാനാഗ്രഹിക്കുന്നു. പക്ഷേ, പത്തു തണല്‍‌മരങ്ങള്‍ നടുന്നത് പരാതികൊടുത്തു തടയാന്‍ ശ്രമിക്കുന്നതിനെ എങ്ങിനെ വിശേഷിപ്പിക്കണമെന്നറിയില്ല. എന്റെ തെരഞ്ഞെടുപ്പു പ്രചരണത്തിന് തുടക്കംകുറിച്ചുകൊണ്ടുള്ള ശുചീകരണപ്രവര്‍ത്തനത്തിനെതിരേയും പരാതിപ്പെട്ടവര്‍ ഉണ്ടെന്നത് ഓര്‍ക്കുന്നു. എന്തായാലും പരിസ്ഥിതിയുമായി ബന്ധപ്പെട്ട എന്റെ പ്രവര്‍ത്തനങ്ങള്‍ തുടരുകതന്നെ ചെയ്യും. അത് തെരഞ്ഞെടുപ്പു കാലത്തും അല്ലാത്തപ്പോഴും ഒരുപോലെയാണ്. അഞ്ചുവര്‍ഷംകൊണ്ട് മണ്ഡലത്തിലുടനീളം പത്തുലക്ഷം വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കുമെന്ന നിശ്ചയദാര്‍ഢ്യത്തിന് മാറ്റമൊന്നുമില്ല. തിരഞ്ഞെടുപ്പുഫലം പ്രഖ്യാപിക്കുന്ന ദിവസം 25000 പ്ലാവിന്‍തൈകള്‍ നട്ടുകൊണ്ടായിരിക്കും ഞങ്ങള്‍ വിജയം ആഘോഷിക്കുകയെന്നതില്‍ ആര്‍ക്കും സംശയം വേണ്ട.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here